#വെബ്

ഏജന്റ് ജാദുവും ഇന്റര്‍നെറ്റ് മലയാളിയും

വളരെപ്പെട്ടെന്നായിരുന്നു ഏജന്റ് ജാദു ഇന്റർനെറ്റിൽ ചർച്ചാ വിഷയമായത്, മലയാള സിനിമയെ രക്ഷിക്കാനായി അവതരിച്ച പുത്തൻ അവതാരമെന്നായിരുന്നു ഏജന്റ് ജാദൂവിനെക്കുറിച്ച് അവരുടെ തന്നെ അവകാശവാദം. പ്രതിസന്ധിയിലായിരിക്കുന്ന മലയാളസിനിമയുടെ പകർപ്പുകൾ അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ തങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടന്ന അവകാശവാദവുമായി രംഗത്തെത്തിയ ഏജന്റ് ജാദൂവിന്റെ പിന്നണിക്കാർ ഇതിനകം തന്നെ ചില മലയാളസിനിമകളുടെ കോപ്പിറൈറ്റ് സംരക്ഷണം ഏറ്റെടുക്കയും അവ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയും ചെയ്തുവന്നെ അവകാശവാദവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ഏജന്റ് ജാദൂവിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാച്ചിലർ പാർട്ടിയെന്ന സിനിമ അപ്‌ലോഡ് ചെയ്തവരെയും ടോറന്റുകൾ എന്നറിയപ്പെടുന്ന ഫയൽ ഷെയറിങ് സോഫ്റ്റ്‌വെയർ വഴി ഷെയർ ചെയ്തവരുടെയും ഐപി അഡ്രസുകൾ സിനിമാ പൈറസി കണ്ടെത്തുവാനായി നിയോഗിച്ചിട്ടുള്ള ഗവണ്മെന്റ് ഏജൻസിയായ ആന്റി പൈറസി സെല്ലിനു കൈമാറിയതായുമായുള്ള വാർത്ത മനോരമ ന്യൂസ് ആണ് പുറത്ത് വിട്ടത്. സിനിമ ഇന്റർനെറ്റിലെത്തിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായും അവ ഷെയര്‍ ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളീൽ ഈ വാർത്ത സോഷ്യൽ കമ്മ്യുണിറ്റി സൈറ്റുകളിൽ ചർച്ചാ വിഷയമായി. നിജസ്ഥിതി തെരക്കിയും ധാർമ്മിക അധാർമ്മിക വശങ്ങൾ ചര്‍ച്ചചെയ്തും സാങ്കേതിക കാര്യങ്ങൾ വിശദമാക്കിയും നിരവധി പോസ്റ്റുകളാണ് ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ് എന്നീ സോഷ്യൽ കമ്മ്യുണിറ്റി സൈറ്റുകളിൽ പോസ്റ്റ് ചെയ്യപ്പെട്ടത്.

ഏജന്റ് ജാദൂവിന്റെ പിന്നണിക്കാർ ചെയ്യുന്നത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും മനോരമയിൽ വന്നത് പെയ്ഡ് ന്യൂസാണെന്നുമുള്ള ആരോപണമാണ് ഇതിനെ പിൻപറ്റിയുണ്ടായത്. മാത്രമല്ല, ഈ വാർത്ത സത്യമാണെങ്കിൽ നിരവധി ഗുരുതരങ്ങളായ കുറ്റങ്ങൾ ഇതിനകം തന്നെ ഏജന്റ് ജാദൂവിന്റെ പിന്നണിക്കാർ ചെയ്തതായി സോഷ്യൽ മീഡിയാഉപയോക്താക്കൾ ആരോപിക്കുന്നു. ഏജന്റ് ജാദു എന്ന സോഫ്റ്റ്‌വെയെർ തന്നെ തട്ടിപ്പാണ് എന്നും ഇവർ ആരോപിക്കുന്നു.