#രാഷ്ട്രീയം

ഇരവാദം മുഴക്കുന്ന സവർണ്ണ ഫാസിസം

ജർമൻ പാര്‍ലെമന്റ് മന്ദിരത്തിന് സ്വയം തീവെക്കുകയും ആ കുറ്റം കമ്യൂണിസ്റ്റുകാരുടേയും ജൂതന്‍മാരുടേയും തലയിലിട്ട് അതിന്റെ പേരിൽ ആദ്യം കമ്യൂണിസ്റ്റുകാരെയും പിന്നീട് ജൂതന്‍മാരെയും ഒന്നൊഴിയാതെ വേട്ടയാടി മനുഷ്യ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെ അസ്തമിപ്പിക്കുകയും ചെയ്ത ഒരു മനുഷ്യനുണ്ടായിരുന്നു. ആവര്‍ത്തിച്ചുള്ള നുണകൾ സത്യങ്ങളാകുമെന്ന് കണ്ടത്തി പ്രാക്റ്റീസ് ചെയ്ത ഒരാൾ അയാൾക്ക് വലം‌കയ്യായുണ്ടായിരുന്നു. നാസിസത്തിന്റെ പ്രയോഗത്തിലെ ഏറ്റവും ശക്തനായ സ്റ്റ്രാറ്റജിസ്റ്റ്.

ഗീബല്‍സിനുമുമ്പ്, അതും രണ്ട് സഹസ്രാബ്ദം മുമ്പ്, അതിലും എത്രയോ വ്യക്തമായി ഇത് പറഞ്ഞത് കൌടില്ല്യനായതിൽ ഒട്ടും അതിശയമില്ല. സംഘപരിവാരത്തെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നത് ചരിത്രപരമായ അനീതിയാണ്, നാസികളെ, ഫാസിസ്റ്റുകളെ സംഘപരിവാർ എന്ന് വിളിക്കുകയാണ് വാസ്തവത്തിൽ വേണ്ടത്. ഇവിടെ നിന്ന് പോയതിന്റെ ബാക്കിയേയുള്ളൂ ലോകത്തിലെ അനീതിയുടെ ഫിലോസഫിക്കൽ ടൂളുകൾ(കടപ്പാട്: ദീപക് ശങ്കരനാരായണൻ)

നുണപ്രചരണം പ്രധാന പ്രവർത്തനമായി സ്വീകരിച്ച ലോകത്തിലെ തന്നെ പ്രധാന സംഘടനകളുടെ എണ്ണമെടുക്കുമ്പോൾ പ്രധാനമായും കടന്നുവരിക ഈ മൂന്നു സംഘടനകൾ ആണെന്നു നിസ്സംശയം പറയാം. സ്വന്തം ജനതയുടെ ക്ഷേമത്തേക്കാൾ ഇതര സമൂഹത്തിന്റെ തകർച്ച മുഖ്യ അജണ്ടയാക്കിയ ഹിംസാത്മക കൂട്ടായ്മകൾ. ഇറ്റലിയിലും ജർമ്മനിയിലും ഈ സംഘടനകളുടെ ക്രൌര്യം ചില വ്യക്തികളെ കേന്ദ്രീകരിച്ചു മാത്രമായിരുന്നു നിലനിന്നത് എങ്കിൽ മുൻപെ സൂചിപ്പിചതു പോലെ ഇവരുടെയൊക്കെ യഥാർത്ഥ മാതൃകകളായ ഇന്ത്യൻ ബ്രാഹ്മണിസം ഒരു വടവൃക്ഷമായി തലമുറകൾ തന്നെ മാറി വളർന്നുവലുതായിരിക്കുന്നു എന്നത് ഭീകരമായ യാഥാർത്ഥ്യം മാത്രം.

വാസ്തവത്തിൽ കൃത്രിമമായ ഇരവാദം അടിസ്ഥാനമാക്കിയായിരുന്നു ഈ മൂന്നു സംഘടനകളുടെയും നിലനില്പ്. ജനസംഖ്യയിൽ ഭൂരിപക്ഷമായവരെ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ഈ ഹിംസാത്മക കൂട്ടായ്മകൾ ഭൂരിപക്ഷജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും, പ്രയസങ്ങൾക്കും കാരണം ന്യൂനപക്ഷങ്ങളായ മുസ്ലിംകളും, കമ്മ്യൂണിസ്റ്റ്കാരും, ജൂതന്മാരുമൊക്കെ ആണെന്നും അതുകൊണ്ട് തന്നെ ഭൂരിപക്ഷജനത  കുടിയേറ്റക്കാരായ (?) ന്യൂനപക്ഷങ്ങളുടെ ഇരകളാണെന്നുമുള്ള കാടടച്ചുള്ള പ്രചാരണം. ഈ നുണകൾ ഭൂരിപക്ഷജനതയെ വിശ്വസിപ്പിക്കുക എന്ന ലളിതമായ പ്രക്രിയ മാത്രമേ ഇവർക്കു ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. ഗീബത്സ് എന്ന കൌടില്യ ശിഷ്യൻ പറഞ്ഞു വെച്ച ‘ഒരു നുണ നൂറാവർത്തി പറഞ്ഞാൽ, നുണ പറയുന്നവനു തന്നെ അതു സത്യമെന്നു തോന്നുമെന്ന’ മനഃശാസ്ത്ര യുദ്ധം ഇവിടെയാണ് പ്രസക്തമാകുന്നതു. ഈ നുണപ്രചരണങ്ങൾക്ക് സർവ പിന്തുണയുമായി മുതലാളിത്ത മാദ്ധ്യമങ്ങളും എക്കാലവും മുന്നണിയിൽ തന്നെ നിലകൊണ്ടു.