#സാഹിത്യം

ജോസ് പ്രകാശിന്റെ അനിയന്‍

01 Jul, 2012

ഒരാത്മകഥ എഴുതി, സ്വന്തം ജീവിതത്തെയും ഓർമകളെയും ലോകത്തെ അറിയിക്കാൻ തക്ക യോഗ്യതയുള്ള ആളല്ല ഞാന്‍. ഇങ്ങനൊരു ആവശ്യം മുന്നിൽക്കണ്ട്‌ ഒന്നും കുറിച്ചുവച്ചിട്ടുമില്ല. ഇത്രയൊക്കെ വില എന്റെ ജീവിതത്തിനുണ്ടെന്നു കരുതിയിരുന്നില്ലെന്നു പറയുന്നതാകും ഭംഗി. കലയെ സ്‌നേഹിക്കുന്ന, കലാകാരന്മാരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ക്കവിഞ്ഞ്‌ മഹത്തരമായി ഒന്നും എന്നിലില്ല. അതുകൊണ്ടുതന്നെ ഇതിനെ ഒരു ആത്മകഥ എന്നതിലപ്പുറം, ഓര്‍മക്കുറിപ്പുകൾ എന്നുവിളിക്കാനേ ഞാന്‍ ധൈര്യപ്പെടുന്നുള്ളൂ. ഈ കുറിപ്പ്‌ എഴുതാന്‍ എന്നോടു ആവശ്യപ്പെട്ടതുതന്നെ ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. ചിട്ടയായി എഴുതുവാന്‍ ശ്രമിക്കുന്നു.

സാഹിത്യം കലര്‍ന്ന ഒരു രചന ഇതിലുണ്ടാവില്ല, കാരണം ഞാന്‍ എഴുത്തുകാരനല്ല. ഈ ഓര്‍മക്കുറിപ്പുകളില്‍ ഞാന്‍ എന്ന ചെറിയ ആളെക്കാള്‍ കൂടുതല്‍ കാണുക, ഞാന്‍ കണ്ടു പരിചയപ്പെട്ട്‌, അടുത്തറിഞ്ഞ്‌ ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരുപാടു വലിയ ആളുകളെയായിരിക്കും, ആയിരിക്കണം എന്നും ഞാന്‍ കരുതുന്നു. എന്റെ ജ്യേഷ്‌ഠനും വഴികാട്ടിയുമായ ജോസ്‌ പ്രകാശ്‌ മുതല്‍, ബാബുരാജ്‌, പത്മരാജന്‍, മമ്മൂട്ടി, സുഹാസിനി, ജോൺസണ്‍, ഒ.എന്‍.വി.കുറുപ്പ്‌ എന്നിങ്ങനെ വളരെ വലിയ, മഹത്വമാര്‍ജിച്ച ആളുകളാണ്‌ ഈ രചനയിലെ കഥാപാത്രങ്ങള്‍. വായിക്കുന്നവര്‍ക്ക്‌ അവരെക്കുറിച്ച്‌ കൂടുതല്‍ ആഴത്തില്‍ അറിയാന്‍, ഒപ്പം, എന്റെ ജീവിതത്തിലൂടെ മലയാളസിനിമാലോകത്തെയും എന്റെ കാലത്തെയും സംഗീതപ്രേമത്തെയും ഒക്കെപ്പറ്റി ഒരല്‌പംകൂടി അറിയാന്‍ സാധിച്ചാല്‍ത്തന്നെ എന്റെ എഴുത്തു സാര്‍ത്ഥകമായി. ഈ വലിയ കഥാപാത്രങ്ങളിലൂടെ നിങ്ങള്‍ ചിലപ്പോള്‍ എന്നെയും കണ്ടേക്കാം. എന്റെ ഓര്‍മകളാകുമ്പോള്‍ എന്നെ മാറ്റിനിര്‍ത്തി ഈ കഥയുണ്ടാവില്ലല്ലോ. 

കോട്ടയത്തെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. മുന്‍സിഫ്‌ കോടതിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ.ജെ. ജോസഫിന്റെയും -നാട്ടുകാര്‍ക്കെല്ലാം ഔസേപ്പച്ചന്‍ - ഏലിയാമ്മയുടെയും എട്ടുമക്കളില്‍ എട്ടാമനായിട്ടായിരുന്നു ജനനം. സത്യവും നീതിയും മാത്രം ജീവിതചര്യയാക്കിയ ആളായിരുന്നു എന്റെ പിതാവ്‌. മക്കള്‍ക്ക്‌ സ്‌നേഹവും വാത്സല്യവും നല്‌കിയ സ്‌ത്രീയായിരുന്നു അമ്മച്ചി. എട്ടുമക്കളെ വളര്‍ത്തുക എന്ന ഭാരമേറിയ ചുമതല ഇവര്‍ രണ്ടുപേരും നിര്‍വഹിച്ചത്‌ എത്രദുഷ്‌കരമായിരിക്കും എന്ന്‌, അതും സാമ്പത്തികമായി അത്രവലിയ സൗകര്യമില്ലാതിരുന്നപ്പോള്‍ അതെത്ര ഭാരിച്ചതായിരുന്നുവെന്ന്‌, ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ തോന്നുന്നു.