#വിശകലനം

കൂടങ്കുളത്തെപ്പറ്റി ശാസ്ത്ര സാഹിത്യ പരിഷത്ത് പറയുന്നതെന്തെന്നാല്‍

കാലങ്ങളായി കേരളീയ സമൂഹത്തിൽ ഗുണപരമായ പല മുന്നേറ്റങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആണവോർജ്ജ വിരുദ്ധ നിലപാട് കേരളത്തില്‍ ആണവ നിലയം വേണമോ എന്നുള്ള ചര്‍ച്ചയില്‍ പല പ്രാവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. അവിടെയെല്ലാം മുഴങ്ങിക്കേട്ട പരിഷത്തിന്റെ നിലപാട് കേരളത്തിലെ ജനസാന്ദ്രത ഒരു ആണവ നിലയത്തിന്റെ നിര്‍മ്മാണത്തിനു ഉതകുന്നതല്ല എന്നതായിരുന്നു. കേരളീയസമൂഹത്തില്‍ വളരെ അംഗീകാരം ഈ നിലപാടിന് കിട്ടിയിട്ടുമുണ്ട്. അതിന്റെ ഫലം കൂടിയായാണ് പെരിങ്ങോമില്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നീക്കം ഇല്ലാതായത്.

പെരിങ്ങോമിലെ ചര്‍ച്ചകളില്‍ കേരളത്തിലെ ജനസാന്ദ്രതയും ആണവ പദ്ധതിയിലെ 'പേടി' ഘടകങ്ങളെയും അല്ലാതെ ബദല്‍ വൈദ്യുത പദ്ധതികളുടെ ആകര്‍ഷണീയതയെ ആണവ വൈദ്യുതിയെ എതിര്‍ക്കാനുള്ള ഒരു കാരണമായി പരിഷത്ത് അന്ന് ഉയര്‍ത്തിപ്പിടിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആ നിലക്ക്, ജനസാന്ദ്രത ഒരു വിഷയമാല്ലാതിരുന്ന കൂടങ്കുളത്തിന്റെ കൂടി പശ്ചാത്തലത്തില്‍, ബദല്‍ ഊര്‍ജ്ജ പദ്ധതികളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു പരിഷത്ത് നടത്തുന്ന ആണവ വിരുദ്ധ സമരം പുതിയതാണ്.

എന്തായാലും കൂടങ്കുളം ആണവ വിരുദ്ധ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടു പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും പരിഷത്തിന്റെ ആണവോര്‍ജ്ജ വിരുദ്ധനിലപാടിനെ കൂടുതല്‍ വ്യക്തമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതുമാണ്‌. യഥാര്‍ത്ഥ വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിച്ചാണ് പരിഷത്ത് ഈ ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് പക്ഷെ ദുഃഖകരമായ കാര്യം. ആണവവൈദ്യുതി വേണമോ എന്ന ചര്‍ച്ച ലോകത്തെമ്പാടും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഒരു ജനകീയ പ്രസ്ഥാനമായ പരിഷത്ത് പൊതുസമൂഹത്തിനു മുന്നില്‍ വച്ച ഈ ലഘുലേഖയിലെ വസ്തുതാപരമായ പിശകുകള്‍ തുറന്നു കാട്ടേണ്ടതു അത്യാവശ്യമാണ്.

പരിഷത്തിന്റെ ലഘുലേഖക്ക് ഇവിടെ ക്ലിൿ ചെയ്യുക: