#കപടവാർത്ത

ഇടത് കടുംപിടുത്തങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കി

തിരുവനന്തപുരം : കേരളം ഇന്ന് അഭിമുഖീകരിക്കുന്നു വൻ വിലക്കയറ്റത്തിന്‌ പിന്നിലും ഇടത് നയങ്ങളാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ഇടത് സർക്കാരിന്റെ നയങ്ങളും ഇടതുയുവജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമാണ്‌ കേരളത്തെ വലിയ വിലക്കയറ്റത്തിലേക്ക് തള്ളിയിട്ടതെന്നാണ് ആക്ഷേപം. കാലഹരണപ്പെട്ട പൊതുവിതരണ സംവിധാനങ്ങളെ ആശ്രയിച്ചാണ്‌ ഇടതുസര്‍ക്കാരുകൾ  നയരൂപീകരണം നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. ലോകമെമ്പാടും പൊതുവിതരണ സംവിധാനാങ്ങള്‍ നിര്‍ത്തലാക്കുമ്പോള്‍ ഇവിടെ ഇപ്പോഴും മാവേലി സ്റ്റോറുകളേയും സപ്ലൈക്കോയേയും ഒക്കെ ആശ്രയിച്ചാണ്‌ ഇടത് സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചത്. എന്നാൽ ഈ പ്രത്യയശാസ്ത്ര പിടിവാശിയുടെ ഇരകളായി മലയാളികള്‍ മാറി എന്നതാണ്‌ ഇതിന്റെ അനന്തരഫലമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലെ ക്രയശേഷി ഉള്ളവരില്‍ ഭൂരിപക്ഷവും മാവേലി സ്റ്റോറുകളേയോ സര്‍ക്കാര്‍ സംവിധാനങ്ങളെയോ ആശ്രയിക്കില്ല എന്നിരിക്കെ അവര്‍ക്ക് വിലകുറച്ച് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച റിലയന്‍സ്, മോര്‍ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളോട്  ഇടതുസര്‍ക്കര്‍  ചിറ്റമ്മനയം സ്വീകരിച്ചത് ഇവരെ പ്രതിസന്ധിയിലാക്കി. പിന്നീട് റിലയന്‍സിന്റെ ഏജന്റ് നന്ദകുമാര്‍ ഈ വിഷയം വിഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ്‌ ഇവര്‍ക്ക് കേരളത്തില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍  കഴിഞ്ഞത്. എന്നാല്‍ പല ഇടതുപക്ഷ യുവജനസംഘടനകളും വ്യാപാരിവ്യവസായികളില്‍ നിന്ന് പണം വാങ്ങി ഇത്തരം സ്ഥാപനങ്ങളെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടായത് ഇവരുടെ പ്രവര്‍ത്തനങ്ങളെ ക്ഷയിപ്പിച്ചു. പല സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതും ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ എന്ന് കരുതപ്പെടുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളുടെ സംഭരണവിതരണശേഷി ഉപയോഗിച്ച് കാലഹരണപ്പെട്ട പൊതുവിതരണ സംവിധാനത്തിന്റെ പരിമിതികളെ അതിജീവിക്കാമെന്നിരിക്കെ അതിന്റെ സാധ്യതകളെ അട്ടിമറിക്കുന്ന നിലപാടാണ്‌ ഇടതുപക്ഷം സ്വീകരിച്ചതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ഏക സ്വരത്തില്‍ പറയുന്നു. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ കേരളത്തില്‍ ആകമാനം വ്യാപിച്ചിരുന്നു എങ്കില്‍ ഈ വലിയ വിലക്കയറ്റം ഉണ്ടാകില്ലായിരുന്നു എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വാള്‍മാര്‍ട്ട് പോലുള്ള അന്താരാഷ്ട്ര സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളുടെ സഹായത്തോടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍ വരുംവര്‍ഷവും കേരളം വിലക്കയറ്റത്തില്‍ നിന്ന് രക്ഷപെടില്ല എന്ന് ഈ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കിരൺ തോമസ് തോമ്പില്‍