#വിപണി

ചിട്ടിചരിതം; ഒന്നാം ഖണ്ഡം

കേരളത്തിൽ പൊതുവെയുള്ള ധാരണ ആത്മീയതയാണ് ഏറ്റവും മൂല്യമുള്ള ചരക്കെന്നാണ്. എന്നാല്‍ ആത്മീയതയെപ്പോലും എടുക്കാച്ചരക്കാക്കാൻ പോന്ന കച്ചവടമൂല്യം പണത്തിനു തന്നെയാണെന്നതാണു് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വസ്തുത. ഇടിവെട്ടി മഴപെയ്യുമ്പോൾ കൂണുകള്‍ മുളച്ചുപൊന്തുംപോലെയാണ്, ഏതാനും മാസങ്ങളായി ടി.വി ചാനലുകളില്‍ ചിട്ടിപ്പരസ്യങ്ങള്‍ പെരുകുന്നത്. അക്ഷരാർത്ഥത്തില്‍ ചിട്ടിക്കമ്പനികളുടെ ബാന്‍ഡ് വാഗൺ!

എന്തോ സംഭവിച്ചതു പോലെ പെട്ടെന്ന് കുറേ ചിട്ടികമ്പനികളുടെ പരസ്യങ്ങള്‍ ഇറങ്ങിയിരിക്കുന്നു, അതില്‍ പലതും നാം ആദ്യം കേള്‍ക്കുന്നതും, എന്നാല്‍ നൂറു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്താണ് ചിട്ടി മേഖലയിലെ ഈ "ബൂം" നു കാരണം? ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ആനുകൂല്യങ്ങളോ ഇളവുകളോ മറ്റോ ലഭിക്കുമോ? അതോ നാമറിയാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കിയോ?

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടകം എന്നീ നാലു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രാജ്യത്തിന്റെ 'ചിട്ടി-സ്രോതസ്സുകളി'ല്‍ സിംഹഭാഗവും. രണ്ട് വര്‍ഷം മുന്‍പ് ബില്‍ ഗേറ്റ്സ് ഫൌണ്ടേഷന്റെ ധനസഹായത്തോടെ ഐ.എഫ്.എം.ആര്‍ നടത്തിയ പഠനം വ്യക്തമാക്കിയത് 11088  കോടി രൂപയാണ് ഈ നാലു സംസ്ഥാനങ്ങളിലെ ചിട്ടി കമ്പനികളിലൂടെ ഒഴുകിനടക്കുന്നതെന്നാണ്.