#സിനിമ

ചിരിക്കാനറിയാത്ത ചില മനുഷ്യരുടെ ഒളിവിടങ്ങള്‍

04 Apr, 2012

'സെങ്കടൽ' എന്ന സിനിമകൊണ്ട് ലീന മണിമേഖല എന്ന സംവിധായിക വിജയിച്ചിരിക്കുന്നത് മൂന്ന് കാര്യങ്ങളിലാണ്. ഒന്ന്, അവരുടെ ആദ്യ ഫീച്ചർ ഫിലിം. രണ്ട്, സംവിധായികയായും നായികയായുമുള്ള അവരുടെ ഇടപെടലുകൾ. മൂന്ന്, വസ്തുതകളും സങ്കല്പങ്ങളുമുപയോഗിച്ച് ഒരു നല്ല മിശ്രിതമുണ്ടാക്കുന്നതിലെ സാമര്‍ത്ഥ്യം. ഇവയെല്ലാമാണ് ലീന എന്ന സംവിധായികയെ ആദ്യനോട്ടത്തില്‍ നോക്കുമ്പോള്‍ ഈ ചിത്രത്തിലൂടെ നാം കാണുന്ന പ്രധാനവസ്തുതകള്‍.

ഈ സിനിമയിലെ ഓരോ സീനിലും വരുന്ന കഥാപാത്രങ്ങള്‍ സംവിധായികയുടെ ഓരോ കണ്ടെത്തലുകളാണ്. ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ പലായനവും ഇന്ത്യയിലേക്കുള്ള കുടിയേറ്റവും മാത്രമല്ല സെങ്കടല്‍ എന്ന സിനിമ നമുക്ക് ദൃശ്യവത്കരിച്ച് തരുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ ശ്രമങ്ങളും, എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ ശ്രമിക്കുന്ന ചില മനുഷ്യരുടെ വേദനിപ്പിക്കുന്ന കുറെ കാഴ്ചകളും ഇതിലൂടെ നമുക്ക് മുന്നില്‍ വെളിവാക്കപ്പെടുന്നു. അവിശ്വസനീയമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ജനത നേരിടുന്ന പ്രശ്നങ്ങളെ സത്യസന്ധമായ രീതിയില്‍ സമീപിച്ച സംവിധായിക, അതിനോട് കൂടെ യാഥാര്‍ത്ഥ്യത്തിനപ്പുറമുള്ള കഥകള്‍ കൂടി ചേര്‍ത്തതോടെ ഈ സിനിമ കുടിയേറ്റജനതയുടെ വര്‍ത്തമാനകാല ജിവിതത്തില്‍ നിന്ന് കുറച്ചെങ്കിലും അകലം പാലിക്കുന്നുണ്ടോ എന്നൊരു സംശയം ലേഖകന് ഇല്ലാതില്ല.

മത്സ്യബന്ധന തൊഴിലാളികളുടെ സകലപ്രശ്നത്തിലും ശ്രീലങ്കന്‍ നാവികസേന ഇടപെടുകയും, അഭയാര്‍ത്ഥികളായവരെ പിടികൂടി അവരെ വധിക്കുകയും ചെയ്യുന്നു എന്ന സത്യം സംവിധായിക ഈ ചിത്രത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടി, പുതിയ ജീവിതം കെട്ടിപ്പടുക്കുന്ന സ്വപ്നവുമായി കടലിലേക്ക് പോവുന്ന പുരുഷന്മാര്‍ മൃതദേഹങ്ങളായിട്ടാണ് കരയിലേക്ക് മടങ്ങിയെത്തുന്നത്. അവരുടെ മക്കളും, സഹോദരിമാരും, ഭാര്യമാരും കണ്ണീരൊഴുക്കി വിലപിക്കുന്ന കാഴ്ച ഏത് മനുഷ്യനെയാണ് ഒന്ന് നോവിക്കാതെ കടന്നുപോവുക?