#വിശകലനം

ഡീസൽ വിലവർദ്ധന: മന്മോഹൻ സിങ്ങും ചില കള്ളങ്ങളും

25 Sep, 2012

ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് ഇന്ധന വില വർദ്ധനയെയും ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപത്തെയും ന്യായീകരിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആ​ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചത് ഡീസൽ വിലയ്ക്ക് ഇപ്പോൾ നൽകുന്ന സബ്സിഡി 17 രൂപയാണ്, അതിൽ നിന്നും 5 രൂപയാണ് കുറച്ചത്, ധനികർ ഉപയോഗിക്കുന്ന എസ്.യു.വി. കാറുകളും ഫാക്ടറികളും വ്യവസായങ്ങളുമാണ് ഡീസൽ ഉപഭോഗത്തിന്റെ ഒരു വലിയ ഭാഗം, അത് സബ്സിഡൈസ് ചെയ്ത് ഗവണ്മെന്റ് വലിയ ധനകാര്യ കമ്മി വരുത്തേണ്ടതുണ്ടോ എന്നാണ്. ഇപ്പോൾ ഈ സബ്സിഡി കുറയ്ക്കൽ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഇന്ധന സബ്സിഡി ഈ വർഷം രണ്ട് ലക്ഷം കോടി രൂപയായേനെ, ഈ പണം എവിടെനിന്നു വരും, പണം മരത്തിൽ നിന്നും കായ്ക്കുന്നില്ല എന്നാണ് മന്മോഹൻ സിങ്ങ് പറയുന്നത്.

ഒറ്റനോട്ടത്തിൽ ഇതു തികച്ചും സ്വീകാര്യമായ വാദമാണ്. പക്ഷേ ഇതിന്റെ പൊള്ളത്തരം മനസിലാവണമെങ്കിൽ അല്പം ഉള്ളിലേയ്ക്കു നോക്കണം.

നമുക്ക് ഏറ്റവും ദരിദ്രനായ ഒരാളെ എടുക്കാം. ഒരു ഗ്രാമത്തിലെ ഭിക്ഷക്കാരന്റെ കാര്യം നോക്കുക- അയാൾക്കും രണ്ടുനേരം, അല്ലെങ്കിൽ ദിവസം ഒരുനേരം ആഹാരം കഴിക്കണം. ഉച്ചയൂണും പൈപ്പിലെ വെള്ളവും മാത്രമാണെങ്കിലും ഉച്ചയൂണിന്റെ വില 20 രൂപ അയാൾ കൊടുക്കണം. ഡീസൽ വില 10% കൂടുമ്പോൾ ഊണിനു ഉപയോഗിക്കുന്ന സാമഗ്രികളുടെയെല്ലാം വില കൂടുന്നു, അതോടെ ഊണിന്റെ വില 20 രൂപയിൽ നിന്നും ചുരുങ്ങിയത് 22 രൂപയാകും. ഇത് എങ്ങനെയെന്നു നോക്കാം.

ഡീസൽ സബ്സിഡി എന്തിന്?