#വെബ്

ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്

27 Jun, 2012

പ്രപഞ്ചം എന്നും മനുഷ്യനൊരു വിസ്മയമായിരുന്നു. ആ വിസ്മയം പതിയെ അധിനിവേശത്തിലേക്ക് കടന്നപ്പോൾ അവയെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. ക്രി. മു. 2300 മുതൽ തന്നെ ഗ്രീസിൽ കളിമൺ ഫലകങ്ങളിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തി വയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇതോടെ അവരറിയാതെ തന്നെ 'കാർട്ടോഗ്രഫി' എന്നൊരു ശാഖയ്ക്ക് തുടക്കമിടുകയായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കാർട്ടോഗ്രാഫർ ടോളമിയാണ്. ഇന്നത്തെ ഭൂപടവിന്യാസം ഒത്തിരിയൊത്തിരി വളർന്ന് ഡിജിറ്റൽവത്കരണത്തിന്റെ പരമാവധിയെത്തി ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ച് നിൽക്കുകയാണ്. ഗൂഗിൾ മാപ്പ്സ് അധിനിവേശം പുലർത്തുന്ന ഓൺലൈൻ മാപ്പിങ്ങ് മേഖലയിൽ യാഹൂ, ബിങ്, നോക്കിയ ഒവിഐ എന്നിവയ്ക്കും തുച്ഛമെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ഓഹരിയുണ്ട്. ടെറസ്ട്രിയൽ ഭൂപടരംഗത്ത് ഗൂഗിൾ എർത്ത്, വിക്കിമാപ്പിയ എന്നിവയ്ക്കൊപ്പം ഒരു കൈ നോക്കാൻ ഇന്ത്യയുടെ സ്വന്തം ഭുവനുമുണ്ട്

ഇനി പറയാൻ പോകുന്ന വ്യക്തി ഇതുവരെ പറഞ്ഞവരിൽ നിന്നും ഒരല്പം വ്യത്യസ്തനാണ്. അധികമാരും തിരിച്ചറിയാത്ത ഈ വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തിന്റെ ബലവും - ഓപ്പൺസ്ട്രീറ്റ്‌മാപ്പ് അഥവാ ഓ. എസ്. എം ( http://openstreetmap.org/ ) എന്ന വിക്കിസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺ‌ലൈൻ സ്വതന്ത്ര മാപ്പിങ്ങ് സൈറ്റാണ് കഥാതന്തു. വിക്കിപീഡിയയെപ്പോലെ ഉപയോക്താക്കളിൽ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഓപ്പൺസ്ട്രീറ്റ്‌മാപ്പും പ്രവർത്തിക്കുന്നത്. കോളാബറേറ്റീവ് മാപ്പിങ് എന്നറിയപ്പെടുന്ന ഈ മാപ്പിങ് രീതി ഗൂഗിൾ മാപ്പ്സടക്കം ഒട്ടനവധി സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇരുവശത്തേക്കുമുള്ള ഡേറ്റയുടെ ഒഴുക്ക് (ഉപയോക്താക്കൾക്ക് ഓപ്പൺസ്ട്രീറ്റ്‌മാപ്പിലേക്ക് വിവരങ്ങൾ അപ്‌ലോഡാനും, വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് എന്താവശ്യത്തിനുമായി ഉപയോഗിക്കുവാനുമുള്ള സൗകര്യം) ഓപ്പൺസ്ട്രീറ്റ്‌മാപ്പിനെ വ്യത്യസ്തമാക്കുന്നു. ഒരു വിക്കി സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ഇതിലെ ഉള്ളടക്കം ആർക്കും തിരുത്താൻ സാധിക്കുന്നു. മാത്രമല്ല മാറ്റങ്ങളെല്ലാം സമയാനുഗതമായി സൂക്ഷിക്കുന്നതിനാൽ ഏതൊരു സമയത്ത് നിലനിന്ന സ്ഥിതിയിലേക്ക് വേണമെങ്കിലും മുൻപ്രാപനം ചെയ്യാവുന്നതുമാണ്.

വിക്കിപീഡിയയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 2004 ജൂലൈയിലാണ് സ്റ്റീഫൻ കോസ്റ്റ് ഓപ്പൺസ്ട്രീറ്റ്‌മാപ്പ് രൂപീകരിച്ചത്. ഏതൊരു സ്വതന്ത്രസോഫ്‌റ്റ്‌വെയർ കൂട്ടായ്മയേയും പോലെ 2006ൽ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ പ്രചാരണത്തിനും പരിചരണത്തിനും പുരോഗതിക്കുമായി ഓപ്പൺസ്ട്രീറ്റ്‌മാപ്പ് ഫൗണ്ടേഷൻ രൂപീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സംഭാവനകളിലൂടെയും അംഗങ്ങളിൽ നിന്നുള്ള തുകയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. പിന്നീട് കോസ്റ്റ് തന്നെ ക്ലൗഡ്‌മേഡ് എന്ന പേരിൽ ഓപ്പൺസ്ട്രീറ്റ്‌മാപ്പ് അടിസ്ഥാനമാക്കി വെബ്സൈറ്റുകൾക്ക് ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് നിർമ്മിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കമിട്ടു. 2006ൽ തങ്ങളുടെ ഏരിയൽ മാപ്സിന്റെ പിന്നാമ്പുറത്ത് ഓപ്പൺസ്ട്രീറ്റ്‌മാപ്പാകും ഉപയോഗിക്കുക എന്ന് യാഹു പ്രഖ്യാപിച്ചതോടെയാണ് ഓപ്പൺസ്ട്രീറ്റ്മാപ്പിന് ഇന്നു കാണുന്ന പ്രശസ്തി ലഭിച്ചു തുടങ്ങിയത്. 2007ഓടെ ഓക്സ്ഫോർഡ് സർവ്വകലാശാല തങ്ങളുടെ വെ‌ബ്സൈറ്റിൽ ഓ.എസ്.എം ഡേറ്റ ഉപയോഗിച്ചു തുടങ്ങി. അതേ വർഷം ജൂലൈയിൽ നടന്ന 'എ സ്റ്റേറ്റ് ഓഫ് മാപ്സ്' എന്ന ഓപ്പൺസ്ട്രീറ്റ്മാപ്സ് ഉപയോക്താക്കളുടെ സംഗമത്തിൽ 9000ലധികം പേർ പങ്കെടുത്തു. ഗൂഗിൾ, യാഹൂ, മാഞ്ചസ്റ്റർ സർവ്വകലാശാല മുതലായവരായിരുന്നു ഇതിന്റെ പ്രായോജകർ. ഇതിനകം ഏതാണ്ട് 5 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ ഓപ്പൺസ്ട്രീറ്റ്മാപ്പിൽ അംഗത്വമെടുത്തു കഴിഞ്ഞു. ഇവരുടെ ശ്രമഫലമായി 267 കോടിയിലധികം പോയിന്റുകൾ സൈറ്റിലെത്തിയിട്ടുണ്ട്.