#കപടവാർത്ത

യഥാര്‍ത്ഥ ഇടതുമാദ്ധ്യമപ്രവര്‍ത്തകന്‍ മനോരമയിലേക്ക്; വലതുപക്ഷത്ത് ആശങ്ക

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിൽ ജോലിചെയ്യുന്ന യഥാർത്ഥ ഇടതുപക്ഷത്തിന്റെ പോരാളിയായ മാദ്ധ്യമ പ്രവര്‍ത്തകൻ മനോരമ ന്യൂസില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്ത വലതുപക്ഷത്ത് ആശങ്ക സൃഷ്ടിക്കുന്നതായി അറിയുന്നു. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടായിരുന്ന ഇയാൾ പിന്നീട് വിഎസ് ഉയര്‍ത്തിയ ആശയ സമരത്തില്‍ ആകൃഷ്ടനായി പുറത്ത് പോകുകയായിരുന്നു. ആശയ സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ജിഹ്വകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം പിന്നീട് ഒരു ദിനപ്പത്രത്തിലേക്ക് മാറുകയായിരുന്നു. അവിടെയും യഥാര്‍ത്ഥ ഇടത് പ്രവര്‍ത്തനം നടത്തി വരുന്നതിനിടയിലാണ്‌ ഇദ്ദേഹം മനോരമയില്‍ ചേരുമെന്ന വാര്‍ത്ത പരക്കുന്നത്.

കാലങ്ങളായി വലതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള മനോരമ കുടുംബത്തിലേക്ക് ഒരു യഥാര്‍ത്ഥ ഇടതന്‍ വരുന്നു എന്ന വാര്‍ത്ത വലതുകേന്ദ്രങ്ങളെ ആശങ്കയിലാക്കി എന്നറിയുന്നു. ഇതുവരെ ചാനല്‍ ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്ക് യഥാര്‍ത്ഥ ഇടതരെ അടുപ്പിക്കാത്ത മനോരമ ഇത്തരക്കാരെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യമാണ്‌ അവിടെ നിന്ന് കേള്‍ക്കുന്നത്. എന്നാല്‍ കാലത്തിന്‌ അനുസരിച്ചുള്ള ഒരു മാറ്റത്തിന്‌ മനോരമ തയ്യാറെടുക്കയാണോ എന്ന സംശയവും ഇവരില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മനോരമ പത്രവും ചാനലും പുലര്‍ത്തുന്ന ദ്വന്ദ്വസ്വഭാവം ചൂണ്ടിക്കാട്ടി ആപല്‍ സൂചന നല്‍കുന്നവരുമുണ്ട്. മനോരമ വിരോധം പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി കാണുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നും കടന്നു വരുന്ന ഒരാള്‍ക്ക് ഒരിക്കലും മനോരമയുടെ ഇപ്പോഴത്തെ നയത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ല എന്ന വസ്തുതയാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത് . ഇത്തരക്കാരുമായി എന്ത് തരത്തിലുള്ള കരാറാകും മാനെജ്മെന്റ് ഒപ്പുവച്ചിട്ടുണ്ടാകുക എന്ന ആശങ്കയാണ്‌ ഇവരില്‍ പലരും പങ്കു വയ്കുന്നത്. ഈ വിഷയങ്ങളൊക്കെ വലതുനേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഇവര്‍ പറയുന്നു.

യഥാര്‍ത്ഥ ഇടത് കേന്ദ്രങ്ങള്‍ ഈ വാര്‍ത്തയോടെ സമ്മിശ്രമായാണ്‌ പ്രതികരിച്ചത്. ചന്ദ്രശേഖരനെപ്പോലെ ഉള്ള ഒരു ഉന്നത നേതാവിന്റെ അനുഭവം സുരക്ഷിത കേന്ദ്രങ്ങള്‍ തേടാന്‍ യഥാര്‍ത്ഥ ഇടതരെ നിര്‍ബന്ധിതരാക്കുന്നതിന്റെ സൂചനകളാണ്‌ ഇതെന്ന് ചിലര്‍ പറയുമ്പോള്‍ വര്‍ഗ്ഗ സമരത്തോടൊപ്പം വര്‍ഗ്ഗ സഹകരണവും വിപ്ലവത്തിന്റെ വഴികളാണ്‌ എന്ന് ചിലര്‍ പറയുന്നു. 'നമ്മുടെ സാമീപ്യം' ചിലപ്പോള്‍ മനോരമയിലടക്കം വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കാമെന്ന് മറ്റ് ചിലര്‍ പറയുന്നു. എന്നാല്‍ ജോൺ ബ്രിട്ടാസ് കൈരളി വിട്ട് ഏഷ്യനെറ്റില്‍ ചേര്‍ന്നതുമായി താരതമ്യം ചെയ്താല്‍ ഇത് അത്രയ്ക്ക് അപകടകരമല്ല എന്നാണ്‌ യഥാര്‍ത്ഥ ഇടത് കേന്ദ്രങ്ങള്‍ പൊതുവെ വിലയിരുത്തുന്നത്. ബ്രിട്ടാസ് മര്‍ഡോക്കുമായി സഹകരിക്കുമ്പോള്‍ ഇവിടെ കേവലം മനോരമയാണ്‌ എന്ന് മറക്കരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമായ അസംബന്ധം എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ഉണ്ട്. യഥാര്‍ത്ഥ ഇടതുപക്ഷ പ്രവര്‍ത്തകന്‌ ഒരിക്കലും മനോരമയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നും മനോരമക്ക് എതിരെ പുസ്തകം എഴുതിയ ആളുടെ പ്രസിദ്ധീകരണത്തിലെ സജീവ സാന്നിദ്ധ്യമായ ഈ മാദ്ധ്യമ പ്രവര്‍ത്തകന്‌ എങ്ങനെ മനോരമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാകുമെന്നും ഇവര്‍ ചോദിക്കുന്നു. സംഗതി സത്യമാകരുതേ എന്നുള്ള മൌനപ്രാര്‍ത്ഥനയിലാണ്‌ ഈ വിഭാഗം.