#ക്രിക്കറ്റ്

സച്ചിന്‍ - വിടവാങ്ങലിനൊരുങ്ങുമ്പോള്‍

17 Oct, 2012

ലോകക്രിക്കറ്റ് സൃഷ്ടിച്ച ഏറ്റവും മഹാനായ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കര്‍ വിടവാങ്ങലിനൊരുങ്ങുകയാണ്. നവംബറില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റു പരമ്പരയിലെ സ്വന്തം പ്രകടനത്തെ സ്വംയ വിലയിരുത്തി തന്റെ വിരമിക്കല്‍ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് താരം തന്നെ പറയുമ്പോൾ ഒരു യുഗത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കു വിരാമമാകുകയാണ്. സച്ചിന്റെ വിരമിക്കല്‍ ഏറെക്കാലമായി ക്രിക്കറ്റ് ലോകത്ത് വാദവിവാദങ്ങളും കോലാഹലങ്ങളുമുയര്‍ത്തുന്നതിനിടെ, ഇതാദ്യമായാണ് സച്ചിന്‍ സ്വയം തന്റെ വിരമിക്കലിനെക്കുറിച്ച് ഇത്രയും കൃത്യമായി പറയുന്നത്.

നൂറാം അന്താരാഷ്ട്ര ശതകം പൂര്‍ത്തിയാക്കുന്നതിന്റെ വക്കിലെത്തി നിന്നകാലത്ത് സച്ചിന് അതു സാധിക്കാതിരുന്ന അല്പം നീണ്ടൊരു കാലഘട്ടം മുഴുവന്‍ സച്ചിന്റെ വിരമിക്കല്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നു. ആ ശതകത്തിനായി സച്ചിന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ അല്ലെങ്കില്‍ ആ ശതകമാണോ സച്ചിനെ ക്രിക്കറ്റില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത് എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.  ആ ശതകം പൂര്‍ത്തിയാക്കാതെ തന്നെ സച്ചിന്‍ കളംവിടേണ്ടിവരുമോ എന്നും ആരാധകര്‍ ഭയന്നിരുന്നു. അന്നും പക്ഷേ, സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മനോഹരമായ ഇന്നിംഗ്‌സുകള്‍ കളിക്കുന്നുണ്ടായിരുന്നു. പലപ്പോഴും എൺപതുകളിലും തൊണ്ണൂറുകളിലും വരെയെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശതകം മാത്രം അകന്നുനിന്നു.

അക്കാലത്ത് തുടര്‍ച്ചയായി ഏകദിനമത്സരങ്ങളിലും പരമ്പരകളിലും നിന്നു വിട്ടുനിന്നുകൊണ്ട് സച്ചിന്‍ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഒടുവില്‍ ഒരു ഏകദിനപരമ്പരയില്‍ ടീമിലേക്കു മടങ്ങിവന്ന സച്ചിന്‍ ബംഗ്ലാദേശിനെതിരെ ശതകം കുറിച്ചുകൊണ്ട് അന്താരാഷ്ട്രാക്രിക്കറ്റിലെ തന്റെ നൂറാം നൂറു പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അന്ന് സച്ചിന്റെ നൂറുകണ്ട മത്സരത്തില്‍, നൂറിനായി സച്ചിന്‍ അല്പം ഇഴഞ്ഞ ഒരു ഇന്നിംഗ്‌സാണു കളിച്ചത്. ആ ഇഴച്ചില്‍ ഫലത്തില്‍ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ തോല്‍വിക്കും കാരണമായി. ആ ഒരേയൊരു തോല്‍വി ആ പരമ്പരയില്‍ ഇന്ത്യയുടെ പുറത്താകലിനും വഴിവച്ചിരുന്നു. സച്ചിനായതിനാല്‍ മാത്രം കടുത്ത വിമര്‍ശനങ്ങളില്‍നിന്ന് ആ ഇഴഞ്ഞ ഇന്നിംഗ്‌സ് ഒഴിവായിപ്പോയി. സച്ചിന്റെ നൂറാം നൂറിന്റെ മധുരത്തിലും വാര്‍ത്താപ്രാധാന്യത്തിലും എല്ലാം എല്ലാവരും മറക്കുകയും ചെയ്തു.