#സിനിമ

സ്പിരിറ്റിന്റെ ടോറന്റുമെത്തി, ജാദുവിന്റെ ജാദൂ പൊളിയുന്നു

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സ്പിരിറ്റിന്റെ ടൊറന്റും ഇന്റർനെറ്റില്‍ എത്തി. ഇതോടെ കൊട്ടിഗ്ഘോഷിച്ച് ജാദൂ ടെക്ക് സംരക്ഷണം ഏറ്റെടുത്ത നാലാമത്തെ സിനിമയുടേയും ഡിവിഡി റിലീസിനു തൊട്ടുപിന്നാലെ ടൊറന്റില്‍ പടം ലഭ്യമായി.

ബാച്ചിലര്‍ പാര്‍ട്ടി , ഡയമണ്ട് നെക്ലസ് , ഉസ്താദ് ഹോട്ടല്‍ എന്നീ ജാദൂ ടെക് സംരക്ഷണം ഏറ്റെടുത്ത സിനിമകളും ഡിവിഡി റിലീസിനു തൊട്ടുപിന്നാലെ ബിറ്റ് ടൊറന്റ് രൂപത്തില്‍ ലഭ്യമായിരുന്നു. ഇതോടെ നിര്‍മ്മാതാക്കളുടെ പണം തട്ടുന്ന തട്ടിപ്പ് സംഘമാണ് ജാദൂ എന്ന ആരോപണം ശക്തമായി.

നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ ടോറന്റിലൂടെ ഡൌൺലോഡ് ചെയ്തുകണ്ട ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തുവെന്നു മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും തുടര്‍നടപടി എവിടവരെയായി എന്നു നിശ്ചയമില്ല. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമമനുസരിച്ച് സ്വകാര്യാവശ്യത്തിനു പകര്‍പ്പെടുക്കുന്നതും വീക്ഷിക്കുന്നതും അനുവദനീയമാണെന്നിരിക്കെ പകര്‍പ്പവകാശവ്യവസ്ഥ ലംഘിച്ച് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ആദ്യം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയ ആൾക്കെതിരായ കേസ് മാത്രമേ നിലനില്‍ക്കൂ. തന്നെയുമല്ല, ടോറന്റ് വഴി ഫയല്‍ പങ്കുവയ്ക്കുമ്പോള്‍ ഒരാളും ഫയല്‍ മുഴുവനായി വേറൊരാള്‍ക്കു് കൈമാറ്റം ചെയ്യുന്നില്ലെന്നിരിക്കെ വാദങ്ങളിലേക്കു കടക്കുമ്പോള്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകും. ടോറന്റുകള്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണെന്നു മനസ്സിലാക്കി അതനുസരിച്ച് റിലീസിങ് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ സിനിമാവ്യവസായം തയ്യാറാവാതെ വരുന്നതിനാലാണ് ഏജന്റ് ജാദു പോലെയുള്ള തട്ടിപ്പുസംഘങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ പണം ഊറ്റിയെടുക്കാന്‍ സാധിക്കുന്നത്.

ടോറന്റില്‍ ലഭ്യമായതിനു പുറമേ, യൂട്യൂബിലും ചിത്രത്തിന്റെ മൂന്നു പകര്‍പ്പുകള്‍ ലഭ്യമായിട്ടുണ്ട്. യൂട്യൂബിന്റെ കണ്ടന്റ് ഐഡി വെച്ചുള്ള ബ്ലോക്കിങ് പോലും അറിയാത്തവരാണ് ജാദുവെന്നും ഇതോടെ വ്യക്തമാകുന്നു.