#നിരീക്ഷണം

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്?

04 Apr, 2012

പെൻഷന്‍ പ്രായം ഉയർത്താനുളള സര്‍ക്കാര്‍ തീരുമാനം വന്നപ്പോൾ, അതിനെ ന്യായീകരിച്ച് കൊണ്ട് രണ്ട് വാദങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. കേരളത്തിന് വെളിയിൽ പല സംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58 ഉം 60 ഉം ഒക്കെയാണെന്നും എന്ത്കൊണ്ട് കേരളത്തില്‍ 56 പോലും അംഗീകരിക്കപ്പെടുന്നില്ലെന്നുമായിരുന്നു അതിലാദ്യത്തേത്. പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ ഡി.വൈ.എഫ്.ഐ ആയതിനാല്‍ ബംഗാളിലേയും ത്രിപുരയിലേയും കാര്യം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 55 വയസ്സ് എന്നത് നല്ല ആരോഗ്യമുളള പ്രായമാണെന്നും ജീവനക്കാരുടെ നല്ല പ്രായത്തിലെ സേവനം ഒന്നോ രണ്ടോ വര്‍ഷം കൂടി സമൂഹത്തിന് ഉപയോഗപ്പെടുത്തിക്കൂടേ എന്നുമായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിന് ബലം നല്‍കാനായി, മുഖ്യമന്ത്രി തൊട്ട് പഞ്ചായത്ത് മെമ്പര്‍ വരെയുളളവര്‍ക്ക് എന്ത്കൊണ്ട് പ്രായപരിധി നിശ്ചയിക്കുന്നില്ല എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു.

മേല്‍പറഞ്ഞ പ്രധാനവാദങ്ങള്‍ക്ക് പുറമേ അനുബന്ധമായി വേറെ ചില കാര്യങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പെന്‍ഷന്‍ ഏകീകരണം തൊട്ട്, ചില നേതാക്കളുടെ ഭാര്യമാര്‍ വിരമിക്കുന്നത് 58 വയസിലാണെന്ന വലിയ കണ്ടെത്തലുകളും അവയില്‍പ്പെടുന്നു. ചുരുക്കത്തില്‍, ബഹുതല സ്പര്‍ശിയായ ഒരു സാമൂഹ്യപ്രശ്നത്തെ അങ്ങേയറ്റം ലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുക വഴി യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കേരളം ഒരടി കൂടി പിറകോട്ട് നടന്നു എന്നതാണ്; ആര്‍പ്പുവിളികള്‍ക്കിടയില്‍ പലരും അത് ശ്രദ്ധിച്ച് കാണുകയില്ല എങ്കിലും.

എത്ര ഉള്‍ക്കാമ്പില്ലാത്തവയാണെങ്കിലും ഓരോ എതിര്‍വാദങ്ങളും അവധാനതയോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. അങ്ങിനെയുളള പരിശോധനയില്‍ ബോധ്യമാകുന്ന ചില കാര്യങ്ങള്‍ തീര്‍ച്ചയായും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ടതുമുണ്ട്.