#പുസ്തകക്കൂട്ടം

സ്നേഹമെന്ന വരിയില്‍ ഓല കുടുങ്ങിയ കാസറ്റ് പ്ളെയര്‍ അഥവാ കവിതയുടെ പച്ചമരച്ചുവട്

04 Nov, 2012

മലയാളബൂലോഗത്തിൽ കവിതകൊണ്ടുതീമൂട്ടിയ യൌവ്വനങ്ങളില്‍ പ്രധാനിയാണ് കുഴൂർ വിത്സൻ . അച്ചടിമലയാളം നാടുകടത്തിയ കവിതകൾ എന്നു സ്വയം പ്രഖ്യാപിച്ച്, താനിനി വാരികകള്‍ക്കുവേണ്ടി കവിതകളെഴുതില്ലെന്നു നിനച്ച് സധൈര്യം സൈബറാകാശത്ത് കവിതകളെഴുതിനിറച്ചവന്‍. "ആദ്യം മരിച്ചാല് നിന്നെ ആര് നോക്കുമെന്നല്ലായിരുന്നു സങ്കടം; ആരെല്ലാം നോക്കുമെന്നായിരുന്നു" (ഒരു നഗരപ്രണയകാവ്യം / പാപ്പിറസ് ബുക്സ്) എന്ന് മലയാളിയെന്ന ഇക്കിളിപ്പടത്തെ നോക്കി ഊറിച്ചിരിച്ചവന്‍. മരങ്ങളാലെ കവിതയുടെ തായ്‌ത്തടി പണിതവന്‍ . വിത്സൺ കവിതകളുടെ ഏറ്റവും പുതിയ സമാഹാരമാണ് ഡിസി ബുക്സ് പുറത്തിറക്കുന്ന "കുഴൂര്‍ വിത്സന്റെ കവിതകള്‍ ". തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍ എന്നാണ് മേതില്‍ രാധാകൃഷ്ണന്‍ ഈ കവിതയെ അടയാളപ്പെടുത്തുന്നത്. 2012 നവംബര്‍ 7ന് കൊച്ചി പുസ്തകോത്സവത്തില്‍ വച്ച് കുഴൂരിന്റെ ഈ കവിതാപുസ്തകം പ്രകാശനം ചെയ്യപ്പെടും. പുസ്തകത്തില്‍ കവി വിഷ്ണുപ്രസാദ് എഴുതിയ കുറിപ്പാണ് ചുവടെ. ഒപ്പം അമ്പി സുധാകരന്‍ വരച്ച പെയിന്റിങ്ങുകളും.

കണ്ടുമുട്ടിയത് കാലങ്ങള്‍ക്ക് മുന്‍പാണ്
കാറ്റിനും കടലിനും മുന്‍പ്
ആകാശങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മുന്‍പ്
ദൈവത്തിനും പിശാചിനും മുന്‍പ്
പിന്നീടെപ്പോഴോ അടര്‍ന്നു വീണു രണ്ടായി
വീണ്ടും പുതിയൊരു കാലത്തില്‍
പുതിയ ഒരു ലോകത്തില്‍
ഞങ്ങള്‍ ഒത്തു ചേരുന്നു

(രണ്ടുവശങ്ങള്‍)

2006 ജൂലൈ മാസത്തില്‍ കുഴൂര്‍ വിത്സന്‍ ബ്ളോഗില്‍ കുറിച്ചിട്ട കവിതയാണിത്. ഈ കവിതയോടുകൂടിയാണ് മലയാളകവിതാബ്ളോഗുകളുടെ ചരിത്രം ആരംഭിക്കുന്നത്. അതിനു ശേഷം നൂറു കണക്കിന് കവിതാബ്ളോഗുകള്‍ മലയാളത്തില്‍ ഉണ്ടായി.