#കപടവാർത്ത

മൈനസ് ട്രാക്കിനെതിരെ സിഐടിയു?

മൈനസ് ട്രാക്കിനെതിരെ (കരോക്കെ ട്രാക്ക് സിഡി പ്ലെയറിൽ പ്ലേ ചെയ്യാതെ വേവ് ഫയൽ സപ്പോർട്ട് ചെയ്യുന്ന കീബോർഡിലോ റിഥം പാഡിലോ പ്ലേ ചെയ്ത് ഗാനമേള നടത്തുന്ന രീതി) എതിരെ പ്രതിഷേധവുമായി സിഐടിയു ഗാനമേള ഗ്രൂപ്പുകൾക്കെതിരെ തിരിയുന്നതായി ആക്ഷേപം. കേരളത്തിൽ പല ഗാനമേളകളിലും ഓർക്കസ്ട്ര ഒഴിവാക്കി മൈനസ് ട്രാക്ക് ഇട്ട് പരിപാടി നടത്തുന്നതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സിഐടിയു ഈ വിഷയം ഏറ്റെടുക്കാൻ പോകുന്നതെന്ന് അറിയുന്നു. മൈനസ് ട്രാക്ക് ഉപയോഗിക്കുന്നത് വഴി ഒരുപാട് കലാകാരന്മാര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുന്നു എന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നുമാണ്‌ സിഐടിയു നിലപാടത്രെ. അടുത്തിടെ പ്രമുഖ ഗായകന്‍ പി ജയചന്ദ്രന്‍ മൈനസ് ട്രാക്കിട്ടു പാട്ട് പാടുന്നവനെ തല്ലണമെന്ന് പറഞ്ഞതിന്റെ ചുവടുപിടിച്ചാണ്‌ സിഐടിയു നീക്കമെന്ന് അറിയുന്നു.

എന്നാല്‍ സിഐടിയു നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു എന്നാണ്‌ സൂചന. ഗാനമേള ടീമുകളും ഗായകരും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകള്‍ സിഐടിയു നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ച മാറ്റത്തിനോട് എന്നും മുഖം തിരിച്ച ചരിത്രമാണ്‌ സിഐടിയുവിന്‌ ഉള്ളതെന്നും കമ്പ്യൂട്ടറും ട്രാക്ടറും വന്നപ്പോഴും ഇവര്‍ ഇതേ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളതെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ക്കസ്ട്രാ കലാകാരന്മാര്‍ തൊഴിലാളികള്‍ അല്ലെന്നും അവര്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നവരാണ്‌ എന്നും അവര്‍ ആവശ്യപ്പെടുന്ന വലിയ പ്രതിഫലം നല്‍കാന്‍ കഴിയാത്ത ചെറുകിട ഗായകര്‍ക്കും ഗാനമേള ട്രൂപ്പുകള്‍ക്കും മൈനസ് ട്രാക്ക് ഒരു അനുഗ്രഹമാണ്‌ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഓര്‍ക്കസ്ട്ര കലാകാരന്മാരോടുള്ള സ്നേഹത്തേക്കാള്‍ മൈനസ് ട്രാക്കിന്റെ പേരില്‍ യൂണിയന്‍ ഉണ്ടാക്കാനുള്ള ശ്രമമാണ്‌ ഇതെന്ന ആക്ഷേപവും ശക്തമാണ്‌. ഓര്‍ക്കസ്ട്ര കലാകാരന്മാരേ സംഘടിപ്പിച്ച് മൈനസ് ട്രാക്ക് ഉപയോഗിക്കുന്നവരുടെ പക്കല്‍ നിന്ന് നോക്കുകൂലി വാങ്ങാനുള്ള ശ്രമമാണ്‌ ഇതെന്നാണ് ആരോപണം.

കിരൺ തോമസ് തോമ്പില്‍