#സിനിമ

അനുപം ഖേര്‍ വീണ്ടും മലയാളം പറയുന്നു

കെ.എൻ.ശശിധരന്റെ ചിത്രത്തിലൂടെ അനുപം ഖേർ വീണ്ടും മലയാളം പറയുന്നു. പ്രണയത്തിലൂടെ മികച്ച പ്രകടനം നടത്തി മലയാളിപ്രേക്ഷകരുടെ മനംകവര്‍ന്ന ബോളിവുഡ് താരം വീണ്ടും മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ പേര് നയനയെന്നാണ്. അക്കരെ, കാണാതായ പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മുതിര്‍ന്ന സംവിധായകനായ ശശിധരന്റെ തിരിച്ചുവരവുചിത്രം കൂടിയായിരിക്കും നയന.

ഇന്നസെന്റ്, മുകിൽ, സിദ്ദിഖ്, ജിമി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നത് മധു അമ്പാട്ടാണ്. സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിനുശേഷം മധു അമ്പാട്ട് വീണ്ടുമെത്തുകയാണു മലയാളത്തില്‍. സലിമിന്റെ അടുത്ത ചിത്രമായ കുഞ്ഞനന്തന്റെ കടയ്ക്കും ക്യാമറ ചലിപ്പിക്കുന്നത് അമ്പാട്ടാണ്.

അനുപം ഖേര്‍ ഇതിനുമുന്‍പ് പ്രജ, ഇന്ദ്രജാലം തുടങ്ങിയ മലയാളചിത്രങ്ങളില്‍​ അഭിനയിച്ചിട്ടുണ്ട്.