#ഫിലിം റിവ്യൂ

ഈ അടുത്ത കാലത്ത്‌ - ബുദ്ധിജീവികളേ അതിലേ ഇതിലേ...

04 Mar, 2012

മലയാളം അഭ്രപാളി പൂർണമായും മൾട്ടിപ്ലക്‌സ്‌ യുഗത്തിനുവേണ്ടി ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ വിളംബരമാണ്‌ മുരളി ഗോപി രചന നിര്‍വഹിച്ച്‌ അരുൺ കുമാര്‍ അരവിന്ദ്‌ സംവിധാനം ചെയ്‌തിരിക്കുന്ന ഈ അടുത്ത കാലത്ത്‌ എന്ന ചിത്രം. ഈ അടുത്ത കാലത്ത്‌ തുടങ്ങിയ മള്‍ട്ടിപ്ലക്‌സ്‌ വിപ്ലവം പൊടുന്നനെയാണ്‌ മലയാളത്തിൽ ഒരു നവതരംഗമായി അലയടിച്ചുയര്‍ന്നത്‌. ട്രാഫിക്കിലായിരിക്കണം അതിന്റെ തുടക്കം. തുടര്‍ന്ന്‌ ചാപ്പാ കുരിശ്‌, സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, കോക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളുടെ രൂപഭാവശില്‌പങ്ങളും അവ ബോക്‌സോഫീസില്‍ നേടിയ വിജയങ്ങളും ബുദ്ധിജീവിവൃത്തങ്ങളിലും സി.ഡി.വിപണിയിലും നേടിയ സ്വീകാര്യതയും ഇപ്പോള്‍ ഇതാ ഈ അടുത്ത കാലത്ത്‌ എന്ന ചിത്രത്തിലെത്തിനില്‍ക്കുന്നു.

ഈ മള്‍ട്ടിപ്ലക്‌സ്‌ ചിത്രങ്ങള്‍ ലോകത്തൊട്ടാകെ ഇത്തരം തരംഗങ്ങളില്‍ സൃഷ്‌ടിച്ച ചില മൗലികമായ ഗുണവശങ്ങളെ പിൻപറ്റുന്നുണ്ട്‌. താരങ്ങളെ, താരവൃന്ദത്തെ നിരാകരിക്കുകയോ താരങ്ങളുടെ താരപരിവേഷത്തെ നിഷേധിക്കുകയോ ചെയ്യുന്ന കഥാപാത്രങ്ങളും കഥയും, നായകന്‍, വില്ലന്‍, നായിക, ഉപനായിക തുടങ്ങിയ സാമ്പ്രദായിക ജനപ്രിയ രീതികളും ജനപ്രിയ ഫോര്‍മുലയില്‍ പടച്ചെടുത്ത ഇതിവൃത്തവും ആഖ്യാനരീതിയും ഉപേക്ഷിക്കുക, തീര്‍ത്തും ലളിതമെന്നു തോന്നിപ്പിക്കുന്ന ഇതിവൃത്തങ്ങളിലൂടെ സമകാലികസംഭവവികാസങ്ങളെ രേഖപ്പെടുത്തുകയും നിത്യജീവിതത്തോട്‌ അടുത്തുനില്‍ക്കുന്നതും മദ്ധ്യവര്‍ത്തിജീവിതത്തെ അടയാളപ്പെടുത്തുന്നതുമായ പ്രമേയങ്ങളെ ചിത്രവല്‍ക്കരിക്കുകയും ചെയ്യുക, സംഘട്ടനങ്ങളെയും തലയ്‌ക്കുമുകളില്‍ പോകുന്ന ഇടിവെട്ടു സംഭാഷണങ്ങളെയും മരംചുറ്റിപ്പാട്ടുകളെയും മറ്റു ജനപ്രിയചേരുവകളെയും വേണ്ടെന്നു വയ്‌ക്കുക തുടങ്ങിയ പല കാര്യങ്ങളും ഏകതാനമായി നീങ്ങുന്ന ഏതൊരു ജനപ്രിയചലച്ചിത്രവ്യവസായത്തിലും നവംനവങ്ങളെന്ന പ്രതിച്ഛായ മള്‍ട്ടിപ്ലക്‌സ്‌ ചിത്രങ്ങള്‍ക്കു നല്‌കുന്നുണ്ട്‌. ഇതേ കാരണങ്ങളാലാണ്‌ ബുദ്ധിജീവികളും ഇത്തരം ചിത്രങ്ങളെ അംഗീകരിക്കുകയും പുകഴ്‌ത്തുകയും ചെയ്യുന്നത്‌.

എന്നാല്‍, പ്രഖ്യാപിതബുദ്ധിജീവികള്‍ മുതല്‍ അപ്രഖ്യാപിത ബുദ്ധിജീവികളായ പ്രേക്ഷകരിലെ ഒരു വിഭാഗം വരെയുള്ളവരെല്ലാം ഒരേ സ്വരത്തില്‍ ഇത്തരം ചിത്രങ്ങളെ പുകഴ്‌ത്തി പുളകം കൊള്ളുന്നു എന്നും നമുക്കു ധരിക്കുക വയ്യ. സത്യം പറഞ്ഞാല്‍ സിനിമകാണുന്നവരില്‍ അഭിപ്രായം പറയുകയും അത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയൊന്നടങ്കം വിപുലമായ അര്‍ത്ഥത്തില്‍ ബുദ്ധിജീവികളെന്നു വിളിക്കുകയാണെങ്കില്‍, ഇത്തരം ചിത്രങ്ങള്‍ ബുദ്ധിജീവികളെ രണ്ടുതട്ടിലാക്കുന്ന, ചിലപ്പോള്‍ മൂന്നുതട്ടിലാക്കുന്നവയാണെന്നും പറയാം. ആ നിലയ്‌ക്ക്‌ ബുദ്ധിജീവികളേ, അതിലേ ഇതിലേ എന്ന ആശയക്കുഴപ്പത്തിന്റെ ഒരു ആഹ്വാനം കൂടിയാണ്‌ ഈ ചിത്രങ്ങള്‍. ബുദ്ധിജീവികളെ പലപാടു പായിക്കുകയും പല തട്ടിലാക്കുകയും ചെയ്യുന്ന പുതിയൊരു മാതൃകയത്രേ ഈ അടുത്ത കാലത്ത്‌. ഈ ബഹുസ്വരതയെ ബഹുതലത്തില്‍ ബഹുമാനിക്കാതെ വയ്യ.