#കപടവാർത്ത

ഭീമന്മാര്‍ കേരളം വിടുന്നു

17 Oct, 2012

 

കൊച്ചി ടെക്നോപാർക്കിൽ നിന്ന് ഇൻഫോസിസ്റ്റംസും വിടവാങ്ങി. നോക്കുകൂലിയെ ചൊല്ലി മാസങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങൾക്കൊടുവിലാണ് കമ്പനിയുടെ ഈ തീരുമാനം. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളം വിട്ട കമ്പനികളുടെ എണ്ണം പതിനെട്ടായി. പത്തേക്കര്‍ ക്യാമ്പസില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം പേര്‍ കൂടി ഒടുവില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ചേര്‍ന്നു.

വിലക്കയറ്റം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കുന്ന ഈ അവസ്ഥയില്‍ തങ്ങള്‍ക്കും പിടിച്ചു നില്‍ക്കാനാവുന്നില്ലയെന്ന് ഇന്‍ഫോസിസ്റ്റംസ് തലവന്‍ ബിജുലാല്‍ വ്യക്തമാക്കി. കേരള ഗവണ്മെന്റിന്റെ നിരന്തരമായ സമ്മര്‍ദം മൂലമാണ് 2015 ല്‍ ഇന്‍ഫോസിസ്റ്റംസ് കൊച്ചിയിലെത്തുന്നത്. ഇവിടെയെത്തിയ ആദ്യ കാലം മുതല്‍ തന്നെ അവര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുകയായിരുന്നു. സമരങ്ങളും, ഹര്‍ത്താലുകളും, വൈദ്യുതി പ്രശ്നങ്ങളുമെല്ലാം അവരെ ബുദ്ധിമുട്ടിച്ചിരുന്നു. നഷ്ടം നേരിടാന്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകളില്‍ മുപ്പത്തിയഞ്ച് ശതമാനം നിര്‍ബന്ധമായിരുന്ന ഇന്‍ഫോസിസ്റ്റംസ് അത് അന്‍പത് ശതമാനമായി ഉയര്‍ത്തിയിരുന്നു. 

ലാഭം വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനം തൊഴിലാളികളെ ബാധിക്കുകയും അവരുടെ ശമ്പളം ഗണ്യമായി കുറയുകയും ചെയ്തു. അതോടെ ഇന്ത്യയിലാദ്യമായി ഒരു ഐ.ടി കമ്പനിയില്‍ എഞ്ചിനിയര്‍മാര്‍ യൂണിയന്‍ രൂപികരിച്ചു. ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചി ഓഫീസിലെ ജീവനക്കാരെ ഉപയോഗിക്കാതെ അവരുടെ ചൈനയിലെ ജീവനക്കാരെ പ്രയോജനപ്പെടുത്തി. എന്നാല്‍ അവര്‍ ചെയ്യുന്ന ജോലിക്ക് നോക്കുകൂലി വേണമെന്ന് കൊച്ചി ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് സ്ഥാപനം കൊച്ചി വിടാനുള്ള അവസ്ഥ വരെയെത്തിയത്.