#സാഹിത്യം

പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!

02 Sep, 2012

അദ്ധ്യായം അഞ്ച്

എന്റെ പേര് പ്രേം പ്രകാശ് എന്നു തന്നെയാണെന്നു കരുതുന്നവർ അനേകരാണ്. വേറേ ചിലരുടെ വിചാരം ജോസ് പ്രകാശ് പേരുമാറ്റിയതു കണ്ട് ഞാൻ പേരുമാറ്റിയതാണെന്നാണ്. ജോസ് പ്രകാശിന്റെ യഥാര്‍ത്ഥപേരു ബേബി എന്നാണ്. ആ പേരുമാറ്റി, ജോസ് പ്രകാശ് എന്ന ഇടിവെട്ടു പേരിട്ടത്, മലയാളസിനിമയിലെ പേരിടീൽ വിദഗ്ദ്ധനായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. ജോസ് പ്രകാശെന്ന പേരുമാത്രമല്ല തിക്കുറിശ്ശിയുടെ സംഭാവന. അബ്ദുൾ ഖാദറിനെ പ്രേംനസീറാക്കിയതും കുഞ്ഞാലിയെ ബഹദൂറാക്കിയതും ഒക്കെ തിക്കുറിശ്ശി തന്നെ. അദ്ദേഹം ഇട്ട പേരുകളില്‍ ഒന്നുമാത്രമേ ക്ലച്ചുപിടിക്കാതെ പോയുള്ളു. കെ.പി.ഉമ്മറിന് അദ്ദേഹം സ്‌നേഹജാനെന്ന പേരാണു നിര്‍ദ്ദേശിച്ചത്. പക്ഷേ, ഉമ്മര്‍ അധികകാലം ആ പേരു ചുമന്നില്ല. സ്‌നേഹജാനെന്ന വിചിത്രനാമം വിട്ട് അദ്ദേഹം സ്വന്തം പേരായ കെ.പി.ഉമ്മറിലേക്കു തിരിച്ചുപോയി, ആ പേരില്‍ത്തന്നെ പ്രശസ്തനാകുകയും ചെയ്തു.

ഏതായാലും പലരും കരുതുന്നത്, തിക്കുറിശ്ശിയാണ് എനിക്കും പേരിട്ടതെന്നാണ്. ജോസ് പ്രകാശിന്റെ അനിയന്‍ പ്രേം പ്രകാശ് എന്നിരിക്കട്ടെ എന്ന മട്ടില്‍. പ്രേം നസീറിന്റെ അനിയന്‍ പ്രേം നവാസായതുപോലെ. ഏതായാലും എന്റെ പേരുമാറ്റലും തിക്കുറിശ്ശിയും തമ്മില്‍ ഒരു ബന്ധവുമില്ല. സത്യം പറഞ്ഞാല്‍, പ്രേം പ്രകാശെന്നൊരു പേരിലേക്കു കൂടുമാറാന്‍ എനിക്കൊരു താല്പര്യവുമുണ്ടായിരുന്നില്ലെന്നതാണു സത്യം. എന്റെ പേരു കറിയാച്ചന്‍ എന്നാണ്. വീട്ടുവാതില്‍ക്കല്‍ എഴുതിവച്ചിരിക്കുന്നതും അങ്ങനെ തന്നെ. എന്റെ അടുപ്പക്കാരെന്നെ കറിയാച്ചനെന്നു വിളിക്കുന്നതാണ് എനിക്കിന്നും തൃപ്തി. കോട്ടയത്തു ചൂട്ടുവേലിക്കലുള്ള എന്റെ വീട്ടില്‍ എത്തിയാല്‍ നിങ്ങള്‍ക്കു പ്രേം പ്രകാശിനെ കാണാനേ കിട്ടില്ല. കാരണം, അവിടെ മിക്കവാറും സമയത്ത് കറിയാച്ചന്‍ മാത്രമേ കാണുകയുള്ളൂ. എന്നിട്ടും പിന്നെങ്ങനെ കറിയാച്ചന്‍ പ്രേം പ്രകാശായി? ആ കഥയാണിപ്പോള്‍ പറയാന്‍ പോകുന്നത്.

1965-68 കാലങ്ങളില്‍ കോട്ടയം വൈ.എം.സി.എ.യില്‍ അഖില കേരള സംഗീത മത്സരം നടത്തിയിരുന്നു. ഞാനും അവിടെ ചില ചടങ്ങുകളില്‍ പാടിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ പങ്കെടുത്തത് 65ലാണ്. മലയാളമനോരമ പത്രാധിപര്‍ അന്തരിച്ച കെ.എം. മാത്യുവിന്റെ ഭാര്യ മിസിസ് കെ.എം.മാത്യു (അടുത്തറിയുന്നവരുടെ അന്നമ്മക്കൊച്ചമ്മ), പ്രശസ്ത വയലിനിസ്റ്റ് മൈക്കിള്‍, തങ്കപ്പന്‍ സാര്‍, ഇവരൊക്കെയായിരുന്നു പാട്ടുകള്‍ക്ക് മാര്‍ക്കിട്ടിരുന്നത്. വനിതയുടെ പത്രാധിപയായും പാചകക്കുറിപ്പുകളുടെ രചയിതാവായും ഒക്കെ മിസിസ് കെഎം മാത്യുവിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അധികം ആര്‍ക്കും അറിയാത്തൊരു കാര്യം മിസിസ് കെ.എം.മാത്യു നല്ല വയലിസ്റ്റായിരുന്നു എന്ന കാര്യമായിരിക്കും. ഞാന്‍ കൂടുതലും ഹിന്ദിപ്പാട്ടുകകളാണ് പാടിയിരുന്നത്. തലശ്ശേരിക്കാരനായ ധര്‍മ്മന്‍ നല്ല ഗായകനായിരുന്നു. കോട്ടയം ബസ്റ്റോറ്റട്ടല്‍ ഉടമ രാഘവന്റെ ബന്ധുവായിരുന്നു ധര്‍മന്‍. ബെസ്റ്റോട്ടല്‍ ഒരു ചരിത്രപ്രസിദ്ധയിടമാണ്. സക്കറിയ, ജോൺ ഏബ്രഹാം തുടങ്ങിയവരുടെയൊക്കെ സംഗമസ്ഥാനമായിരുന്നു ഇത്. പൊതുവേ, ഒരു കലാകാരകേന്ദ്രം. ജോണിനുവേണ്ടി സക്കറിയ നടക്കാതെപോയ ജോസഫ് എന്ന പുരോഹിതന്‍ എന്ന തിരക്കഥയെഴുതുന്നത് ഈ ബെസ്റ്റോട്ടല്‍ കാലത്തായിരുന്നു.