#കപടവാർത്ത

കടലില്‍ വെടി, ഇടി, കൊല... വെയ് രാജാ വെയ്...

01 Mar, 2012

ഇതിപ്പോൾ കപ്പല് മുതലാളിമാരുടെ കാലമാണ്... റോഡിലൂടെ പോകുന്ന സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ബെൻസ് പോലെ കടലിൽ ചെറുവള്ളങ്ങളെ ഇടിച്ചിട്ടും, വെടിവെച്ചും അര്‍മ്മാദിക്കുന്ന കപ്പല് മുതലാളിമാരുടെ കാലം. ഇക്കണ്ട കപ്പലിനൊക്കെ വെടി വെച്ചും ഇടിച്ചും കളിക്കാന്‍ ഈ കേരള തീരം മാത്രമേ കണ്ടുള്ളുവോ എന്റെ കര്‍ത്താവേ എന്ന് ഉമ്മന്‍ ചാണ്ടി മനസ്സില്‍ പറയുന്നുണ്ടാകും. പിറവം തെരഞ്ഞെടുപ്പാണെങ്കില്‍ ഇങ്ങെത്താറുമായി. പണ്ടൊരു കപ്പല്‍ വന്നതിന്റെ കേട് ഇതുവരെ മറന്നിട്ടില്ല. കപ്പല്‍ വന്നതും കെ വി തോമസ്‌ തോറ്റതും ഒന്നും അങ്ങനെ പെട്ടെന്ന് മറക്കാന്‍ പറ്റുമോ?

പിണറായിയും കൂട്ടരും ആ ഇറ്റാലിയന്‍ കപ്പലില്ലേ, അത് വലിച്ചു പിറവത്തേക്ക് അടുപ്പിക്കാന്‍ പോയതാ... കഷ്ടകാലത്തിനു ആ കപ്പല്‍ നമ്മുടെ സോണിയാജിയുടെ നാട്ടിലേതും ആയിപ്പോയി. ഒരു വിധത്തില്‍ വെടി വച്ചവരെ കൊച്ചിയില്‍ കൊണ്ട് വന്നു പോലീസ് കസ്റ്റഡിയില്‍ വയ്ക്കാനെങ്കിലും പറ്റി. അവര്‍ക്ക് വലിക്കാനുള്ള സിഗരറ്റും ചെമ്മീന്‍ റോസ്റ്റും ഒക്കെ കൊടുക്കുന്നത് കൊണ്ട് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു. നമ്മുടെ കമ്മീഷണര്‍ സാറിനു ജീന്‍സും ടീഷര്‍ട്ടും ഒക്കെയിട്ട് ഒന്ന് ഷൈന്‍ ചെയ്യാനും പറ്റി. വാര്‍ത്തകള്‍ ഒന്നുമില്ലാതിരുന്ന പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കുറെ ദിവസങ്ങള്‍ കഴിഞ്ഞു കൂടാനുള്ള വകയും കിട്ടി. ചുരുക്കത്തില്‍ എല്ലാര്‍ക്കും ലാഭം മാത്രം. നഷ്ടം മരിച്ചവരുടെ കുടുംബക്കാര്‍ക്ക് മാത്രം...

അങ്ങനെ ഇറ്റാലിയന്‍ കപ്പല്‍ ബാധ ഒഴിഞ്ഞു പോകുന്നത് കണ്ട് പിറവത്തേക്ക് പോകാമെന്ന് വച്ചപ്പോഴാണ് ദേ അടുത്തത്. എങ്ങു നിന്നോ വന്ന ഒരു കപ്പല്‍ മീന്‍ പിടിച്ചോണ്ടിരുന്ന ബോട്ടിനെ ഇടിച്ചു പൊളിച്ചിരിക്കുന്നു. രണ്ട് പേര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നു പേരെപ്പറ്റി ഒരു വിവരവുമില്ല. നമ്മുടെ പോലീസും കോസ്റ്റ് ഗാര്‍ഡും വളരെ സജീവമായത് കൊണ്ട് കപ്പലിന് വേഗം രക്ഷപെടാന്‍ സാധിച്ചു. ഇടിച്ച കപ്പലിനെ പിടിക്കാന്‍ സത്യമായിട്ടും നമ്മുടെ കോൺസ്റ്റബിള്‍ കുട്ടന്‍ പിള്ളയും കൂട്ടുകാരും പോവാന്‍ ഒരുങ്ങിയതാ. പക്ഷെ അവര്‍ കേറിയ പോലീസ് ബോട്ടിന്റെ സ്രാങ്ക് പറയുവാന്നെ ഈ ബോട്ട് പോകില്ലെന്ന്. അതിനു ഡീസലില്ലെന്നോ ടയര്‍ പഞ്ചറാണെന്നോ ഒക്കെ പറയുന്നത് കേട്ടു. ബോട്ട് ഓടിയിരുന്നേല്‍ അമ്മച്ചിയാണേ സത്യം ആ കപ്പല്‍ ഞങ്ങള്‍ പിടിച്ചു വലിച്ച് കൊച്ചിയില്‍ കൊണ്ട് വന്നേനെ. ഒന്നുമില്ലേലും നമ്മുടെ ഇറ്റാലിയന്‍ കപ്പലിന് ഒരു കൂട്ടെങ്കിലുമായേനെ. പക്ഷെ അവനോടൊക്കെ കടലമ്മ ചോദിച്ചോളും. കടലിന്റെ നേരിന് നിരക്കാതതല്ലേ അവന്മാര് ചെയ്തത്.

പക്ഷെ ഒരു കാര്യം ഞങ്ങള്‍ ചെയ്തു കേട്ടോ. കപ്പല്‍ കിട്ടിയില്ലേല്‍ എന്താ, കേസേടുത്തില്ലേ... അതും അലക്ഷ്യമായി കപ്പലോടിച്ചതിനു തന്നെ കേസെടുത്തു. ഇനി ഒരു കാര്യം കൂടി തെളിഞ്ഞാല്‍ മതി; കപ്പല്‍ ഓടിച്ച ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് മാത്രം. അതിനായി അവനെ കിട്ടിയാല്‍ അവനെക്കൊണ്ട് ഒന്ന് ഊതിപ്പിക്കും. എങ്ങാനും അവന്‍ വെള്ളമടിച്ചിട്ടുണ്ടേല്‍ ഉറപ്പാണേ, അവന്റെ ലൈസന്‍സ് വരെ ഞങ്ങള്‍ കട്ടാക്കും. അവനെ ലോക്കപ്പില്‍ ഇടാനുള്ള വകുപ്പൊക്കെ അതുമതി. ഇനി വല്ല ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരും ഇറക്കി കൊണ്ട് പോയാല്‍ മാത്രമേ അവന്‍ രക്ഷപെടൂ. അല്ലേല്‍ ഈ നാട്ടിലെ സകല തേങ്ങാ മോഷണം വരെ അവനെക്കൊണ്ട് ഞങ്ങള്‍ സമ്മതിപ്പിച്ചിരിക്കും.