#കപടവാർത്ത

നൂറ്റാണ്ടിലെ അവസാനത്തെ അച്ചുസംതരണം നാളെ

രാഷ്ട്രീയസൌരയൂഥത്തിന്റെ ഇടതുഭാഗത്ത് നടക്കാറുള്ള ഏറ്റവും വിസ്ഫോടനാത്മകമായ ഗ്രഹപരിക്രമണസന്ധി അച്ചുസംതരണം നാളെ പൂർണമായി നടന്നേക്കുമെന്ന് വാനനിരീക്ഷകര്‍ അറിയിക്കുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ഭാഗികമായി നടക്കാറുള്ളതാണ് അച്ചുസംതരണമെങ്കിലും പൂര്‍ണമായി ഇതു നടക്കുക നൂറ്റാണ്ടിലൊരിക്കലോ മറ്റോ ആണ്. ചിലപ്പോൾ അതിലും ദീര്‍ഘിച്ച് പതിറ്റാണ്ടിലൊരിക്കലോ അതിലുമപ്പുറം ആണ്ടിലൊരിക്കലോ ആയിക്കൂടായ്കയില്ലാത്തതാണ്. ഏതായാലും സമ്പൂര്‍ണ അച്ചുസംതരണം (transit of veeyes) ഈ നൂറ്റാണ്ടിലോ പതിറ്റാണ്ടിലോ ഇനിയുണ്ടാകില്ലെന്നാണ് മാനംനോക്കികളുടെ പക്ഷം.

ക്ഷീരപഥത്തിന്റെ പ്രധാനഭാഗത്തിന്റെ (Central part of milkyway - CPM) കേന്ദ്രമായ സീസീ- പീബി എന്നിവകള്‍ക്കും പിണറായിഗ്രഹത്തിനും മദ്ധ്യേ അച്ചുഗ്രഹം (veeyes) വരുന്ന അതിനിര്‍ണായകമായ ഗ്രഹപരിക്രമണസന്ധിയാണ് അച്ചുസംതരണം. ഇതു പൂര്‍ണമായ തോതിൽ ജൂൺ ആറിനു നടക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ജൂണ്‍ ആറിന് ഇതു തുടങ്ങുകയും ജൂണ്‍ ഏഴിലേക്കും നീളുകയും ചെയ്തെങ്കിലും അതു ഭാഗികമായിപ്പോയി. പൂര്‍ണമായുള്ള അച്ചുസംതരണം സംഭവിക്കുന്നത് മിക്കവാറും നാളെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം വാനംനോക്കികളെ വല്ലാതെ ഹരംകൊള്ളിച്ചിട്ടുണ്ട്. ഒരുപക്ഷേ, നാളെയും അച്ചുസംതരണം ഭാഗികമായിപ്പോകുമോ എന്നും മാനംനോക്കികളും മനോരമനോക്കികളും വ്യാകുലപ്പെടുന്നുണ്ട്.

അച്ചുസംതരണം ചിലപ്പോള്‍ മറ്റൊരു ബിഗ്ബാംഗിനു സാദ്ധ്യതയുണ്ടാക്കുന്നതാണ് ശാസ്ത്രലോകത്തെ ഉദ്വിഗ്നമാക്കുന്നത്. സാധാരണഗതിയില്‍ കേന്ദ്രത്തിനും പിണറായിഗ്രഹത്തിനും മദ്ധ്യേ വരുന്ന അവസരങ്ങളില്‍, അവസാനനിമിഷം അച്ചുഗ്രഹം വഴിമാറിപ്പോകാറാണുണ്ടായിരുന്നത്. അങ്ങനെ പലപ്പോഴും വൻകൂട്ടിയിടി ഒഴിവായിട്ടുണ്ട്. എന്നാല്‍, ഇതുവരെയും അച്ചുഗ്രഹം വഴിമാറുന്ന സൂചനയൊന്നും കാണുന്നില്ല. ഇടിക്കുമെന്ന മട്ടിലാണു വരുന്നത്. പിണറായി ഗ്രഹം പിന്നെ പണ്ടേ വഴിമാറാറില്ല.

ക്ഷീരപഥമദ്ധ്യത്തില്‍ (CPM) സ്വന്തമായി അച്ചുതണ്ടും ഉപഗ്രഹങ്ങളുമുള്ള ഒരു വലിയ ഗ്രഹമാണ് അച്ചുഗ്രഹം. ആഗ്രഹത്തിന്റെ, സോറി ആ ഗ്രഹത്തിന്റെ പര്യായമാണ് അച്ചു എന്ന പേരുതന്നെ. കഴിഞ്ഞ ദിവസം നടന്ന ഭാഗികമായ അച്ചുസംതരണത്തിന്റെ ഫലമായി പിണറായി ഗ്രഹത്തിന്റെ വക്കില്‍ ചെറുതായൊന്നു കുട്ടിയിടിച്ചതുവഴി അച്ചുഗ്രഹത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളും പിണറായിഗ്രഹത്തിന്റെ രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥം തെറ്റുകയുണ്ടായി.