#കപടവാർത്ത

വിഎസിനെ പിബിയില്‍ എടുക്കാത്തതിനു പിന്നില്‍ ചാണക്യ തന്ത്രം

കോഴിക്കോട്: രാഷ്ടീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും ഒരു പോലെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വിഎസിന്റെ പിബി പ്രവേശനം ജലരേഖയായതിനു പിന്നിൽ ഉന്നത തല ഗൂഢാലോചന നടന്നതായി സംശയിക്കപ്പെടുന്നു. ദേശീയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടും വി എസ് അച്യുതാനന്ദനും തമ്മില്‍ തന്നെയാണ് ഇതിനുള്ള കരുനീക്കങ്ങൾ നടന്നത് എന്നതിനെ അത്ഭുതത്തോടെയാണ് രാഷ്ടീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.

പിബിയില്‍ തിരിച്ചെടുത്തിരുന്നുവെങ്കില്‍ വിഎസിനു പാര്‍ട്ടി അച്ചടക്കത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടി വരുമായിരുന്നു. കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന്റെ പാര്‍ട്ടി വിരുദ്ധവും പ്രത്യയശാസ്ത്രവിരുദ്ധവുമായ നടപടികള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിനു വേണ്ടി കുന്തമുനയായി പ്രവര്‍ത്തിക്കുവാൻ വിഎസിനു കഴിയാതെ വരുമായിരുന്നു. സര്‍വതന്ത്ര സ്വതന്ത്രരായി കേരളത്തിലെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ വിലസുന്നത് കാരാട്ടിന്റെ അധികാരത്തിനു നേരെയുള്ള വാളായി മാറാന്‍ ഇടയുണ്ടെന്ന് മുന്‍‌കൂട്ടി കണ്ട കാരാട്ട് അതിനെതിരെ വിഎസുമായി ചേര്‍ന്ന് തന്ത്രം മെനയുകയായിരുന്നുവത്രെ.

പാര്‍ട്ടി കോൺഗ്രസില്‍ വിഎസിനെതിരെ സംസാരിക്കുന്നതു പോലെ അഭിനയിക്കുകയും തിരശ്ശീലക്കു പിന്നില്‍ വിഎസുമായി ചേര്‍ന്ന് കരുനീക്കം നടത്തുകയും ചെയ്യുക എന്ന കാരാട്ടിയന്‍ തന്ത്രത്തിന്റെ വിജയമാണ് വിഎസിന്റെ പിബി പുനഃപ്രവേശന നിഷേധ നാടകത്തിലൂടെ കണ്ടതെന്ന് നിരീക്ഷകര്‍ കരുതുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ചിരിക്കുന്ന മുഖവുമായി വിഎസും കാരാട്ടും പലപ്പോഴും ഇരുന്നിരുന്നത് ഇതിന്റെ തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തന്നെ പിബിയില്‍ എടുക്കാത്തതിനു പിന്നില്‍ തന്റെ തന്നെ തന്ത്രമുണ്ടെന്ന് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കുന്നതിനു വേണ്ടി കൂടിയാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതെ വിഎസ് നെടുമ്പാശ്ശേരിക്ക് യാത്രയായതെന്ന് കരുതുന്നു. കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ പതിവിനു വിരുദ്ധമായി വിഎസ് മൌനം പാലിക്കുന്നത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.