#രാഷ്ട്രീയം

കൂടംകുളം: മാദ്ധ്യമകാപട്യത്തിന്റെ പുതിയമുഖം

30 Sep, 2012

വേട്ടക്കാരനൊപ്പം ഓടുകയും മുയലിന്റെ ദൈന്യാവസ്ഥയിൽ സഹതപിക്കുകയും ചെയ്യുന്നത് വളരെ പഴക്കംചെന്ന ഒരു തന്ത്രമാണ്. ഈ തന്ത്രം വളരെ മിടുക്കോടെ പയറ്റുന്ന കേരളത്തിലെ വലതുപക്ഷമാദ്ധ്യമങ്ങൾ കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തിലും അത് സമർത്ഥമായി നടപ്പിലാക്കുകയുണ്ടായി. ആണവോര്‍ജ്ജത്തേയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങളേയും ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നത് ഈ വിഷയത്തില്‍ സിപിഐ(എം)നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു.

കൂടംകുളം വിഷയത്തില്‍ കോൺഗ്രസിന്റെയോ ബിജെപിയുടെയോ നിലപാടുകളെ പരാമര്‍ശിക്കുകപോലും ചെയ്യാതെ ഇക്കാര്യത്തിലുള്ള സിപിഐ(എം)ന്റെ 'നയവൈരുദ്ധ്യങ്ങളെ' പരിശോധിക്കാനാണ് മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ആണവനിലയങ്ങളോടുള്ള സിപിഐ(എം)ന്റെ സമീപനത്തില്‍ മാദ്ധ്യമങ്ങള്‍ ആരോപിക്കുന്നതുപോലുള്ള വൈരുദ്ധ്യങ്ങള്‍ ഒന്നുംതന്നെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആണവനിലയങ്ങളോടുള്ള സമീപനം എന്ത് എന്നത് ആണവോര്‍ജ്ജത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആണവോര്‍ജ്ജത്തോടുള്ള സിപിഐ(എം) നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായിട്ടുള്ളതാണ്. അതിനെ ഇപ്രകാരം സംഗ്രഹിക്കാം:

ആണവോര്‍ജ്ജം തീരെ പാടുള്ളതല്ല എന്ന നിലപാട് സിപിഐ(എം)നില്ല. എന്നാല്‍ ഊര്‍ജ്ജാവശ്യത്തിനുള്ള ഒരേയൊരുവഴി അതാണ് എന്ന നിലപാടും പാര്‍ട്ടിക്കില്ല. വൻതോതില്‍ കല്‍ക്കരിശേഖരമുള്ള ഇന്ത്യയില്‍ വൈദ്യുതി ഉത്പാദനത്തിന് കല്‍ക്കരിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. ജലവൈദ്യുതപദ്ധതികളും കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള സംവിധാനങ്ങളും കൂടുതലായി പ്രോത്സാഹിപ്പിക്കണം. എന്നാല്‍ ഇത്തരം പദ്ധതികളോടും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് നിയന്ത്രിതമായ തോതില്‍ ആണവോര്‍ജ്ജവും പരിഗണിക്കേണ്ടതായി വരും. യൂറോപ്പിലേയോ ചൈനയിലേയോ അനുഭവങ്ങള്‍ ഇന്ത്യന്‍ അവസ്ഥയില്‍ അതേപോലെ പ്രായോഗികമായിക്കൊള്ളണമെന്നില്ല.