#കപടവാർത്ത

കൂടംകുളം: സാങ്കല്‍പ്പിക ചാനല്‍ ചര്‍ച്ച

കൂടംകുളം സമരത്തിന്റെ പശ്ചാത്തലത്തിൽ വി.എസ് ആണവോർജ്ജ വിരുദ്ധ നിലപാട് എടുക്കുന്നതിന് മുന്നെ സിപിഎം ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ച് കൂടംകുളം സമരത്തെ പിൻതുണച്ചിരുന്നു എങ്കിൽ റിപ്പോർട്ടർ ടിവിയിൽ നടക്കാൻ സാധ്യത ഉള്ള ചാനൽ ചർച്ച. ഈ സാങ്കൽപ്പിക ചർച്ചയില്‍ ചില യഥാര്‍ത്ഥ വ്യക്തികളുടെ പേരും ശൈലിയും കടംകൊണ്ടിരിക്കുന്നു. ഡയലോഗുകൾ തികച്ചും ഭാവനാത്മകം മാത്രം.

നികേഷ് കുമാർ : നമസ്കാരം, എഡിറ്റേഴ്സ് അവറിലേക്ക് സ്വാഗതം. കൂടംകുളം ആണവ നിലയം കമ്മിഷൻ ചെയ്യുന്നതിനെതിരെ സിപിഎം രംഗത്ത്. ഫുക്കോഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണവോർജ്ജം സുരക്ഷിതമല്ല എന്നും അതുകൊണ്ട് കൂടംകുളത്ത് രണ്ട് റിയാക്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള ശ്രമം ഒഴിവാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു . ഈ വിഷയത്തിൽ നമ്മോടൊപ്പം സിപിഎം നേതാവ് പി.രാജിവ് എം.പി, കോൺഗ്രസ് നേതാക്കളായ ടോം വടക്കൻ , എം.ഐ ഷാനവാസ് ബിജെപി നേതാവ് ശ്രീധരൻ പിള്ള പരിസ്ഥിതി പ്രവർത്തകനും ആണവ മേഖലയിൽ പരിചയമുള്ള ആളുമായ സി.ആർ നീലകണ്ഠൻ മുതിർന്ന മാധ്യമ പ്രവർത്തകനായ ബി.ആർ.പി ഭാസ്ക്കർ ഇടത് ചിന്തകനും മാധ്യമ നിരീക്ഷകനുമായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എന്നിവർ ചേരുന്നു ഒപ്പം ശ്രീ ഉമേഷ് ബാബു കേ.സിയെ ടെലഫോണിലും പ്രതീക്ഷിക്കുന്നു

നി.കു :ആദ്യം ശ്രീ പി.രാജിവ്, പാർട്ടി കോൺഗ്രസിൽ ആണവ നിലയങ്ങൾക്കെതിരെ ഒരു നിലപാട് എടുത്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാട് മാറ്റം?

പി.രാ : ആണവനിലയങ്ങളെ എതിർക്കുന്ന നിലപാട് ഇപ്പോഴും പാർട്ടിക്കില്ല. സുരക്ഷിതമായി ആണവ നിലയങ്ങൾ‌ സ്ഥാപിക്കുന്നതിനെ പാർട്ടി അനുകൂലിക്കുന്നു. എന്നാൽ ഫുക്കോഷിമക്ക് ശേഷം ഇത് പ്രായോഗികമല്ല എന്നാണ് നമുക്ക് മനസിലാകുന്നത്. ജപ്പാൻ പോലെ ഉള്ള സാങ്കേതിക തികവുള്ള രാജ്യത്ത് പോലും ഒരു ആണവ നിലയം സുരക്ഷിതമായി നടത്താൻ കഴിയില്ല എന്നിരിക്കെ ഇന്ത്യയെ പോലെ ഒരു രാജ്യത്തിനെ എങ്ങനെ കഴിയും എന്നതിൽ സിപിഎമ്മിനുള്ള മാറിയ കാഴ്ചപ്പാടിൽ നിന്നാണ് ഈ നിലപാട് ഉണ്ടായത്.