#സിനിമ

നവ്യയും തിരിച്ചെത്തുന്നു

മലയാളത്തിൽ ഏറെ വിജയങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നന്ദനം പെൺകുട്ടി നവ്യാ നായര്‍ വലിയ സ്ക്രീനിലേക്കു തിരിച്ചെത്തുന്നു. ഏറെ വര്‍ഷങ്ങൾക്കുശേഷമാണു നവ്യയുടെ തിരിച്ചുവരവ്. വിവാഹത്തോടെ രംഗം വിട്ടുമാറിനിന്ന നവ്യ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനപ്രിയത തിരിച്ചുപിടിച്ചശേഷമാണ് ഇപ്പോള്‍ സ്ക്രീനിലേക്കെത്തുന്നത്.

ഷിജു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സീന്‍ 1 : നമ്മുടെ വീട്' എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ലാലാണു ചിത്രത്തില്‍ നായകവേഷമണിയുന്നത്.  ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപികയാണ് നവ്യയുടെ കഥാപാത്രം.

ആസിഫ് അലി, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു താരങ്ങള്‍.

ഇഷ്ടമെന്ന ചിത്രമാണു നവ്യയുടെ ആദ്യചിത്രമെങ്കിലും നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രമാണ് നവ്യയെ ഇത്രയേറെ ജനപ്രിയതയിലെത്തിച്ചത്. തുടര്‍ന്ന് അനേകം ചിത്രങ്ങളില്‍ വേഷമിട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ജിഷ്ണുവിന്റെ വരെയൊപ്പം അഭിനയിച്ച നവ്യ വിവാഹത്തിനുമുന്‍പ് അഭിനയിച്ച ചിത്രം മമ്മൂട്ടിക്കൊപ്പം യുഗപുരുഷനായിരുന്നു. ​ആ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണു നവ്യ അഭിനയിച്ചത്. അതിനിടെ തമിഴിലേക്കു കടന്ന നവ്യ അവിടെയും മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു.