#വിപണി

ചിട്ടിചരിതം; രണ്ടാം ഖണ്ഡം

കണക്കുകൾ പരിശോധിച്ചു വളരെ പിന്നിലേക്ക് പോയാൽ ചിലപ്പോള്‍ കേരളത്തിലുള്ള ചിട്ടിക്കമ്പനികളെ എണ്ണത്തില്‍ തോല്പ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ മുഴുവന്‍ ചിട്ടി കമ്പനികളും മതിയാവില്ല. ചിട്ടിചരിതം; ഒന്നാം ഖണ്ഡം എന്ന ആദ്യ ലേഖനം സൂചിപ്പിച്ചതു പോലെ മുളച്ചു പൊങ്ങുന്ന കൂണുകള്‍ പോലെയാണ് കേരളത്തില്‍ ചിട്ടികമ്പനികള്‍ പെരുകുന്നത്.

പാപ്പരായ അമേരിക്കന്‍ ബാങ്കുകള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിവെച്ചതുപോലെ കേരളത്തില്‍, അല്ലെങ്കില്‍ കുറഞ്ഞ പക്ഷം തൃശ്ശൂരില്‍ എങ്കിലുമൊരു സാമ്പത്തിക തളർച്ച ഉണ്ടാക്കാന്‍ കഴിവുള്ള ചിട്ടികമ്പനികള്‍ ഒട്ടേറെയുണ്ട്. അങ്ങനൊരു അവസ്ഥ ഉണ്ടാവരുതെന്ന് ആഗ്രഹിച്ച കേരളത്തിലെ ക്രാന്തദര്‍ശികള്‍ ദി കേരള ചിട്ടീസ് ആക്റ്റിനു രൂപം നല്‍കിയിരുന്നു, 1975 ല്‍ തന്നെ.

നമ്മുടെ ചിട്ടി നിയമം പ്രകാരം ചിട്ടി ഫോര്‍മാന്‍, അതായത് ചിട്ടി നടത്തിപ്പുകാരന്‍ ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. മറ്റു ബിസിനസ്സ് എല്ലാം പൊട്ടി നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ കൈയില്‍ കാശില്ലാത്ത സമയം ചുളുവില്‍ തുടങ്ങി സമ്പന്നനാകാവുന്ന ഒന്നല്ല ചിട്ടി. നിയമത്തിലെ പ്രധാന വ്യവസ്ഥ എന്തെന്നാല്‍ ചിട്ടി ആരംഭിക്കുന്നതിനു മുന്‍പ് ഫോര്‍മാന്‍, ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന രജിസ്ട്രാര്‍ മുന്‍പാകെ സെക്യൂരിറ്റി സമര്‍പ്പിക്കണം എന്നതാണ്. ചിട്ടിവരിക്കാര്‍ക്കായി ആദ്യം തന്നെ ഒരു ബോണ്ട് എക്സിക്യൂട്ട് ചെയ്യണം, ചിട്ടി തുകയുടെ ഇരട്ടി തുക മൂല്യമുള്ള തന്റെ ഏതെങ്കിലും ആസ്തി ചാര്‍ജ് ചെയ്തുകൊണ്ട്. അത് വീടോ വസ്തുവോ എന്തുമാവാം. അതല്ലെങ്കില്‍ ഒരു അംഗീകൃത ബാങ്കില്‍ ചിട്ടിത്തുകയ്ക്ക് തുല്യമായ ഡെപ്പോസിറ്റ്, ചിട്ടിത്തുകയുടെ ഒന്നര മടങ്ങ് തുകയ്ക്ക് ഗവണ്മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപം എന്നിവയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം. ചിട്ടിയുടെ നടത്തിപ്പ് സുരക്ഷിതമായി നടക്കുന്നുവെന്നും, വരിക്കാരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനുമാണിത്. ഇവയുടെ മേല്‍നോട്ടം ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന രജിസ്ട്രാറിനായിരിക്കും. ഓരോ ചിട്ടിക്കും അദ്ദേഹത്തിന്റെ അനുമതി ഉണ്ടായിരിക്കണം. അതിനായി ഓരോ തവണയും ചിട്ടിയുടെ തുക, സെക്യൂരിറ്റി തുകയുടെ വിവരങ്ങള്‍, വരിക്കാര്‍ എന്നിവ രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിച്ചിരിക്കണം.  വരിക്കാരുടെ പേര്‍, വിലാസം തുടങ്ങി ഓരോ തവണയും ചിട്ടി ലഭിക്കുന്നയാളിന്റെ വിവരം, തുക എന്നിങ്ങനെ എല്ല വിവരങ്ങളുമടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ട ചുമതല കൂടി ഫോര്‍മാനിനുണ്ട്. ഇങ്ങനെ ചിട്ടിക്കാരെ കൊണ്ട് കേരള സര്‍ക്കാര്‍ ചുമപ്പിക്കുന്ന കുരിശുകള്‍ ഒട്ടേറെയാണ്.