#സാഹിത്യം

കലാലയസ്‌മരണകളും ഹെലനും

21 Jul, 2012

ഒരുകൊല്ലത്തിനുശേഷം വീണ്ടും ഞാൻ എന്റെ പഴയ സ്‌കൂളിലേക്ക്‌ തിരികെവന്നു. എസ്‌. എച്ച്‌. മൗണ്ടിലേക്ക്‌. കഴിഞ്ഞ ഒരുവർഷം എന്നെ പാകപ്പെടുത്താനും പരിവര്‍ത്തിപ്പിക്കാനും നടത്തിയൊരു പരീക്ഷണമായിരുന്നിരിക്കാം. ആരൊക്കെയാണ്‌ അതിന്റെ പിന്നണിക്കാര്‍ എന്ന്‌ ഇന്നും എനിക്കറിയില്ല. ഏതായാലും ഒരു വര്‍ഷത്തെ പറിച്ചുനടലിനുശേഷം എന്നെ വീണ്ടും മൂഷികസ്‌ത്രീയാക്കിക്കൊണ്ട്‌ സ്‌കൂളും അതിന്റെ പരമാധികാരി ഫാദര്‍ മ്യാലിലും ഒരിക്കൽക്കൂടി എന്റെ ജീവിതത്തിനുമേല്‍ നിഴല്‍ വിരിച്ചു. 

പഴയ ഹെഡ്‌മാസ്റ്റര്‍ ഫാദര്‍ മ്യാലിലിനു മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള മാനസികമായ അനൈക്യം അതേപടി തുടര്‍ന്നു. ഞങ്ങള്‍ തമ്മില്‍ ഒരുവിധത്തിലും പൊരുത്തപ്പെട്ടില്ല. എങ്കിലും പഠിത്തവും കലാപ്രവര്‍ത്തനവും ഞാന്‍ ഒരുപോലെ നടത്തിയിരുന്നു. പാട്ടും ടാബ്ലോയും നാടകവും - സമ്മാനങ്ങളും എല്ലാവര്‍ഷവും കിട്ടി. ഹെഡ്‌ മാസ്റ്ററുടെ കടുംപിടിത്തത്തില്‍ കുറെ ടീച്ചേഴ്‌സിനു പോലും അതൃപ്തിയുണ്ടായിരുന്നു.

ഇടയ്‌ക്ക്‌ ഒരുവര്‍ഷക്കാലത്തേക്ക്‌ ഹെഡ്‌മാസ്റ്റര്‍ ഫാദര്‍ മ്യാലിന്‍ മാറി ഫാദര്‍ പതിയന്‍ വന്നു. അദ്ദേഹം വളരെ സോഫ്‌റ്റായിരുന്നു. പതിയനച്ചന്‌ എന്നെ എന്തുകൊണ്ടോ വലിയ ഇഷ്‌ടമായിരുന്നു. പക്ഷേ, ആ സുഖകാലം നീണ്ടുനിന്നില്ല. എന്തോ ആവശ്യത്തിന്‌ അമേരിക്കന്‍ സന്ദര്‍ശനം ഉണ്ടായതുകൊണ്ടാണ്‌ മ്യാലിലച്ചന്‍ വിട്ടുനില്‍ക്കാനിടയായത്‌. വീണ്ടും അമേരിക്കയില്‍നിന്നു ഫാദര്‍ മ്യാലില്‍ തിരികെ വന്നു ഹെഡ്‌മാസ്റ്റര്‍ സ്ഥാനം എറ്റെടുത്തു.

എസ്‌.എസ്‌.എല്‍.സി.വിദ്യാര്‍ത്ഥിയാണു ഞാനന്ന്‌. പഠിത്തത്തില്‍ വളരെ ശ്രദ്ധ വേണ്ട സമയം. എനിക്കാണെങ്കില്‍ പാട്ട്‌, സിനിമാ കമ്പം തന്നെ തലയില്‍. സ്റ്റഡി ലീവിനുപോലും എല്ലാ സിനിമകളും കാണും. കഷ്‌ടിച്ചാണ്‌ എസ്‌.എസ്‌.എല്‍.സി ജയിച്ചത്‌. മലയാളത്തിനും ഹിന്ദിക്കും ഉയര്‍ന്ന മാര്‍ക്കു കിട്ടിയപ്പോള്‍ സയന്‍സിനും കണക്കിനും കഷ്‌ടിച്ചു കടന്നുകൂടിയെന്നേ പറയാനാകൂ.