#ഫിലിം റിവ്യൂ

പപ്പിലിയോ ബുദ്ധ: ദലിത് രാഷ്ട്രീയവും ആവിഷ്കാരസ്വാതന്ത്ര്യവും

27 Sep, 2012

ഗാന്ധി വിമർശനത്തിന്റെ പേരിൽ സെൻസർബോർഡ് അനുമതി നിഷേധിച്ച സിനിമയുടെ ഒരു സ്വകാര്യ പ്രദർശനം ചൊവ്വാഴ്ച (18/09/2012) തിരുവനന്തപുരം അജന്താ തീയറ്ററിൽ നടന്നു. സെൻസർ ബോർഡിന്റെ നടപടി ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോൾ സെൻസർ ചെയ്യാത്ത ചിത്രത്തിന്റെ ഈ സ്വകാര്യ പ്രദർശനം അതിനെതിരെയൊരു പ്രതിഷേധസമരമായിരുന്നു. സിനിമ പ്രതിനിധാനം ചെയ്യുന്ന ദലിതരുടെ ചില സംഘടനാ പ്രതിനിധികളും സിനിമാപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരുമടക്കം ക്ഷണിക്കപ്പെട്ട ഒരു കൂട്ടം ആളുകളായിരുന്നു സിനിമ കാണുവാൻ എത്തിയത്.

ഡിവിഡി വലിയ സ്ക്രീനിൽ പ്രൊജക്ട് ചെയ്തപ്പോൾ സാങ്കേതികമായ ന്യൂനതകൾ കാഴ്ചയിൽ കല്ലുകടിയായി. ഇരുണ്ടരംഗങ്ങൾ പലതും തീരെ വ്യക്തമല്ലായിരുന്നു. അതൊക്കെയും പ്രൊജക്ഷന്റെ പ്രശ്നമായിരിക്കാനാണ് സാധ്യത. ശബ്ദത്തിനും പോരായ്മകളുണ്ടായിരുന്നു. അതിനാൽ തന്നെ സിനിമയുടെ സാങ്കേതികമായ കാര്യങ്ങളെയൊന്നിനെയും എടുത്തുപറഞ്ഞു പ്രശംസിക്കാനോ വിമർശിക്കാനോ കഴിയില്ല.

കഥാഗതി

ഒരു ആദിവാസി ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സാമൂഹ്യ-രാഷ്ട്രീയ വിമർശന ചിത്രമാണ് ജയൻ ചെറിയാന്റെ ആദ്യ ചിത്രമായ പപ്പിലിയോ ബുദ്ധ. പ്രകാശ് ബരെയും തമ്പി ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.