#വർത്തമാനം

വിക്കിസംഗമോത്സവത്തിന് കൊല്ലം ഒരുങ്ങുന്നു

12 Apr, 2012

വിക്കിസംഗമോത്സവം - 2012 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെയും വിക്കിപീഡിയ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള പൊതുജനങ്ങളുടെയും വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്താണ് നടക്കുക.

സ്വതന്ത്രവും സൗജന്യവുമായ വിജ്ഞാനവ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിക്കിപീഡിയയുടെ മലയാളം പതിപ്പാണ് http://ml.wikipedia.org. തങ്ങളുടെ അറിവുകൾ മാനവരാശിക്കായി സ്വതന്ത്രവും സൗജന്യവുമായി പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും വിക്കിപീഡിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം. വിപുലമായ ജനപങ്കാളിത്തത്തോടെ വിക്കിമീഡിയരുടെ കോൺഫറന്‍സ് കേരളത്തില്‍ നടക്കുന്നത് ഇതാദ്യമായാണ്.

2012 ഏപ്രില്‍ 28 ന് രാവിലെ ജില്ലാപഞ്ചായത്ത് ഹാളില്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. വി.എന്‍ രാജശേഖരന്‍ പിള്ള വിക്കിസംഗമോത്സവം ഉദ്ഘാടനം ചെയ്യും. വിക്കിമീഡിയ ഫൗണ്ടേഷന്‍ ചീഫ് ഗ്ലോബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബാരി ന്യൂസ്റ്റെഡ് മുഖ്യപ്രഭാഷണം നടത്തും. ഡോ.ബി. ഇക്ബാല്‍, അന്‍വര്‍ സാദത്ത്, അച്യുത് ശങ്കര്‍ എസ്. നായര്‍ തുടങ്ങിയവര്‍ രണ്ടു ദിവസങ്ങളിലുമായി വിവിധ വിഷയങ്ങളില്‍ പൊതു പ്രഭാഷണങ്ങള്‍ നടത്തും. രണ്ടാം ദിവസം 'ഗവണ്‍മെന്റ് രേഖകളുടെ പകര്‍പ്പവകാശം, വിജ്ഞാന സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. വിക്കിപീഡിയ എഡിറ്റിംഗ് പരിചയപ്പെടുത്തുന്ന പഠനശിബിരം, വിക്കിവിദ്യാര്‍ത്ഥി സംഗമം എന്നിവയും സംഗമോത്സവത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. സമാപനോത്സവം കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉത്ഘാടനം ചെയ്യും.

സമൂഹം, അറിവ്, സാങ്കേതികത, വിക്കിപീഡിയവ്യാപനം എന്നീ പൊതുവിഷയങ്ങളെ അധികരിച്ച് മുപ്പതോളം പ്രബന്ധങ്ങള്‍ വിക്കിസംഗമോത്സവത്തിലെ വിവിധ സമാന്തര സെഷനുകളിലായി അവതരിപ്പിക്കും. ഇ-മലയാളം, സ്വതന്ത്രവും തുറന്നതുമായ വിജ്ഞാനം, പൊതുപകര്‍പ്പവകാശം, സൈബര്‍സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിലെ പ്രബന്ധങ്ങളാണ് ഇത്തരത്തില്‍ അവതരണങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.