#കപടവാർത്ത

ആരോഗ്യ മേഖലയിലെ തകര്‍ച്ച ഇടത് നയങ്ങള്‍ മൂലം?

ഒരു പുതിയ പംക്തികൂടി ആരംഭിക്കുന്നു. കിരൺ തോമസ് തോമ്പിൽ എഴുതുന്ന സിൻഡിക്കേറ്റ് എന്ന ഈ പംക്തിയില്‍ വ്യാജവാർത്തകളാവും പ്രസിദ്ധീകരിക്കുക. 'സിന്‍ഡിക്കേറ്റ് വാര്‍ത്തകൾ സാധകം ചെയ്യുന്നു' എന്ന പേരില്‍ കിരണ്‍ തന്നെ ഫേസ്ബുക്കില്‍ തുടങ്ങിവച്ച നിര്‍മ്മിതവാര്‍ത്തകളുടെ തുടര്‍ച്ചയാണ് ഇത്. നിലവില്‍ മലയാളപത്രങ്ങളില്‍ കണ്ടുവരുന്ന വാര്‍ത്താനിര്‍മ്മാണരീതിയുടെ സ്പൂഫ് എന്ന നിലയിലാവും ഇത് പ്രവര്‍ത്തിക്കുക - എഡിറ്റര്‍

ആരോഗ്യ മേഖലയിലെ തകര്‍ച്ച ഇടത് നയങ്ങള്‍ മൂലം ?

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ മേഖലയിലെ തകര്‍ച്ച കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ്‌ എന്ന ആക്ഷേപം ശക്തമാകുന്നു. മഴക്കാലമായതോടെ വീണ്ടും പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നതിനുപിന്നില്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ നയവൈകല്യമാണ് എന്നാണ്‌ ആക്ഷേപം. പൊതുജനാരോഗ്യമേഖലയില്‍ നിന്നും സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളെയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളെയും ആശ്രയിച്ചതാണ്‌ ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. കേരളത്തിലെ ക്രയശേഷിയുള്ള ഭൂരിപക്ഷം ആശ്രയമായി കരുതുന്ന സ്വകാര്യ ആശുപത്രികളെ തഴഞ്ഞതും ഏറ്റവും അധികം സ്വകാര്യ ആശുപത്രികൾ നടത്തുന്ന ക്രിസ്ത്യൻ സഭകളുമായി സ്വാശ്രയക്കേസിന്റെ പേരിൽ ഇടഞ്ഞതും  ആരോഗ്യരംഗത്തെ തകർച്ച പൂർണ്ണമാക്കിയതായി ഇവർ ആരോപിക്കുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്‌ ശേഷം സ്വകാര്യ-പൊതു മേഖലകളെ ഏകോപിച്ച് കൊണ്ട് സമഗ്രമായ ഒരു ആരോഗ്യ  നയം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. എന്നാല്‍ പൊടുന്നനെ വന്ന നഴ്സുമാരുടെ സമരം ഈ ശ്രമങ്ങളെ അട്ടിമറിച്ചു. എങ്കിലും പനിമരണങ്ങള്‍ തടയാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ ആരോഗ്യവകുപ്പ്.