#നിരീക്ഷണം

ആലോചനയ്ക്കു തീ മൂട്ടാന്‍ ഈ അടുക്കള

23 Feb, 2012

ഈയിടെ ബാംഗ്ലൂരിലെ ഒരു സുഹൃത്തിനെയും ഭാര്യയെയും അവരുടെ മൂന്നു ബെഡ്റൂം ഫ്ലാറ്റിൽ സന്ദർശിക്കുകയുണ്ടായി. ഫ്ലാറ്റ് വാടകയ്ക്കെടുത്തതാണ്. വീടിനെ സംബന്ധിച്ച് അവനേറ്റവും ഇഷ്ടമായത് ലിവിങ്ങ് റൂമിനും അടുക്കളയ്ക്കും ഇടയില്‍ അരമതില്‍ മാത്രമേ ഉള്ളൂ എന്നതാണെന്ന് സംഭാഷണമധ്യേ അവൻ പറയുകയുണ്ടായി.

സാധാരണ ഇന്ത്യന്‍ വീടുകളില്‍ കാണാത്ത ഒരു ഡിസൈനാണ് ലിവിങ് റൂമിനോട്‌ ചേര്‍ന്ന് ഒരു അരമതിനിലാല്‍ മാത്രം മറയ്ക്കപ്പെട്ട അടുക്കള(സ്ഥലപരിമിതി അനുഭവപ്പെടുന്ന നഗരങ്ങളിലെ ഫ്ലാറ്റുകളില്‍ പോലും). പാശ്ചാത്യരാജ്യങ്ങളിലാകട്ടെ ഇത് അന്യത്ര സാധാരണവുമാണ് (പുതിയ വീടുകളില്‍ പലപ്പോഴും അരമതില്‍ പോലും ഉണ്ടാവാറില്ല). ശരാശരി കേരളീയഭവനങ്ങളില്‍ , പ്രത്യേകിച്ചും പഴയ വീടുകളില്‍, അടുക്കള ഏറ്റവും അറ്റത്തെ ഒരു മൂലയിലാണ് സാധാരണ കാണാറ്.

ലിവിങ് റൂം എന്നത് താരതമ്യേന പുതിയ സങ്കല്‍പമാണ്. പഴയ വീടുകളില്‍ വരാന്തയിലാണ് ജീവിതവും സരസ സംഭാഷണങ്ങളും അരങ്ങേറാറുള്ളത്. അല്ലെങ്കില്‍ ഒരു ആപ്പീസ് മുറി. ഇവിടവും അടുക്കളയും തമ്മിലുള്ള ദൂരം മിക്കപ്പോഴും പരമാവധി ആയിരിക്കും.

അടുക്കളയിലെ ശമ്പളരഹിതമായ നിര്‍ബന്ധിത വേലയ്ക്ക് വിധിക്കപ്പെട്ടവര്‍ (അതായത് സ്ത്രീകൾ തന്നെ) വീട്ടിലെ മിക്ക പ്രധാനസംഭവങ്ങളില്‍ നിന്നും സരസസംഭാഷണങ്ങളില്‍ നിന്നും കളിചിരികളില്‍ നിന്നും ദൂരെ മാറി കഴിയേണ്ടിവരിക എന്നതായിരുന്നു പതിവ്.