#യാത്ര

ഗോമുഖിലേക്കൊരു യാത്ര

22 May, 2012

ഹരിദ്വാറിൽ വണ്ടിയിറങ്ങുമ്പോൾ രാവിലെ നാല് മണിയായിരുന്നു സമയം. ചാറ്റല്‍ മഴപോലെ മഞ്ഞുപെയ്യുന്ന ഒരു നവംബർ മാസം. ഭാംഗ് കുടിച്ചും ചരസ് വലിച്ചും യൂഡികൊളോണിന്റെ മണമുള്ള സുജാമെഹറയെ സ്വപ്നം കണ്ടും എം. മുകുന്ദന്റെ രമേശ് പണിക്കര്‍ കറങ്ങി നടന്ന അതേ ഹരിദ്വാര്‍. ആവേശം ചുരമാന്തിയ ഞാൻ, ബേഗില്‍ കരുതിയിരുന്ന പോസ്റ്റ്കാര്‍ഡെടുത്ത് വഴിയോരത്തെ വിളക്കുകാലിന്റെ ചുവട്ടിലിരുന്ന് വീട്ടിലേക്കെഴുതി - “അമ്മേ, ഞങ്ങള്‍ ഹരിദ്വാറിലെത്തി. നല്ല തണുപ്പ്. തെരുവില്‍ നിറയെ യാചകരും സന്യാസിമാരും...” ഇങ്ങിനെയായിരുന്നിരിക്കണം തുടക്കം. ഒരു പോസ്റ്റ് കാര്‍ഡിന്റെ ചതുരം അനുവദിക്കുന്ന സ്വാതന്ത്ര്യത്തില്‍ എന്റെ ആദ്യത്തെ യാത്രാവിവരണം.

മുഖത്തേക്ക് തെറിച്ചുവീണ ഒരു മഴത്തുള്ളി എന്നെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആദ്യത്തെ ഹരിദ്വാര്‍ യാത്രയുടെ ഓര്‍മ്മകളെ മുറിച്ചുകൊണ്ട്, കറുത്തിരുണ്ട കൂറ്റന്‍ പര്‍വ്വതങ്ങളുടെ കാഴ്ചയിലേക്ക് ഞാനുണര്‍ന്നു. ഞങ്ങളുടെ ടാറ്റാസുമോ ഒരു വളവ് തിരിയുകയാണ്.

ഹിമാലയത്തിലെ നാലാമത്തെ ദിവസം, ഞങ്ങളിപ്പോള്‍ ഗംഗോത്രിയിലേക്കുള്ള യാത്രയിലാണ്. സമയം വൈകുന്നേരം നാല് മണി കഴിഞ്ഞു. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര. മണ്ണിടിഞ്ഞ് വീണ് ഇടക്കിടെയുണ്ടാകുന്ന ഗതാഗതതടസ്സങ്ങള്‍. ഇടതുഭാഗത്ത് അഗാധമായ താഴ്ചയില്‍ ഭാഗീരഥി. വലതുവശത്ത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന പാറക്കൂട്ടങ്ങള്‍. കറുത്തിരുണ്ട ആകാശത്ത് മഴയുടെ പടപ്പുറപ്പാട്. ‘എങ്ങനെയുണ്ട് ’എന്ന മട്ടില്‍ ഡ്രൈവര്‍ പ്യാര്‍സിങ്ങ് തലവെട്ടിച്ച് എന്നെയൊന്നു നോക്കി.

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്ക് സമീപിക്കുകയാണ് ഞങ്ങള്‍. ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി. ഉത്തരകാശിയില്‍ നിന്ന് 108 കിലോമീറ്റര്‍ ദൂരമുണ്ട് ഗംഗോത്രിയിലേക്ക്. ഉത്തരകാശി സാമാന്യം വലിയൊരു ടൌണാണ്. ഉച്ചക്ക് മുന്‍പ് അവിടം വിട്ടതാണ് ഞങ്ങള്‍. ഭൈരവന്‍ ഭാട്ടി കഴിഞ്ഞ് വണ്ടി കുറേ ദൂരം ഓടിയപ്പോള്‍ ഇടതുഭാഗത്തേക്ക് പോകുന്ന റോഡ് കാണിച്ച് ഡ്രൈവര്‍ പറഞ്ഞു