#കൗണ്ടർ ക്ലോസ്

ബാച്ചിലര്‍ പാര്‍ട്ടി - രമ്യാ നമ്പീശന്‍ ക്യാമറയുടെ ഇരയാകുന്ന വിധം

23 Jun, 2012

വാണിജ്യവത്കൃതമായ കലയിൽ നടി എങ്ങനെ സിനിമയുടെ ഇരയായിത്തീരുന്നു എന്നു പരിശോധിക്കുന്നു, അബുബക്കർ. സിനിമാവ്യവസായത്തില്‍ നിന്ന് മെല്ലെ പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന രമ്യ നമ്പീശൻ ഫാഷന്‍ മാഗസിനുകളിലെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഗ്ലാമറസ് റോളുകൾ തേടിപ്പിടിക്കുന്നതിലൂടെയും വ്യവസായത്തിന്റെ അവിഭാജ്യഘടമായി തന്നെത്തന്നെ മാറ്റിത്തീര്‍ത്തപ്പോള്‍ കപടസദാചാരികളുടെ സങ്കല്‍പ്പഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞതായി തത്വശാസ്ത്ര പ്രൊഫസറന്മാര്‍ ക്ലാസെടുത്തു. എന്നാല്‍ ഇതിലൂടെ ക്യാമറയുടെ മുന്നിലെ കരിമ്പിന്‍തുണ്ടായി മാറുകയായിരുന്നു, ഈ നടി എന്ന് അബുബക്കര്‍ നിരീക്ഷിക്കുന്നു. കാഴ്ചയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു വിചാരം.

അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിയിലെ രമ്യാ നമ്പീശന്റെ സാന്നിദ്ധ്യം ചില സൂചനകളെ വ്യക്തമാക്കുന്നതായി കരുതാം. രമ്യാ നമ്പീശന്‍ മലയാളത്തിലെ നവതുരങ്കസിനിമകളിലെ ശ്രദ്ധേയമായ ചാപ്പാകുരിശില്‍ ഒരു ചുംബനരംഗത്ത് അഭിനയിച്ചപ്പോള്‍ മലയാളസിനിമയിലെയും സമൂഹത്തിലെയും കപടസദാചാരമുഖംമൂടി അഴിഞ്ഞുവീണു എന്ന പ്രസ്താവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചന ശക്തമാകുന്നത്. 

ആനച്ചന്തം എന്ന ചിത്രത്തിലൂടെ രംഗത്തുവന്ന നടിയാണ് രമ്യാ നമ്പീശന്‍. കുടുംബത്തില്‍പിറന്ന പെണ്ണ് എന്ന നിത്യസാധാരണമായ ഇമേജ് ബില്‍ഡ് അപ് ചെയ്യാനാണ് ആ ചിത്രം മുതല്‍ തന്റെ ആദ്യകാലചിത്രങ്ങളിലൂടെ രമ്യ ശ്രമിച്ചത്. എന്നാല്‍, മലയാളത്തില്‍ വിജയങ്ങള്‍ കിട്ടാതെ വിഷമിച്ചപ്പോള്‍ ഇമേജ് ബ്രേക്ക് ചെയ്യുക എന്നതൊരു ആവശ്യമായി വന്നു. അതിനിടെ തമിഴില്‍ ചില ഓഫറുകള്‍ വരികയും തമിഴിലേക്കു ചുവടുവയ്ക്കുകയും ചെയ്തിരുന്നു രമ്യ. അവിടെ പതിവുപോലെ, അല്പം ഗ്ലാമറസായ കോസ്റ്റ്യൂംസ് അണിയേണ്ടിവരികയും ചെയ്തു. പക്ഷേ, തമിഴിലും ഒരു മുന്‍നിരതാരമാകാന്‍ രമ്യയ്ക്കായില്ല. ഇടയ്ക്ക് ചോക്കലേറ്റ് എന്ന മലയാളചിത്രത്തിലെ മോഡേൺ വേഷത്തിലൂടെ വെറുമൊരു ദാവണിപ്പെണ്ണല്ല താനെന്നു വ്യക്തമാക്കാനുള്ള ശ്രമമാണു രമ്യ തുടങ്ങിവച്ചത്.

അതിനുതൊട്ടുമുന്‍പും പിന്‍പുമായി ഫാഷന്‍ - സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരുടെ സഹായത്തോടെ ഫോട്ടോസെഷനുകള്‍ സംഘടിപ്പിച്ചും അവ വിവിധയിനം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും തന്റെ തന്നെ ഇമേജ് മാറ്റിമറിക്കാനുള്ള ശ്രമംകൂടി രമ്യ ആരംഭിച്ചിരുന്നു. ഇതൊക്കെയാണ് ഇന്ന്  സിനിമ എന്ന ഷോ ബിസിനസിന്റെ മുന്‍നിരയിലേക്കെത്താനുള്ള വഴികള്‍. അതു വളരെ കൃത്യമായും പ്രഫഷനലായും ചെയ്യാനുള്ള വഴികള്‍ തന്നെയാണ് രമ്യയും തെരഞ്ഞെടുത്തത്. അങ്ങനെയിരിക്കെയാണ് ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ രമ്യ കാസ്റ്റ് ചെയ്യപ്പെടുന്നത്. ആ ചിത്രത്തിലെ ചുംബനരംഗത്തില്‍ നിമിഷങ്ങളോളം നീണ്ടുനിന്ന ലിപ് ലോക്ക്  നടത്തിക്കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ രമ്യ സാമ്പ്രദായികപ്രേക്ഷകരുടെ കണ്ണുതള്ളിച്ചു.