#സിനിമ

അയാളും ലാല്‍ ജോസും തമ്മില്‍

15 Nov, 2012

നിഷ്കളങ്കതയെക്കുറിച്ചാണ് ലാൽജോസ് സംസാരിക്കുന്നത്. പാപം ചെയ്യാത്തവരുടേതായ ഒരു ലോകത്തെ വിഭാവനം ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും ഉണ്ടായിരിക്കണം. മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം സൈബർ ലോകത്തില്‍ ഇതിനോടകം തന്നെ ആവശ്യത്തിനു ചര്‍ച്ചകൾ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരം റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും സമ്പൂര്‍ണവും ആയി നല്‍കിയിട്ടുണ്ട്. അതിനാല്‍ ലാല്‍ജോസിനു കൂടുതല്‍ മറുപടി എഴുതാൻ ഇവിടെ ശ്രമിക്കുന്നില്ല. പകരം പ്രശ്നം, അങ്ങനെയൊന്നുണ്ടെങ്കില്‍, അത് എവിടെ നിന്നുല്‍ഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ചിന്ത. അതിനായി അധികാരം സൃഷ്ടിക്കുന്ന സാമൂഹ്യപരിസരത്തെ മുന്‍നിര്‍ത്തി വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്.

സിനിമ നിര്‍മ്മിക്കുന്നയാളും അതാസ്വദിക്കുന്നയാളും തമ്മിലൊരു പ്രശ്നം (conflict ) നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് ഘടകങ്ങള്‍ക്കിടയില്‍ ഏതു തരത്തില്‍ ഉരുവാകുന്നു? വ്യക്തികളോ ആശയങ്ങളോ സമൂഹമോ സെക്റ്റുകളോ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അധികാര കേന്ദ്രീകരണങ്ങളെക്കുറിച്ച് ഫൂക്കോയെയും, ഗ്രാംഷിയെയും പോലെ ഉള്ളവര്‍ ഏറെ ഗഹനമായി മുന്നേതന്നെ പറഞ്ഞിരിക്കുന്നു. ഏറ്റവുമടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുവില്‍ , വിജയ് നാഗസ്വാമി തന്റെ പംക്തിയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു.

"Looking around, one can see that in most dyadic relationships (those involving two people), there is the tacit, often explicit, assumption, that one of the two has a casting vote. Whether between parent and child, man and woman, boss and subordinate, teacher and student, sibling and sibling, friend and friend or service provider and service recipient, most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. The most serene relationships are those in which the power structure is accepted unquestioningly by both partners in the dyad, and both can therefore be relatively true to their respective selves and each other within the framework of this acceptance."

നമ്മുടെ രാജ്യത്തെ മാത്രം ഉദാഹരണമായി എടുത്താല്‍, ചില സവിശേഷ ബന്ധങ്ങളില്‍ , ഒരാളുടെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യാനാവാത്ത വിധം സമൂഹം അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഗുരു എപ്പോഴും ശരിയാണ് (ഗുരു-ശിഷ്യ). അച്ചനമ്മമാര്‍ എപ്പോഴും ശരിയാണ് (മാതാപിതാക്കള്‍ - കുട്ടികള്). പ്രായത്തില്‍ മൂത്തയാള്‍ എപ്പോഴും ശരിയാണ് ( മുതിര്‍ന്നവര്‍ - ചെറുപ്പക്കാര്‍). നിലവിലെ സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും തമ്മില്‍, അധികാരം കൃത്യമായും നിര്‍വചിക്കപ്പെട്ട ദ്വന്ദസ്വഭാവമുള്ള ഒരു ബന്ധത്തെ ലാല്‍ജോസ് ഇത്തരത്തില്‍ മനസില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്ന് കരുതാവുന്നതാണ്. വിജയ് നാഗസ്വാമിയുടെ ഉദ്ധരിണിയിലെ ഈ ഭാഗം ശ്രദ്ധിക്കുക.