#രാഷ്ട്രീയം

കാര്‍ട്ടൂണുകള്‍ക്ക് കൈയാമം വീഴുന്ന കാലത്ത്...

11 Sep, 2012

കാർട്ടൂണിസ്റ്റുകളെ കൈയാമം വയ്ക്കുന്നതോടെ ഒരു രാജ്യം അതിന്റെ ഭീകരവാദം പരമകാഷ്ഠയിലെത്തിക്കുന്നു എന്നുവേണമെങ്കിൽ പറയാം. ഇന്നിപ്പോൾ അഴിമതിക്കെതിരെ കാര്‍ട്ടൂൺ വരച്ച സ്വതന്ത്ര കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് ഇന്ത്യൻ ഭരണകൂടങ്ങളുടെ അസഹിഷ്ണുത ഏതറ്റം വരെയെത്തിയിരിക്കുന്നു എന്നതിന് നല്ലൊരു തെളിവായിട്ടുണ്ട്.

അസിം അണ്ണാ ഹസാരേ സംഘക്കാരനാണെന്നതുകൊണ്ട്, അണ്ണാ രാഷ്ട്രീയരീതികളെ എതിര്‍ക്കുന്നവര്‍ക്ക് ഈ അറസ്റ്റിനോട് യോജിക്കാനാകുമോ? ഒരിക്കലും ഇല്ലതന്നെ. അസിമിനോട് ഭരണകൂടം ചെയ്യുന്നത് ഒരു രാജ്യം അതിന്റെ പ്രജകളോടു ചെയ്യുന്ന കൊടുമകളില്‍ അങ്ങേയറ്റമെന്നുതന്നെ ഉറക്കെ വിളിച്ചുപറയേണ്ടതുണ്ട്. അതും കാര്‍ട്ടൂണിസ്റ്റുകളോടും കാര്‍ട്ടൂണുകളോടും ഭരണകൂടങ്ങള്‍ ഈവിധം പ്രവര്‍ത്തിക്കുന്നതിനെ കൂടുതല്‍ കുഴപ്പങ്ങളുടെ കവാടമായിത്തന്നെ പരിഗണിക്കണം. ഈയിടെ മമതാ ബാനര്‍ജിയും തനിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചവരോട് അങ്ങേയറ്റം അസഹിഷ്ണുതാപരമായാണു പെരുമാറിയത്. ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരും പോലീസും കോടതിയുമാണ് കാര്‍ട്ടൂണിനെ കെട്ടിപ്പൂട്ടി ഇരുട്ടറയില്‍ തള്ളാന്‍ ശ്രമിക്കുന്നത്.

കാര്‍ട്ടൂണിസ്റ്റ് അസീമിനെതിരെ ചാര്‍ജു ചെയ്തിരിക്കുന്നത് രാജ്യദ്രോഹകുറ്റമാണെന്നതാണു കൂടുതല്‍ ഗൌരവകരം. കാര്‍ട്ടൂണില്‍ ദേശീയപതാകയെയും ദേശീയചിഹ്നത്തെയും ഉള്‍പ്പെടുത്തിയതിനെ ഉപജീവിച്ച്, ദേശീയ ചിഹ്നത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

കാര്‍ട്ടൂണുകള്‍ വികലതകളെയും വിലക്ഷണതകളെയും അപനിര്‍മിക്കാനുള്ള വേറിട്ട ശ്രമമാണെന്നതിനാല്‍ ദേശീയപ്രതീകങ്ങളെയോ പ്രതിച്ഛായകളെയോ ഒന്നും കാര്‍ട്ടൂണില്‍ വേറിട്ടൊന്നായി വരയ്ക്കുന്നതില്‍ അവലക്ഷണം കാണേണ്ട കാര്യമില്ല. എല്ലാത്തിനെയും പര്‍വതീകരിച്ചോ ന്യൂനീകരിച്ചോ വക്രീകരിച്ചോ ചിത്രീകരിച്ചുകൊണ്ടാണ് കാര്‍ട്ടൂണിസ്റ്റ് തന്റെ നര്‍മത്തിന്റെ സമവാക്യവും അതുവഴി രാഷ്ട്രീയചിന്തയുടെ സ്ഫുരണവും സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും ആവശ്യമില്ല. പക്ഷേ, ഇവിടെ സംഭവം എതിര്‍പ്പിന്റെ ഏതു തൂലികത്തുമ്പിനെയും പൂട്ടിക്കെട്ടുമെന്ന ധാര്‍ഷ്ട്യം തന്നെയാണ്.