#വെബ്

ഓര്‍ക്കുട്ടില്‍ നിന്ന് ഫേസ്ബുക്കിലേക്കു നടന്നുതീര്‍ത്ത ദൂരങ്ങള്‍

ആരോ തൊടുത്തുവിട്ട തമാശയാണ് 'ലോകം കണ്ട ഏറ്റവും വലിയ കുടിയേറ്റം ഓർക്കുട്ടിൽ നിന്നു ഫേസ്ബുക്കിലേക്ക് ആയിരുന്നു' എന്ന്. ഒരു കുടിയേറ്റം എന്നു പേരിട്ട് തമാശവല്‍ക്കരിച്ചെങ്കിലും അതു ഒരു സത്യം തന്നെയാണ്. ഫേസ്ബുക്കിന്റെ അവതാരം ഓര്‍ക്കുട്ടിനെ ബധിച്ചതുപോലെ മറ്റൊന്നിനും സംഭവിച്ചു കാണില്ല. നഷ്ടപ്പെട്ട സൌഹൃദങ്ങൾ തിരിച്ചുപിടിക്കാനും, നിലവിലുള്ള ബന്ധങ്ങള്‍ നഷ്ടമാവതെ സൂക്ഷിക്കാനും എന്ന രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി ആരംഭിച്ച ഓര്‍ക്കുട്ട്, സൌഹൃദം വിപണിയാക്കി മാറ്റിയ ഫേസ്ബുക്കിനു മുന്നില്‍ അടിയറവു പറഞ്ഞു. 

പരിമിതമായ ലക്ഷ്യങ്ങളുമായി ഒട്ടേറെ പരിമിതികളുമായി കഴിഞ്ഞുകൂടിയ ഒരാളാണ് ഓര്‍ക്കുട്ട്. സൌഹൃദം തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ ബന്ധങ്ങള്‍ ഓൺലൈന്‍ മാത്രമായി നിലനിര്‍ത്തിക്കോണ്ടു പോവുക അസാധ്യമാണ്. കണ്ടും മിണ്ടിയുമേ ബന്ധങ്ങള്‍ ശക്തമാവൂ. ആ വസ്തുത ഓര്‍ക്കുട്ടിനെ സംബന്ധിച്ചിടത്തോളം ലക്ഷ്യത്തിന്റെ പരിമിതി ആയിരുന്നു. 

എന്നാല്‍ ഫേസ്ബുക്ക് സൌഹൃദമല്ല ലക്ഷ്യമാക്കിയത്. അതാണ് ഫേസ്ബുക്കിന്റെ വിജയത്തിനു കാരണവും. ബന്ധങ്ങള്‍ എന്നതിനപ്പുറം വെറും നെറ്റ്‌വര്‍ക്കിംഗ് മാത്രമായി മാറി. ഇവിടെ ഫ്രണ്ട്സ് എന്ന പേരില്‍ ഉള്ളവരാരും ചങ്ങാതിമാരല്ല, അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് സൌഹൃദമല്ല, മറിച്ച് ആശയങ്ങള്‍ മാത്രമാണ്. ഫോട്ടോകളും, വാര്‍ത്തകളും, ആശയങ്ങളുമാണ് പ്രചരിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും.

നാം അപ്പ്ഡേറ്റ് ചെയ്യുന്ന എന്തിനെകുറിച്ചും സംസാരമുണ്ടാവണമെങ്കില്‍ അതില്‍ ആശയം വേണം. അതിനാല്‍ ഫ്രണ്ട്സ് എന്ന പേരില്‍ ഫ്രണ്ട്സ് ലിസ്റ്റില്‍ കാണുന്നവര്‍ സമാന ആശയം ഉള്ളവര്‍ മാത്രം ആയിരിക്കും; ഫ്രണ്ട് ആയിരിക്കില്ല. ഒരു വ്യത്യസ്ത ആശയം ഉള്ളയൊരാള്‍, അടുത്ത കൂട്ടുകാരനായാലും, ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടാവണമെന്നില്ല, കാരണം; അയാള്‍ പ്രചരിപ്പിക്കുക അയാളുടെ ആശയങ്ങളാണ്. നമ്മള്‍ അതിന് എതിരാണെങ്കിലും, അത് ഇഷ്ടമല്ലെങ്കിലും നമ്മുടെ അക്കൗണ്ട് തുറന്നാല്‍ മുന്നിലെത്തും. അപ്പോള്‍ സ്വാഭാവികമായും വ്യത്യസ്ത ചിന്താഗതിക്കാരനായ ആ അടുത്ത കൂട്ടുകാരനേ സ്ട്രീമില്‍ നിന്ന് ഒഴിവാക്കും. ഈ തരത്തില്‍ ബന്ധങ്ങളെ തന്നെ പുനര്‍നിര്‍വചിക്കുകയാണ് ഫേസ്ബുക്ക്.