#ആത്മീയം

ഗോക്രി കാണാത്ത യഹോവമാര്‍

05 Mar, 2012

[മുന്നറിയിപ്പ്: IISH ഡയറക്ടറായ എൻ ഗോപാലകൃഷ്ണന്റെ പുതിയ വീഡിയോകളുടെ പശ്ചാത്തലത്തിൽ ഡോ. സൂരജ് എഴുതിയ പ്രതികരണമാണ് ചുവടെ. രൂക്ഷമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ലേഖനത്തില്‍ സഭ്യേതരമെന്നു വിവക്ഷിക്കപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും അടങ്ങിയിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള ലേഖകന്റെ സമീപനം പരിപൂര്‍ണ്ണമായും വെളിപ്പെടുത്തുന്നതിന് തെരുവിലുപയോഗിക്കുന്ന ഭാഷ ആവശ്യമാണെന്നു ലേഖകന്‍ കരുതുന്നതിനാലും മതങ്ങളേയും മതചിഹ്നങ്ങളേയും കടന്നാക്രമിക്കുക എന്ന രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമായുമാണ്, നിരീശ്വരവാദിയായ ലേഖകന്‍ ഇത്തരം ഭാഷ സ്വീകരിച്ചിരിക്കുന്നത്. അത് വായനക്കാരില്‍ ചിലരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പ്രയോഗങ്ങളോട് അരുചി തോന്നുന്ന വായനക്കാര്‍ ഈ ലേഖനം തുടര്‍ന്നു വായിക്കാതെയിരിക്കുക - എഡിറ്റര്‍]

ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്‍) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1 ; link 2; link 3; link 4). നല്ല ഒന്നാം‌ക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓൺ‌ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന  ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന്‍ വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.

ഇപ്പോള്‍ അണ്ണന്‍ ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല്‍ തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന്‍ വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര്‌ കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന്‍ പറഞ്ഞ് വരുന്നതിന്റെ സാരം.

യഹോവ ക്രൂരനായ - പ്ലേഗും യുദ്ധവും കെടുതിയും പരത്തുന്ന - ദൈവമായിട്ടാണു പഴയനിയമത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നത് ഒരു നിരീശ്വരനെന്ന നിലയ്ക്ക് ഇതെഴുതുന്നയാളും സമ്മതിക്കുന്ന കാര്യം തന്നെ. എന്നാല്‍ ഹിന്ദുദൈവ സങ്കല്പം ഇതില്‍ നിന്ന് തരിമ്പും വ്യത്യാസപ്പെടില്ല എന്നതാണു സത്യം. സാംഖ്യദര്‍ശനത്തിന്റെ ചില കൈവഴികളാണു ഹൈന്ദവമെന്ന് പറയാവുന്ന ദൈവ സങ്കല്പങ്ങളില്‍ അരൂപിയായ ഒരു പ്രപഞ്ച പ്രജ്ഞയെ ദൈവമായി കാണുന്നത്. ബാക്കിയുള്ള സങ്കല്പങ്ങള്‍ നോക്കിയാല്‍ മനുഷ്യനേക്കാള്‍ മ്ളേച്ഛമായ നിലയിലാണു ദൈവങ്ങളുടെ പകയും പ്രതികാരവും അതിനു മനുഷ്യനെ കരുവാക്കലുമൊക്കെ. ഇന്ത്യയിലെ നിയോബ്രാഹ്മണിക്കല്‍ റിവൈവലിസത്തിന്റെ കാതല്‍-ആശയങ്ങളിലൊന്നെന്ന് പറയാവുന്ന സോ കോള്‍ഡ് "സര്‍‌വസം‌ഗപരിത്യാഗ"ത്തിന്റെ നേരേ മറ്റേ അറ്റത്താണു  കാമക്രോധലാഭമോഹാദികളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പല ദൈവങ്ങളും എന്ന്‌ പുരാണങ്ങളോ ബ്രാഹ്മണങ്ങളോ ഒന്ന് പരതിയാല്‍ കാണാം.