#കപടവാർത്ത

ശരവെടി ശരവണനുക്കും മ പത്രം വേണ്ടാം...

ശിവകാശി: ഉത്സവലഹരിയിൽ മാലപ്പടക്കത്തിനും പൂക്കുറ്റിക്കും തറച്ചക്രത്തിനുമൊക്കെ തിരി കൊളുത്തിയ മലയാളി അറിയാതെ പോയ ഒരു രഹസ്യമുണ്ടായിരുന്നു ഇത്തവണത്തെ വിഷുപ്പടക്കങ്ങളില്‍. ഈ വിഷുവിനു പൊട്ടിയ പടക്കങ്ങളുടെ അവശിഷ്ടങ്ങളില്‍ കമ്പിത്തിരി കത്തിച്ച് നോക്കിയാല്‍ പോലും മലയാള പത്രത്തിന്റെ തുണ്ടോ തുരുമ്പോ കാണാൻ ഒക്കുകില്ലായിരുന്നു. കാരണം വളരെ നിസ്സാരം. മാലപ്പടക്കവും തറച്ചക്രവും പൂക്കുറ്റിയുമൊക്കെ പൊതിയുവാന്‍ ശിവകാശിക്കാർ  ഇത്തവണ ഉപയോഗിച്ചത്  മലയാള പത്രങ്ങളല്ലായിരുന്നു...അന്യഭാഷാ പത്രങ്ങളായിരുന്നുവത്രെ.

പൊതിയാന്‍ പത്രം തികയാതെ വന്നപ്പോൾ വിദേശത്തു നിന്നുവരെ ഇറക്കുമതി ചെയ്യേണ്ടി വന്നിട്ടും മലയാളത്താന്‍ പത്രങ്ങളോടും വിഷുപ്പടക്കത്തിന്റെ സീസൺ മുന്നില്‍ കണ്ട് മ-മലയാള പത്രങ്ങള്‍ ശേഖരിച്ച് ശിവകാശിയില്‍ എത്തിച്ച ആക്രിക്കച്ചവടക്കാരോടും ശരവെടി ശരവണനും ലക്ഷ്മിവെടി വീരപ്പനും പറഞ്ഞു ” ഇന്ത വാട്ടി ഉങ്ക പത്രം എങ്കളുക്ക് വേണ്ട.”

കഴിഞ്ഞ ദീപാവലിക്കാലത്ത് പൊട്ടാതെ ചീറ്റിയ പടക്കങ്ങളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവിനെപ്പറ്റി പഠിക്കാന്‍ ആള്‍ ഇന്ത്യാ ശിവകാശി പടക്കക്കമ്പനി ഓണര്‍കള്‍ അസോസിയേഷന്‍ നടത്തിയ പഠനമാണത്രെ മലയാളപത്രങ്ങളെ ആക്രിക്കാര്‍ക്ക് പോലും രക്ഷിക്കാന്‍ പറ്റാത്ത പരുവത്തിലെത്തിച്ചത്. ദീപാവലി പടക്കങ്ങളെല്ലാം പൊതിഞ്ഞിരുന്നത് മലയാള പത്രങ്ങളിലായിരുന്നു. ആ പത്രങ്ങളിലെ നനഞ്ഞ വാര്‍ത്തകളും സുഖിപ്പീരു എഴുത്തിന്റെ ഒലിപ്പിക്കലുകളും മരുന്നിനെ നനപ്പിക്കുകയും പടക്കങ്ങളെ വെറും ചീറ്റുപടക്കങ്ങളായി മാറ്റുകയും ചെയ്തു എന്നാണ് ഓണര്‍കള്‍ അസോസിയേഷന്റെ പഠനത്തില്‍ നിന്ന് വെളിവായത്. തുടര്‍ന്നാണ് അസോസിയേഷന്‍ മലയാള പത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്.

“ഉങ്ക പേപ്പറ്കള്‍ എല്ലാമേ പാക്കറത്തുക്ക് രൊമ്പ അഴകാത്താന്‍ ഇരുക്ക്. ലേറ്റസ്റ്റ് ടെക്നോളജി യൂസ് പണ്ണി കളര്‍ഫുള്ളാ പ്രിന്റ് പണ്ണറാങ്ക. ആനാല്‍ അതിലെ എഴുതിയിരുക്കിറത് മൊത്തമാഹ തപ്പാന വാര്‍ത്തൈകള്‍. എങ്ക ഭാഷയിലെ സൊന്നാല്‍ പൊയ്‌വെടി. സരവെടി പൊതിയ വേണ്ടിയ പേപ്പറിലെ പൊയ്‌വെടി ഇരുന്താല്‍ അത് വെടിക്കുമാ....ഇല്ലൈ” എന്നാണ് ശരവെടി ശരവണന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ചോദ്യമായും ഉത്തരമായും പറഞ്ഞത്. ഏതൊക്കെ പത്രങ്ങളാണ് കൂടുതല്‍ നനഞ്ഞവ എന്ന ചോദ്യത്തിന് വീരരസം നിറഞ്ഞ ഒരു 'പ്രൊഫഷണല്‍ ' ചിരിയായിരുന്നു ശരവെടി ശരവണന്റെ മറുപടി.