#കൗണ്ടർ ക്ലോസ്

ഇതോ പുതുമ?

17 May, 2012

മലയാളത്തിൽ കഴിഞ്ഞ രണ്ടുകൊല്ലമായി സിനിമാരംഗത്തു നടക്കുന്ന പുതുനിരശ്രമങ്ങളെ ഒന്നിച്ചുചേർത്ത്‌ നവതരംഗമെന്നും ന്യൂ ജനറേഷൻ സിനിമയെന്നും മൾട്ടിപ്ലക്‌സ്‌ വിപ്ലവമെന്നും വിളിച്ചുവരികയാണ്‌. ട്രാഫിക്കില്‍ തുടങ്ങി 22 ഫീമെയില്‍ കോട്ടയത്തിലെത്തിനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ചില പൊതു സ്വഭാവങ്ങള്‍ പുലര്‍ത്തുന്നുണ്ട്‌. പുതിയ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍, പുതിയ നടീനടന്മാര്‍, കേട്ടുപരിചയിച്ചതില്‍നിന്നു വ്യത്യസ്‌തമായ കഥകള്‍, നായകപ്രാമുഖ്യമില്ലാത്ത ഇതിവൃത്തഘടനകള്‍, ഛായാഗ്രഹണത്തിലും ദീപസംവിധാനത്തിലും എഡിറ്റിംഗിലും സന്നിവേശിക്കപ്പെടുന്ന പുതുശൈലികള്‍, കുറഞ്ഞ മുതല്‍മുടക്ക്‌ എന്നിവകള്‍ ഈ ചിത്രങ്ങള്‍ക്കു പൊതുവായുണ്ട്‌.

ഇത്തരം ചിത്രങ്ങളുണ്ടാക്കുന്ന വിപ്ലവകരമായ വ്യത്യസ്‌തതയുടെ അവസാനവാക്ക്‌ എന്ന മട്ടിലാണ്‌ 22 എഫ്‌ കെ എന്ന ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്‌. ഓൺലൈനിലും അച്ചടിമാദ്ധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും ഈ ചിത്രം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും സംവാദമുണര്‍ത്തുകയും ചെയ്യുന്നു. മാതൃഭൂമി പോലെ പ്രമുഖമായ ഒരു സാഹിത്യാനുകാലികത്തില്‍ ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണമെന്നു ഭാവിച്ച്‌ കവിത വരെ വന്നിരിക്കുന്നു. ബ്ലോഗുകളിലും സോഷ്യല്‍ കമ്യൂണിറ്റി നെറ്റ്‌ വര്‍ക്കുകളിലും ഇതു വ്യാപകമായി സമ്മാനിതമാകുന്നു.

ഈ അവസരത്തിലും ഈ ചിത്രം പൂര്‍ണമായി അങ്ങ്‌ അംഗീകരിക്കപ്പെട്ടു എന്നു കരുതാന്‍ വയ്യ. ഫെമിനിസ്റ്റ്‌ മുഖംമൂടിയണിഞ്ഞെത്തിയ ഈ ചിത്രം കൊടും ഫെമിനിസ്റ്റുവിരുദ്ധസിനിമയാണെന്ന സൈദ്ധാന്തികരില്‍ ചിലരെങ്കിലും പറയുന്നു. അതുപക്ഷേ, മള്‍ട്ടിപ്ലക്‌സ്‌ സിനിമകളെ മൊത്തത്തില്‍ പറയുന്ന അരാഷ്‌ട്രീയതയുടെ ഭാഗമാകുകയും ചെയ്യുന്നു.

തന്നെ പ്രേമംനടിച്ചു വഞ്ചിച്ച ഒരു പുരുഷനെയും തന്നെ അവനിലൂടെ കീഴ്‌പെടുത്തി, ചതിച്ച്‌ ബലാല്‍സംഗത്തിനു വിധേയയാക്കിയ മറ്റൊരു പുരുഷനെയും ടെസ്സ എന്ന നഴ്‌സ്‌ തന്റെ പകയ്‌ക്കും പ്രതികാരത്തിനും ഇരയാക്കുന്നതാണ്‌ ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം എന്നു പറയാം.