#സാഹിത്യം

സൈക്കിള്‍ മോഷ്‌ടാക്കള്‍

06 Aug, 2012

പ്രേംപ്രകാശിന്റെ ആത്മകഥ: ഭാഗം നാല്

അദ്ധ്യാപകർക്ക്‌ എന്നെ വലിയ ഇഷ്‌ടമായിരുന്നു. ഒരു കലാകാരനാണെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. സ്‌കൂൾ ജീവിതകാലത്തെ ഉഴപ്പുകള്‍ ഒന്നും അപ്പോളില്ലായിരുന്നു സിനിമാകാഴ്‌ച ഒഴിച്ച്‌. അതുമാത്രം മുടക്കാനാകുന്ന ഒരു കാര്യമായിരുന്നില്ല. മാത്രമല്ല, അത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരുഴപ്പുപരിപാടിയുമായിരുന്നില്ല. ഞാനേറ്റവും ഗൗരവത്തോടെ ചെയ്‌തിരുന്നൊരു പ്രവൃത്തിയും പഠനവുമായിരുന്നു അത്‌. ഇന്നും ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു പിന്നില്‍ അന്നു കണ്ടുകൂട്ടിയ സിനിമകള്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്‌. 

എസ്‌.ബി.യിലെ പഴയ കൂട്ടുകാരില്‍ എല്ലാവരെയും ഇന്നും പല വേദികളില്‍ക്കാണാറുണ്ട്‌. ജോര്‍ജ്‌ ഓണക്കറിനെ മിക്കവാറും കാണും. കാമന, ഉള്‍ക്കടല്‍ തുടങ്ങിയ ജോര്‍ജ്‌ നോവലുകള്‍ സിനിമയായവയാണല്ലോ. എന്നാലും ഒരു സിനിമക്കാരനാകാൻ ജോര്‍ജ്‌ ശ്രമിച്ചതേയില്ല. ഉള്‍ക്കടല്‍ കെ.ജി.ജോര്‍ജ്‌ സിനിമയാക്കിയപ്പോള്‍ വന്‍ ഹിറ്റായിരുന്നു. അന്നു ശ്രമിച്ചിരുന്നെങ്കില്‍ ജോര്‍ജിന്‌ വലിയൊരു സിനിമാക്കാരനാകാനായേനേ. പില്‍ക്കാലത്ത്‌ ജോര്‍ജ്‌ ഓണക്കൂറിന്റെ കാമന എന്ന നോവല്‍ ഭരത്‌ ഗോപി അര്‍ച്ചനയെ നായികയാക്കി യമനം എന്ന പേരില്‍ സിനിമയാക്കി.

ഉള്‍ക്കടല്‍ ഒരു ക്യാംപസ്‌ പ്രേമകഥയാണ്‌. ഒരു കൊടുംദുരന്തപ്രേമകഥ. ഒരുപക്ഷേ, ആ നോവലിന്റെ പിന്നിലെവിടെയെങ്കിലും ഞാനും ജോര്‍ജും ഒന്നിച്ചു പഠിച്ച എസ്‌.ബി.കോളജ്‌ കാലത്തിന്റെ നേര്‍ത്ത അനുഭവപടലവും ഉണ്ടായിരിക്കാം. ബേബി സെബാസ്റ്റ്യനെപ്പോലുള്ള അന്നത്തെ കൂട്ടുകാരും ഇന്നും ഓര്‍മയിലും ജീവിതത്തിലും സജീവമാണ്‌. ഒരുപിടി നല്ല ഓര്‍മ്മകളുമായാണ്‌ എസ്‌. ബി.കോളേജ്‌ വിട്ടത്‌.