#ശാസ്ത്രം

പ്രകാശത്തെ തേടി വീണ്ടും നോബല്‍

11 Oct, 2012

1905 ൽ പ്രകാശ ഭൌതിക പ്രഭാവം (Photoelectric Effect) തൃപ്തികരമായി വിശദീകരിക്കുകയും ക്ലാസിക്കല്‍ ഭൌതികത്തിനെ ഒന്ന് പിടിച്ചു കുലുക്കുകയും ചെയ്ത ഏതാനും പ്രബന്ധങ്ങൾ ആല്‍ബർട്ട് ഐൻസ്റ്റീന്‍ അവതരിപ്പിക്കയുണ്ടായി. ഇതിനെ അനുസ്മരിച്ച് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം 2005ല്‍ ലോകമെമ്പാടും അന്താരാഷ്‌ട്ര ഭൌതിക ശാസ്ത്ര വര്‍ഷമായി ആചരിച്ചു. ആ വര്‍ഷം തന്നെ അമേരിക്കന്‍ - ജര്‍മന്‍ ശാസ്ത്രകാരന്മാരായ റോയി ഗ്ലൌബര്‍, ജോൺ ഹാള്‍, തിയോഡോര്‍ ഹാന്‍ഷ്‌ എന്നിവര്‍ അതേ മേഖലയില്‍ തന്നെ ക്വാണ്ടം പ്രകാശശാസ്ത്ര പഠനങ്ങള്‍ക്ക് നോബല്‍ നേടിയെടുത്തത് ശ്രദ്ധേയമായിരുന്നു.

ഐന്‍സ്റ്റീന്‍ 1922ല്‍ നോബല്‍ സമ്മാനം നേടുന്നതും ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചതിനാണ്.ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷത്തെ ഭൌതികശാസ്ത്ര നോബല്‍ പുരസ്കാരം പ്രകാശത്തിന്റെ ക്വാണ്ടം സംവിധാനങ്ങളെ അഥവാ ദ്രവ്യത്തിന്റെയും പ്രകാശത്തിന്റെയും അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയതിന് അമേരിക്കയിലേയും ഫ്രാന്‍സിലേയും രണ്ടു ഗവേഷകര്‍ ഒപ്ടിക്സ് ശാഖയിലേക്ക്‌ വീണ്ടും കൊണ്ടെത്തിച്ചിരിക്കുന്നു.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജിയിലെ (NIST) ഗവേഷകസംഘത്തലവനായ ഡേവിഡ്‌ വൈന്‍ലാന്‍ഡ്‌, പാരീസിലെ കോളേജ് ഡി ഫ്രാന്‍സ് ആന്‍ഡ് ഇക്കോലെ നോര്‍മല്‍ സൂപ്പീരിയറിലെ ഗവേഷകനും ഫ്രഞ്ച് പൌരനും ആയ സെര്‍ജി ഹരോഷെ എന്നിവര്‍ ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം പങ്കിട്ടു. ദ്രവ്യ–പ്രകാശ കണങ്ങളെ അവയുടെ ക്വാണ്ടം ബലതന്ത്രാവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുവാനും നിയന്ത്രിക്കാനും ഉപയോഗിക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇവര്‍ രൂപീകരിക്കുകയുണ്ടായി. സൂക്ഷ്മ കണങ്ങളുടെ ഗുണധര്‍മങ്ങള്‍ പഠിക്കുന്ന ക്വാണ്ടം ഭൗതികത്തില്‍ വിപ്ലവകരമായ മാറ്റമാണ് ഇവരുടെ ഗവേഷണം കൊണ്ടുവന്നത്. ക്വാണ്ടം പ്രകാശശാസ്ത്ര മേഖലയില്‍ ഇരുവരും നടത്തിയ മുന്നേറ്റം, വാര്‍ത്താവിനിമയത്തിന്റെയും കമ്പ്യൂട്ടിങ്ങിന്റെയും അത്യന്താധുനിക യുഗത്തിന് ഗതിവേഗം പകരുമെന്നാണ് നൊബേല്‍ സമിതിയുടെ നിരീക്ഷണം.

ഊര്‍ജം – ദ്രവ്യം (Matter & Energy) തുടങ്ങിയവയുടെ മൗലിക കണങ്ങളുടേതും അതുമായി ബന്ധപ്പെട്ട അടിസ്ഥാന ക്വാണ്ടം സാഹചര്യങ്ങളെയും പരീക്ഷണ വിധേയമായി നിരീക്ഷിക്കുന്നത് ഏതാണ്ട് പൂര്‍ണമായി അസാധ്യം തന്നെ എന്നു കരുതിയിരുന്നതാണ്. ഇത്തരം കണങ്ങള്‍ നിരീക്ഷണവേളയില്‍ ബാഹ്യലോകവുമായി സമ്പര്‍ക്കത്തിലാകുന്നതോടെ അവയുടെ സ്വഭാവവിശേഷങ്ങള്‍ക്ക് മാറ്റം വരും. എന്നാല്‍ ഇത്തരം കണങ്ങളെ അവയുടെ തനത് അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുകയും അവയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കിയെടുക്കുവാന്‍ സാധ്യമാണെന്നും ഹരോഷെയും വൈന്‍ലന്‍ഡും തങ്ങളുടെ പരീക്ഷണങ്ങള്‍ വഴി തെളിയിച്ചു. ഈ തരത്തില്‍ നേരിട്ടു നിരീക്ഷിച്ചു ബോധ്യപ്പെടാന്‍ സാധിക്കില്ലെന്നു കരുതിയിരുന്ന ക്വാണ്ടം അവസ്ഥകളെ പരീക്ഷണശാലയില്‍ സൃഷ്ടിക്കാനും അവയെ പഠനങ്ങള്‍ക്ക് വിധേയമാക്കി പല പ്രതിഭാസങ്ങളെയും സംബന്ധിച്ചുള്ള അതിശയിപ്പിക്കുന്ന അറിവുകളിലേക്കുള്ള വഴികള്‍ തുറക്കുവാനും കഴിയും.