#സാഹിത്യം

സിനിമയും തേയിലയും

05 Oct, 2012

എന്റെ പിതാവിന്റെ അസുഖം കൂടിക്കൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ കടയിൽ പോകുകയെന്നത് എന്റെ ജീവിതചര്യയായിക്കൊണ്ടിരുന്നു. സഹോദരങ്ങളെല്ലാം വിവാഹിതരായി. ഇനി എന്റെ ഊഴം. എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞിരുന്നു. പരസ്പരം അറിയുന്ന വീട്ടുകാർ. ജ്യേഷ്ഠൻ ജോസ് പ്രകാശിന്റെ ഭാര്യ ചിന്നമ്മ - ഞങ്ങൾ ചേച്ചി എന്നു വിളിച്ചിരുന്നു- യാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. അങ്ങനെ 1968 ഡിസംബര്‍ 30 ന് ഞാനും ഡെയ്‌സിയും കോട്ടയം ലൂര്‍ദുപള്ളിയില്‍  ഭാര്യാഭര്‍ത്താക്കന്മാരായി. ഈ സമയത്ത് തന്നെ ഡെയ്‌സിക്ക് കോട്ടയം ബി.സി.എം. കോളജില്‍ ലക്ചററായി ജോലി കിട്ടിയിരുന്നു.

ഞാനും ബിസിനസില്‍ വ്യാപൃതനായി. എങ്കിലും എന്റെ കലയോടുള്ള അഭിനിവേശം കുറഞ്ഞില്ല. ഇടയ്ക്കിടെ ഞങ്ങളുടെ ഫ്രണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളകളില്‍ പാടുമായിരുന്നു. കോട്ടയം ഹോം ഗാര്‍ഡന്‍ ക്ലബ്ബിലെ ഒരു ഗാനമേളയില്‍ ഞാന്‍ പാടിയപ്പോള്‍ അന്ന് ഗിറ്റാറിസ്റ്റായി വന്നത് എ.ആര്‍.ജോസഫ്  ആയിരുന്നു. റാഫിയുടെ മേ ഗാവൂ തും സോജാവോ... എന്ന ബ്രഹ്മചാരിയിലെ പാട്ടാണ് ഞാന്‍ പാടിയത്. പില്‍ക്കാലത്ത് ഇതേ എ.ആര്‍. ജോസഫിനെ എന്റെ സിനിമയിലൂടെ ഒരു സംഗീതസംവിധായകനായി അവതരിപ്പിക്കാന്‍ (എന്റെ കാണാക്കുയില്‍) കഴിഞ്ഞു.

ഒന്നാന്തരം പാട്ടുകളാണ് എന്റെ മൂന്നു ചിത്രങ്ങളിലായി ജോസഫ് ഒരുക്കിയത്. ഇന്നും കേരളം ഏറ്റുപാടുന്ന മെലഡികള്‍. ഒരേ സ്വരം... (എന്റെ കാണാക്കുയില്‍), കാരുണ്യക്കതിര്‍ വീശി... (ഈ കൈകളില്‍) ആകാശഗംഗാ തീരത്തിനപ്പുറം..., പ്രഭാതം വിടര്‍ന്നു... (കുഞ്ഞാറ്റക്കിളികള്‍). പിന്നീടു പക്ഷേ, മറ്റു സിനിമകളിലൂടെ മുന്നേറാന്‍ എന്തുകൊണ്ടോ ജോസഫിനു കഴിഞ്ഞില്ല. സിനിമ അങ്ങനെയൊക്കെയാണ്. പ്രതിഭകൊണ്ടുമാത്രം പ്രയോജനം ഭവിക്കണമെന്നില്ല.

അറുപതുകളില്‍ ജ്യേഷ്ഠന്‍ ജോസ് പ്രകാശിന് നാഷണല്‍ തിയറ്റേഴ്‌സ് എന്നൊരു നാടകക്കമ്പനി സ്വന്തമായുണ്ടായിരുന്നു. പ്രശസ്തമായ കുറെ നാടകങ്ങള്‍ ഇന്ത്യയിലുടനീളം അവതരിപ്പിച്ച സമിതിയായിരുന്നു അത്. സുപ്രസിദ്ധ സംഗീതജ്ഞരായ ജയവിജയന്മാര്‍ ഞങ്ങളുടെ അയല്‍വാസികളും അടുത്ത കുടുംബസുഹൃത്തുക്കളുമായിരുന്നു. അതുകൊണ്ട്  തന്നെ ജ്യേഷ്ഠന്റെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചതും അവരാണ്. ജയനെ (പ്രസിദ്ധ നടന്‍ മനോജ് കെ.ജയന്റെ  പിതാവ്) തനിച്ചാക്കി വിജയന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞു, ജയവിജയന്മാര്‍ പില്‍ക്കാലത്ത് ഏതാനും സിനിമകള്‍ക്കും ഒട്ടേറെ മനോഹരഭക്തിഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നു. എനിക്കു വിശക്കുന്നു എന്ന നെടുമുടിച്ചിത്രത്തിനാണെന്നു തോന്നുന്നു, അവര്‍ അവസാനം ഒരു സിനിമയ്ക്കു സംഗീതം നല്കിയത്. അതിപ്രശസ്തങ്ങളായ മയില്‍പ്പീലി ഭക്തിഗാനക്കാസറ്റിലെ പാട്ടുകളാണ് അവരുടെ മാസ്റ്റര്‍പീസ്.