#വിശകലനം

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍

02 Oct, 2012

കേരളത്തിലെ സർക്കാര്‍ സര്‍വ്വീസിനെ സമൂലമായ നവീകരണം ആവശ്യപ്പെടുന്ന ഒന്നായി കരുതിക്കൊണ്ടുള്ള ഒരു പദ്ധതിയും ഓര്‍ത്തെടുക്കാനില്ല. സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം എന്ന സങ്കൽപ്പം ഈ ലേഖനത്തില്‍ ഉപയോഗിക്കാൻ പോകുന്നത് ഏതര്‍ത്ഥത്തില്‍ ആണ് എന്ന് സൂചിപ്പിക്കുന്നത് തുടര്‍ന്നുള്ള വായനയ്ക്ക് ഉപകാരപ്രദമായിരിക്കും.

ഐക്യകേരളത്തിന്റെ രൂപീകരണത്തെ ഒരു നാഴികക്കല്ലായി കണക്കാക്കുകയാണെങ്കില്‍, അമ്പത് വര്‍ഷത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ സംവിധാനത്തിന് ഇന്നത്തേതുമായി ഒരര്‍ത്ഥത്തില്‍ താരതമ്യം തന്നെ സാധ്യമല്ല. അന്ന് മൂന്നു ഡസനോളം മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ എണ്ണം കാലം പോകെ വിഭജിക്കപ്പെട്ടും പുതുതായി രൂപം കൊണ്ടും ഇന്ന് നൂറിലേറെയാണ്. വകുപ്പുകൾക്കുള്ളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം കാലാകാലങ്ങളില്‍ താഴെ തലങ്ങളിലേക്ക് കൈമാറപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം കേവലമായ മാറ്റങ്ങളെ അല്ല, മറിച്ച് രാജ്യഭരണത്തിന്റെ രാഷ്ട്രീയനേതൃത്വം കൊളോണിയല്‍ ശക്തികളില്‍ നിന്ന് ജനാധിപത്യപാര്‍ട്ടികളിലേക്ക് മാറിയതിന് സമാന്തരമായി സര്‍ക്കാര്‍ സേവനം ഭരണാധികാരിയുടെ ഔദാര്യം എന്ന തലത്തില്‍ നിന്ന് ജനത്തിന്റെ അവകാശം ആയിത്തീരേണ്ടിയിരുന്ന പ്രക്രിയയെയാണ് സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം എന്ന് സങ്കല്‍പ്പിക്കാനാവുക.

സേവനങ്ങളെ കൃത്യമായി നിര്‍വ്വചിച്ചുകൊണ്ടും ഉപഭോക്താവിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടും ജീവിതത്തിലെ മറ്റ് തുറകളിലെ വ്യവഹാരങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കാനാവും വിധം വേഗതയോടെയും ഉള്ള ഒരു സംവിധാനമായി മാറിക്കൊണ്ടല്ല, ബദലുകളില്ലാത്ത ഭരണാധികാരത്തിന്റെ മൂര്‍ത്തരൂപം എന്ന അവസ്ഥയില്‍ മാത്രം ആണ് സര്‍ക്കാര്‍ സര്‍വ്വീസ് നിലനില്‍ക്കുന്നത്. ആ അര്‍ത്ഥത്തിലുള്ള നവീകരണത്തെ പ്രതിരോധിക്കാനുള്ള ശേഷിയും സ്വായത്തമാണ്. ഈ ദിശയില്‍ ഭാഗികമായ രണ്ടോ മൂന്നോ ശ്രമങ്ങള്‍ നടന്നതായി പറഞ്ഞുകേട്ടിട്ടുള്ളത് സൂചിപ്പിക്കാം. 

ആദ്യത്തേത് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കേ ജോബ് ഇവാല്യുവേഷന്‍ നടത്തി സര്‍ക്കാര്‍ വകുപ്പുകളുടെയും ആഫീസുകളുടെയും ഘടനയും സേവന - വേതന വ്യവസ്ഥകളും പുനര്‍നിര്‍ണ്ണയിക്കാനായി ആന്ധ്രാപ്രദേശില്‍ നിന്നും രണ്ട് വിദഗ്ധരെ കൊണ്ടുവന്ന ചരിത്രമാണ്. ആധുനികമായ മാനേജ്മെന്റ് സങ്കല്‍പ്പങ്ങള്‍ അത്ര പരിചിതമല്ലായിരുന്ന അക്കാലത്ത് ഇവിടത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സങ്കീര്‍ണ്ണത കണ്ട് വിദഗ്ധര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് കഥ.