#വിശകലനം

ഷവര്‍മയുടെ ജാതിയും രാജവംശവും സുന്നത്തും മറ്റും

01 Aug, 2012

ഭക്ഷണപദാർത്ഥങ്ങൾക്കു ജാതിയും മതവുമുണ്ടോ?

മതം ലോകത്തെ ഏതാണ്ടു സിംഹഭൂരിപക്ഷം വരുന്ന മനുഷ്യരുടെയും സ്വകാര്യവും സാമൂഹികവുമായ സ്വത്വവുമായിത്തന്നെ ബന്ധപ്പെട്ടുനിൽക്കുന്ന കാര്യമായതുകൊണ്ട് ജീവിതവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ഏതാണ്ടെല്ലാക്കാര്യങ്ങള്‍ക്കും മതവുമായും ബന്ധമുണ്ടാകും. ഇന്ത്യ പോലെ നാനാജാതികളും ഉപജാതികളുമായി സമുദായം വിഘടിച്ചുകിടക്കുന്ന സങ്കീര്‍ണസ്ഥലങ്ങളില്‍ അതു കൂടുതല്‍ നിഗൂഢവും ഭീകരവുമായിത്തീരും. അതുകൊണ്ടാണ് വസ്ത്രവിശേഷങ്ങള്‍ മുതല്‍ നിലവിളക്കു വരെ ഇവിടെ മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു വിധേയമാകുന്നത്.

ഇപ്പോള്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ഷവര്‍മയുണ്ടാക്കുന്ന പ്രശ്നങ്ങള്‍. ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ആദ്യമാദ്യം ആരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയായി ഇതു തുടക്കമിട്ടെങ്കില്‍ ഇപ്പോഴത് ഒരു മതരാഷ്ട്രീയബന്ധിത ദുരുദ്ദേശ്യസംവാദമായി മാറുകയാണ്.