#സാഹിത്യം

പ്രേം പ്രകാശിന്റെ ആത്മകഥ - പ്രകാശവര്‍ഷങ്ങള്‍

30 Jun, 2012

നിർമാതാവും നടനുമായ പ്രേം പ്രകാശിന്റെ ആത്മകഥ ആരംഭിക്കുകയാണ്. ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ആത്മകഥ ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്. ഈ ആത്മകഥയില്‍ പത്മരാജനും മമ്മൂട്ടിയും റഹ്മാനും സുഹാസിനിയും സിബി മലയിലും ജഗതി ശ്രീകുമാറും അച്ചൻകുഞ്ഞും എല്ലാം കഥാപാത്രമാകുന്നു. എഴുപതുകളുടെ അവസാനം മുതലാരംഭിച്ച മലയാളത്തിലെ മദ്ധ്യവര്‍ത്തിസിനിമയുടെ ചരിത്രം കൂടിയാണ് ഈ ആത്മകഥ.

പ്രേം പ്രകാശ്

പ്രേം 1968 ല്‍ കാര്‍ത്തിക എന്ന ചിത്രത്തിലൂടെ ഗായകനായി ചലച്ചിത്ര രംഗത്തുവന്നു . 1970 ല്‍ അഭിനയ രംഗത്തത്തേക്ക്‌. അരനാഴികനേരം ആയിരുന്നു ആദ്യചിത്രം, പണിതീരാത്ത വീട്‌, ചട്ടക്കാരി, ശാപമോക്ഷം, സീമന്തപുത്രന്‍, അവൾ ഒരു ദേവാലയം, സുപ്രഭാതം, കുടെവിടെ, കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍മാന്‍, ഉദയം, ഈറ്റ, രാത്രിമഴ, ജോണിവാക്കര്‍, ആകാശദൂത്‌, എന്റെ വീട്‌ അപ്പൂന്റേം, ചിന്താമണികൊലക്കേസ്‌, ട്രാഫിക്‌, മേരിക്കുണ്ടൊരു കുഞ്ഞാട്‌ തുടങ്ങി അന്‍പതില്‍പ്പരം സിനിമകളില്‍ അഭിനിയിച്ചു.

1978-ല്‍, മലയാളസിനിമയില്‍ ദിശാവ്യതിയാനത്തിനു കാരണമായ, പെരുവഴിയമ്പലം നിര്‍മ്മിച്ചുകൊണ്ട്‌ നിര്‍മാണരംഗത്തേക്കു കടന്നു. പത്മരാജന്റെ ആദ്യചിത്രംകൂടിയായിരുന്നു ഇത്‌. ഏറ്റവും നല്ല മലയാള സിനിമയ്‌ക്കുളള ദേശീയ അവാര്‍ഡ്‌ (1979), പെരുവഴിയമ്പലം കരസ്ഥമാക്കി. അശോകന്‍ എന്ന നടന്റെ ഉദയം ഈ ചിത്രത്തിലൂടെ ആയിരുന്നു. മറ്റ്‌ പല സംസ്ഥാന അവാര്‍ഡുകളും ഈ ചിത്രത്തിനു ലഭിച്ചു. ശ്രദ്ധേയമായ മറ്റുചിത്രങ്ങളും നിര്‍മ്മിച്ചു. കുടെവിടെ, ആകാശദൂത്‌, എന്റെ വീട്‌ അപ്പുന്റേം എന്നീ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ഇടം കണ്ടെത്തി. കൂടാതെ നിരവധി അവാര്‍ഡുകളും ഈചിത്രങ്ങള്‍ക്കു ലഭിച്ചു. എന്റെ വീട്‌ അപ്പൂന്റേം എന്നചിത്രത്തിലൂടെ പ്രേം പ്രകാശിന്റെ മക്കള്‍ ബോബി- സഞ്‌ജയ്‌ ടീം സിനിമാതിരക്കഥാരംഗത്തു പ്രവേശിച്ചു. ഇവരുടെ മറ്റു രചനകളായ നോട്ട്‌ബുക്ക്‌, ട്രാഫിക്‌ എന്നീ സിനിമകളും മലയാള സിനിമാരംഗത്ത്‌ പുതിയ ചലനങ്ങള്‍ ഉണ്ടാക്കി. ആകാശദൂതിനു ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. എന്റെ വീട്‌ അപ്പുന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ജയറാമിന്റെ പുത്രന്‍ കാളിദാസന്‌ നല്ല ബാലനടനുളള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. ഈ ചിത്രത്തെ കലാമൂല്യവും ജനപ്രീതിയുമാര്‍ജിച്ച മികച്ച ചിത്രമായി സംസ്ഥാനവും തെരഞ്ഞെടുത്തു.