#ആരോഗ്യം

ചിരിക്കുന്വോള്‍ നിങ്ങള്‍ വളരെ സുന്ദരനാണ്

17 Apr, 2011

ചിരി പലപ്പോഴും ശത്രുതയെ ഇല്ലാതാക്കുന്ന ഒരുത്തുമ മരുന്നാണ്. പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിൽ ചിരിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. പല കുടുംബങ്ങളിലും വഴക്കുണ്ടാകുന്നതിനുള്ള പ്രധാന കാരണം കുടുംബാംഗങ്ങൾക്ക് ചിരി നഷ്ടപ്പെടുന്നതാണ്. ഇത് ഒരു പരസ്യവാചകം മാത്രമല്ലെന്ന സത്യം എല്ലാവരും തിരിച്ചറിയണം.

"അയാള്‍ക്കെന്താ ഒന്നു ചിരിച്ചാല്‍, മൊശടൻ ..." - ദൈനംദിനം പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഡയലോഗാണിത്. ഭർത്താവിനെക്കുറിച്ച് ഭാര്യ പറയുന്നതാകാം, കടക്കാരനെക്കുറിച്ച് ഉപഭോക്താവിന്റെ പരാതിയാകാം, മേലധികാരിയെക്കുറിച്ച് കീഴ്ജീവനക്കാരന്റെ ആവലാതിയാകാം. പെണ്ണുകാണാന്‍ വന്ന ചെറുക്കനെക്കുറിച്ചുള്ള പൊതുവിലയിരുത്തലാകാം... സാധാരണ കേള്‍ക്കാറുള്ള ഒരു കാര്യമാണ് ചിരിയില്‍ എന്തിരിക്കുന്നുവെന്നത്? എന്നാല്‍ അങ്ങനെ ചോദിക്കുന്നവരോട് നിങ്ങള്‍ പറയണം ചിരിയില്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന്.

ടെന്‍ഷനുകള്‍ നിറയുന്ന ലോകത്ത് നിഷ്‌കളങ്കമായ പുഞ്ചിരി ഒരു അമൂല്യവസ്തുവായി മാറിക്കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ പരാജയപ്പെട്ടവരെക്കുറിച്ച് പഠനം നടത്തിയ ഒരു വിദേശ പ്രൊഫസറുടെ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. അവരില്‍ 90 ശതമാനംപേരും പുഞ്ചിരിക്കാത്തവരും പുഞ്ചിരി നഷ്ടപ്പെട്ടവരുമായിരുന്നു. അവരുടെ സംരംഭങ്ങള്‍ പരാജയപ്പെട്ടു. കുടുംബജീവിതം തകര്‍ന്നു, സമൂഹത്തില്‍ തന്നെ പലരും ഒറ്റപ്പെട്ടു. ലോകത്തെ നോക്കി പുഞ്ചിരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ കടുത്ത പരാജയങ്ങളില്‍ അവര്‍ പതിക്കില്ലായിരുന്നുവെന്നും പഠനം വിലയിരുത്തുന്നു.

കുട്ടികള്‍ എത്ര നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്നു. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ടാണത്. പക്ഷേ, പ്രായമേറുമ്പോഴോ? പുഞ്ചിരി വറ്റിത്തുടങ്ങും. ജീവിതാനുഭവങ്ങള്‍ മനസ്സില്‍ കാലുഷ്യവും കാപട്യവും നിറയ്ക്കുന്നതോടെ പുഞ്ചിരിക്കാനുള്ള കഴിവ് മെല്ലെമെല്ലെ നഷ്ടമാകും. ഒരു ഫോട്ടോക്ക് പോസ്സുചെയ്യുന്വോഴായിരിക്കും നമ്മള്‍തന്നെ നമുക്ക് പുഞ്ചിരിക്കാനാവില്ലെന്ന് തിരിച്ചറിയുക. 'ഒന്നു ചിരിച്ചേ' എന്ന് ഫോട്ടോഗ്രാഫര്‍ പറയുമ്പോള്‍ നാം ആയാസപ്പെട്ട് ചിരിക്കാന്‍ ശ്രമിക്കും.