#വിപണി

അല്ല, എന്താ ശരിക്കും പ്രശ്നം?

നാടറിയാത്ത, നാട്ടാരറിയാത്ത വാർത്തകൾ പെരുപ്പിച്ച് കുറേ 'ഫയൽ' ഫോട്ടോസും, 'ഫോട്ടോഷോപ്പ്' ഫോട്ടോസും, 'ഫ' യില്‍ തുടങ്ങുന്ന വാക്കുകള്‍ കൊള്ളിച്ച വിവരണവും ഉള്‍പ്പടെ പബ്ലിഷ് ചെയ്ത്, അതിനു കുറേ ഷെയര്‍, ലൈക്ക്, കമന്റ് ഒക്കെ ശേഖരിച്ച് ആളാവുക നമ്മുടെ ഫേസ്ബുക്കിലെ ഒരു പ്രവണത ആണല്ലോ. പലരും സദുദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍, മറ്റ് പലരും ഏതാണ്ടൊരു 'സദാചാര പോലീസ്' സ്റ്റൈലാണ്.

സത്യമായും ഈ സദാചാര പോലീസ് എന്താണെന്നൊന്നും ചോദിച്ചാല്‍ ഉത്തരമില്ല, പിന്നെ ഈയിടെ വായിച്ച പല വാര്‍ത്തകളിലും നിറസാന്നിധ്യമായ ഈ സ.പ യെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ ഉപമിക്കാനുപയോഗിച്ചത്. മോഹൻ ലാലിന്റെ മകന്‍ മുടിയും താടിയും നീട്ടരുത്, പെൺകുട്ടികള്‍ സ്വന്തം ഫോട്ടോ ഉപയോഗിക്കരുത്, സുമാത്രയില്‍ കുട്ടി പട്ടിണി കിടക്കുന്നതു കൊണ്ട് ഇങ്ങ് കേരളത്തിലെ ജയില്‍ വകുപ്പ് മന്ത്രി സദ്യ ഉണ്ണരുത് അങ്ങനെ അങ്ങനെ നീളുന്നു ഇവരുടെ ആവശ്യങ്ങള്‍. ഇനിയിപ്പോ ഫേസ്ബുക്കില്‍ എങ്ങനെ ഹര്‍ത്താല്‍ നടത്താമെന്നും ആലോചനയുണ്ട്.

അതിന്റെ പിന്നാലെ വലിയ ചര്‍ച്ചകള്‍ തന്നെ നടക്കും. രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് അടി. അതിനിടയില്‍ വളിച്ച വളിപ്പുകളുമായി വേറേ കുറെയെണ്ണം. എന്തായലും ഒരു നൂറു കമന്റ്സ് പിന്നിടുമ്പോഴേക്കും ആ വാര്‍ത്തയുടെ ചൂടാറും. ഒന്നുമൊന്നും പറയാതെ കമന്റിയവര്‍ കേറി കിടന്നുറങ്ങും, അടുത്ത വാര്‍ത്തയെ സ്വപ്നം കണ്ട്കൊണ്ട്. ഞാനുള്‍പ്പടെയുള്ള ഭൂരിഭാഗം ഫേസ്ബുക്കന്മാരുടേയും പരിപാടി ഇങ്ങനെ തന്നെ.