#സാഹിത്യം

പാട്ടുപാടുന്ന ജീവിതം

10 Jul, 2012

അദ്ധ്യായം രണ്ട്‌

റേഡിയോയിലൂടെ ഹിന്ദിപ്പാട്ടു മാത്രം കേൾക്കുന്ന സ്വഭാവമായിരുന്നു എന്റെ സഹോദരങ്ങള്‍ക്ക്‌. അതുകൊണ്ടുതന്നെ ഞാനും അതിലേക്ക്‌ ആകൃഷ്‌ടനായി. അങ്ങനെയാണ്‌ മുഹമ്മദു റാഫിയെയും തലത്‌ മഹമൂദിനേയും മുകേഷിനെയും ഹേമന്ത്‌ കുമാറിനെയും മന്നാ ഡേയെയും മഹേന്ദ്ര കപൂറിനെയും കിഷോർ കുമാറിനെയും സുബീര്‍ സെന്നിനെയും ലതാമങ്കേഷ്‌കറെയും ഗീതാ ദത്തിനെയും ആശാ ഭോസ്ലെയെയും സുരയ്യയെയും ഷംഷദ്‌ ബീഗത്തെയും ഒക്കെ ഞാനിഷ്‌ടപ്പെട്ടു തുടങ്ങിയത്‌. ഇന്നും ഇവരൊക്കെത്തന്നെയാണ്‌ എന്റെ ദിവസങ്ങള്‍ ധന്യമാക്കുന്നത്‌. ഇന്നും എനിക്കേറെയിഷ്‌ടം ഇവരുടെ പാട്ടുകളാണ്‌. ഞാനവയിന്നും പാടാറുണ്ട്‌.

വ്യത്യസ്‌തശബ്‌ദത്തിനുടമകളായ ഈ ഗായകര്‍ അദ്‌ഭുതം തന്നെയാണ്‌. ഹൃദയഹാരിയായ ട്യൂണുകള്‍. ഓരോ ഗായകരുടെയും ഏതു പാട്ടാണ്‌ ഇഷ്‌ടം എന്നു ചോദിച്ചാൽ പറയാൻ പ്രയാസം. റാഫിയുടെ ചൗദ്‌വി കാ ചാന്ദ്‌, തേരേ മേരേ സപ്‌നേ, യാദ്‌ ന ജായേ ബീതേ ദിനോം കി, യെഹ്‌സാന തേരാ തേരീ ആഖോ കി സിവാ, സിന്ദഗി ഫിര്‍ നഹി, മുകേഷിന്റെ സാരംഗാ, ആസൂ ഭരീ ഹേ..., തലത്തിന്റെ ജല്‍തേ ഹേ ജിസ്‌കേലിയേ, ജായേ തോ ജായേ കഹാം, ഫിര്‍ വഹീ ശ്യാം, ശ്യാമേ ഘം കീ കസം...., ഹേമന്തിന്റെ ജാനേവോ കൈസേ, യാ ദില്‍ കീ സുനോ, ബേക്കരാരു ദില്‍, പുക്കാരേ തേരീ ദുനിയാ ജീനേ സേ, മന്നാ ഡേയുടെ പുഝോനാ കൈസേ, കോന്‍ ആയാ, പ്യാര്‍ കാ സാഗര്‍, സിന്ദഗീ, മഹേന്ദ്ര കപൂറിന്റെ നീല്‌ ഗഗന്‌ കേ തലേ, ചാന്ദ്‌ ചുപാ ഓര്‍ താരേ ഡൂബേ, ദില്‍ ലഗാക്കര്‍ ഹം യേ സംഝേ, കിഷോറിന്റെ കോയി ഹംദം ന രഹാ, കോയീ ഹോത്താ ജിസ്‌ കോ സപനാ, മുസാഫിര്‍ ഹേ യാരോ...

ഇവയില്‍ ഏതു പാട്ടാണ്‌ നല്ലതെന്ന്‌ എങ്ങനെ പറയും? പാട്ടുകളെക്കുറിച്ച്‌ എത്ര പേജ്‌ എഴുതിയാലും എനിക്കു മതിയാകില്ല. കാരണം അത്രയ്‌ക്കാണ്‌ പാട്ടിനോട്‌ എന്റെ പ്രണയം. മലയാളത്തിലെ എന്റെ ഇഷ്‌ട സംഗീതസംവിധായകന്‍ ബാബുരാജാണ്‌. അതിനു പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ട്‌. അതു വഴിയേ പറയാം.