#വിശകലനം

മദ്യപാനത്തിന്റെ പരിഷ്‌കാരങ്ങള്‍

30 Sep, 2012

മലയാളിയുടെ മദ്യപാനത്തെക്കുറിച്ച് ചർച്ചകളുയരാൻ തുടങ്ങിയിട്ട് അല്പകാലമായി. മദ്യം ഒരു സാമൂഹികപ്രതിഭാസവും അതു വളരെയേറെ സാമൂഹികതരംഗങ്ങളുയര്‍ത്തുന്ന ഒന്നായതുകൊണ്ടും നിരന്തരം അതു ചര്‍ച്ചയിൽ വരുന്നതില്‍ തെറ്റില്ലതാനും. ഏറ്റവും പുതുതായി മദ്യം വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞദിവസം കോടതി നടത്തിയ ചില നിരീക്ഷണങ്ങളോടെയാണ്.
മലയാളിയുടെ മദ്യപാനശീലം പരിഷ്‌കൃതമല്ല എന്നതാണ് കോടതിയുടെ നിരീക്ഷണങ്ങളുടെ ആകെത്തുകയെന്നു വായിച്ചെടുക്കാന്‍ പ്രയാസമില്ല. അതിനെ പരിഷ്‌കൃതമാക്കാന്‍ ചില നിര്‍ദ്ദേശങ്ങളാണു കോടതി മുന്നോട്ടുവയ്ക്കുന്നതെന്നും മനസ്സിലാക്കാനാകുന്നു. മദ്യപാനം പരിഷ്‌കൃതമായ നിലയിലാണെങ്കില്‍ കുഴപ്പമില്ലെന്ന ധാരണയും കോടതി മുന്നോട്ടുവയ്ക്കുന്നു.

വ്യക്തിതലത്തിനപ്പുറത്തേക്കു ചലനമുണര്‍ത്തുന്ന ഏതുതരം ശീലങ്ങളും സംസകൃതവും പരിഷ്‌കൃതവുമാകുന്നതാണ് ഔന്നത്യമാര്‍ന്ന ഒരു സമൂഹത്തിന്റെ മുഖം. സ്ത്രീപുരുഷബന്ധങ്ങൾ, മദ്യപാനം, പുകവലി, പൊതുഗതാഗതോപാധികളുടെ പെരുമാറ്റം, ബ്യൂറോക്രസിയുടെ ഇടപെടലുകള്‍ എന്നിങ്ങനെ എന്തെല്ലാമെന്തെല്ലാം കാര്യങ്ങള്‍ അതില്‍ വരും. മദ്യം അതുപയോഗിക്കുന്ന വ്യക്തിയെയും അയാള്‍ക്കപ്പുറം സമൂഹത്തെയും സംബന്ധിക്കുന്ന ഇടങ്ങള്‍ ഉണ്ട് എന്നതിനാല്‍ മദ്യത്തിന് തീര്‍ച്ചയായും സാമൂഹികതയുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാര്യങ്ങളെ ആയതിനാല്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടിവരികയും ചെയ്യുന്നു.
പരിഷ്‌കൃതമായ മദ്യപാനശീലമായി കോടതി കണ്ടെത്തുന്നത് വൈകുന്നേരങ്ങളിലെ മദ്യപാനത്തെയാണ്. വൈകീട്ടെന്താ പരിപാടി എന്ന ചോദ്യം പരിഷ്‌കൃതമായി ഒരു മദ്യപാനാഹ്വാനമായി തലകുലുക്കി സമ്മതിച്ച മലയാളിക്ക് ഈ നിരീക്ഷണം സംഗതമായി തോന്നുകയും ചെയ്യും. കോടതി പറയുന്നത് വൈകുന്നേരം അഞ്ചുമണിക്കു ശേഷം മദ്യശാലകള്‍ അഥവാ ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ മതി, അങ്ങനെയെങ്കില്‍ ഈ പരിഷ്‌കാരം ശീലിക്കപ്പെട്ടുകൊള്ളും എന്നാണ്.

ഈ നിരീക്ഷണത്തെ അസാധുവാക്കുന്ന രണ്ടു കാര്യങ്ങളാണ് പിന്നാലെ കോടതി നിരീക്ഷണത്തിലുള്ളതെന്നിടത്താണ് വൈരുദ്ധ്യം. പരിഷ്‌കൃതവിദേശരാജ്യങ്ങളിലെ മദ്യപാനശീലപരിഷ്‌കാരങ്ങളാണ് കോടതിയെക്കൊണ്ട് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിച്ചതെന്നിരിക്കെത്തന്നെ, കോടതി തുടര്‍ന്നുപറയുന്നത്, വിദേശടൂറിസ്റ്റുകളുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ ഇളവാകാം എന്നാണ്. അതായത്, ബാര്‍ ഹോട്ടലില്‍ കയറി വിദേശി കാലത്തുതന്നെ മദ്യം ചോദിച്ചാല്‍ വിളമ്പാം, മലയാളി ചോദിചച്ചാല്‍ പാടില്ല. അതുപോലെ മലയാളി കാലത്തുതന്നെ അടിച്ചുപൂസായാല്‍ പിടിച്ചകത്തിടാം, വിദേശി അതുതന്നെ ചെയ്താല്‍ അയാളെ തോളില്‍ത്തട്ടി അഭിനന്ദിക്കുകയും ചെയ്യാം. ഇവിടെ സംസ്‌കൃതമദ്യപാനശീലമുണ്ടെന്നു കോടതി കരുതുന്ന വിദേശി കാലത്തേ അടിതുടങ്ങുമെന്നും അവരുടെ ആ അടി തടഞ്ഞാല്‍ ടൂറിസത്തിന് അടികിട്ടുമെന്നും കോടതിക്ക് അറിയാം. അതായത്, മദ്യപാനശീലങ്ങളുടെ പരിഷ്‌കാരത്തെപ്പറ്റി കോടതിക്ക് കൃത്യമായ ബോദ്ധ്യമില്ല. മാത്രമല്ല, വിദേശിക്കും സ്വദേശിക്കും ഇരട്ടത്താപ്പാണു കിട്ടുന്നത്. സ്വന്തം രാജ്യത്ത് അവനവന്റെ കാശുകൊടുത്തു കുടിക്കാന്‍ വയ്യ. സായിപ്പിന് അവിടെയും കോള്.

രണ്ടാമത് കോടതിയുടെ നിരീക്ഷണം ബാറുകളെ മാത്രം കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു കള്ളുഷാപ്പുകളെല്ലാം നിര്‍ത്തേണ്ടതാണെന്ന്. അതായത്, ഷാപ്പും ബാറും പൂട്ടിക്കുക. അതേസമയം, സര്‍ക്കാര്‍ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ കാലത്തുതന്നെ നടന്നോട്ടെയെന്നും കോടതി പറയുന്നു. ഇത് പൊതുമേഖലയോടുള്ള പരിഗണനയോ കുത്തകമുതലാളിത്തം നശിക്കട്ടെ എന്ന ലെനിനിസ്റ്റ് വീക്ഷണമോ ഒന്നുമല്ല. വെറും ഡാവു നമ്പര്‍ മാത്രം.