#നിരീക്ഷണം

മിച്ചഭൂമിസമരവും വിഎസും

സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായ മിച്ചഭൂമി സമരത്തെ സിപിഐ നേതാവ് ചന്ദ്രപ്പൻ വിശേഷിപ്പിച്ചത്, 'അച്യുതമേനോന്‍ സർക്കാര്‍ ഭൂപരിഷ്‌കരണനിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോൾ സര്‍ക്കാരിനോട് അന്ധമായ രാഷ്ട്രീയവിരോധം വെച്ചുപുലര്‍ത്തിയ അന്നത്തെ പ്രതിപക്ഷം മതിലുചാട്ടവും വേലികെട്ടലുമുള്‍പ്പെടെയുള്ള ചില സമരപ്രഹസനങ്ങള്‍' നടത്തിയതായാണ്. ഇതോടൊപ്പം തന്നെ സിപിഎമ്മിനെ ചൊടിപ്പിക്കാന്‍ മറ്റു പല പരാമര്‍ശങ്ങളും ചന്ദ്രപ്പന്‍ നടത്തിയിരുന്നു. ഇതിന്റെ ഒക്കെ പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കള്‍‌ ചന്ദ്രപ്പനെതിരെ രംഗത്ത് വന്നത്.

എന്നാല്‍ അവരില്‍ പലരും ഫോക്കസ് ചെയ്തത് ലാവ്ലിന്‍ കേസിലും ഇവന്റ് മാനേജ്മെന്റ് വിവാദത്തിലുമാണ്. പ്രത്യക്ഷത്തില്‍ പിണറായി വിജയനും ഔദ്യോഗിക നേതൃത്വത്തിനും എതിരെ ഉന്നയിക്കപ്പെട്ട രണ്ട് പ്രധാന സംഗതികളില്‍ മാത്രം ഊന്നിയാണ് ഈ വിവാദം ക്ലച്ചു പിടിച്ചത്. എന്തുകൊണ്ടോ മിച്ചഭൂമി സമരത്തെപ്പറ്റി ഉള്ള ചന്ദ്രപ്പന്റെ വിമര്‍ശനം ശ്രദ്ധിക്കപ്പെടാതെ പോയി. അല്ലെങ്കില്‍ ആ വിവാദം വച്ച് കളിക്കാനുള്ള കോമൺ‌ സെന്‍സ് സിപിഎം നേതക്കള്‍ക്ക് ഇല്ലതെ പോയി.

ലാവ്ലിന്‍ കേസ് പിണറായിക്കും ഇവന്റ് മാനേജ്മെന്റ് വിവാദം പൊതുവില്‍ സിപിഎം ഔദ്യോഗിക പക്ഷത്തിനും എതിരാണെങ്കില്‍ മിച്ചഭൂമി സമരപരിഹാസം വിഎസിനെതിരെയാണ് എന്ന് കാണാന്‍ കഴിയും. വിഎസിന്റെ സമര പാരമ്പര്യത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നാണ് മിച്ചഭൂമി സമരം. സമരം നടക്കുമ്പോള്‍ കര്‍ഷകസംഘം നേതാവുകൂടിയായിരുന്നു, വിഎസ്. ആ മിച്ചഭൂമി സമരത്തെ അധിക്ഷേപിച്ച ചന്ദ്രപ്പനെ വിമര്‍ശിക്കാന്‍ വിഎസോ വിഎസ് പക്ഷക്കാര്‍ എന്ന് പറഞ്ഞ് ചാനലുകള്‍‌ നിരങ്ങുന്നവരോ തയ്യാറായിട്ടില്ല എന്നത് കൗതുകകരമാണ്. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ മറുപടി പ്രസംഗത്തിന്റെ ടോണില്‍ പറഞ്ഞ പ്രസംഗത്തിലും വി.എസ് മിതത്വം പാലിച്ചു. എന്ന് മാത്രമല്ല

"പരസ്പരം താറടിക്കുന്നതില്‍ നിന്നും പിന്മാറണം. ‘ഇനിയും ഭാവിയിലും നിങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയുന്ന ഒരു കക്ഷിയെ താറടിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്കു നല്ലതല്ല.’ പരസ്പരം സഹകരിക്കേണ്ട പ്രസ്ഥാനങ്ങള്‍ തമ്മില്‍ താറടിക്കുന്നത് ദോഷം ചെയ്യും. പരസ്പരം വെല്ലുവിളിക്കാതെ ഇടതു കക്ഷികള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഇത് എല്ലാവരോടുമുള്ള അഭ്യര്‍ഥനയാണ്."